എയര്‍ കാനഡ സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നു


JANUARY 13, 2021, 7:55 PM IST

ഒന്റാരിയോ: കനേഡിയന്‍ വ്യോമയാന കമ്പനിയായ എയര്‍ കാനഡ കൂടുതല്‍ നഗരങ്ങളിലേക്കുള്ള ഫ്ളൈറ്റുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുന്നു. കോവിഡിനെ തുടര്‍ന്ന്  വിമാന യാത്രക്കാരുടെ കുറവ് അനുഭവപ്പെട്ടതോടെയാണ് പുതിയ തീരുമാനം. 

ജനുവരി 23 ആകുമ്പോഴേക്കും ന്യൂ ഫൗണ്ട്ലാന്‍ഡിലെ പ്രിന്‍സ് റുപേര്‍ട്, കംപ്ലൂസ്, ഫ്രഡറിക്ടന്‍, യെല്ലോനൈഫ്, ഗൂസ്ബേ എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകള്‍ എയര്‍ കാനഡ നിര്‍ത്തിവെക്കും.ആവശ്യത്തിന് വിമാന യാത്രക്കാര്‍ ഇല്ലാതിരിക്കുകയും കോവിഡ് വഷളാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ എയര്‍ കാനഡയുടെ തീരുമാനം അത്ഭുതപ്പെടുത്തുന്നില്ലെന്നു കനേഡിയന്‍ എയര്‍ പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡാനിയല്‍റോബര്‍ട്ട് ഗോച് പറഞ്ഞു.

ഇങ്ങനെ സംഭവിക്കുമെന്ന് സംഘടനയില്‍ ഉള്‍പ്പെട്ട വിമാനത്താവളങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നതായും അദ്ദേഹം അറിയിച്ചു.

കാനഡയിലെ വ്യോമയാന കമ്പനികള്‍ക്ക് സാമ്പത്തികമായ സഹായങ്ങളൊന്നും ലഭിക്കുന്നില്ല. വിമാനത്താവളങ്ങളും എയര്‍ ട്രാഫിക് കണ്‍ട്രോളും നഷ്ടങ്ങള്‍ സഹിക്കുകയാണ്. അടുത്ത ഏതാനും മാസങ്ങള്‍ ഇങ്ങനെത്തന്നെയാകുമെന്നുറപ്പാണെന്നും എന്നാല്‍ ദീര്‍ഘകാല സാദ്ധ്യതകളും ആശങ്കപ്പെടുത്തുന്നതായി ഗോച് പറഞ്ഞു.

സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് കാനഡയിലെ വ്യോമയാന കമ്പനികള്‍ ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ലേ ഓഫ് നല്‍കി. തൊണ്ണൂറു ശതമാനം സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ട ശേഷം ടോറോന്റോയിലെ പോര്‍ട്ടര്‍ എയര്‍ ലൈന്‍സ് സര്‍വീസുകള്‍ നടത്തിയിട്ടേയില്ല.

കാനഡയില്‍ 17000ത്തില്‍പ്പരം പേരുടെ ജീവന്‍ അപഹരിച്ച വൈറസിന്റെ വ്യാപനം തടയാന്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഫെഡറല്‍ ഗവണ്മെന്റ്. കാനഡക്കാരല്ലത്ത മിക്കവരെയും അതിര്‍ത്തികടക്കാന്‍ അനുവദിക്കുന്നില്ലെന്നതിനു പുറമെ 14 ദിവസത്തെ ക്വാറന്റയിനും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Other News