12 കാരിയുടെ ഹിജാബ് ഊരിമാറ്റിയെന്ന് ആരോപണം; എയര്‍കാനഡ വിവാദത്തില്‍


AUGUST 7, 2019, 4:43 PM IST

ടൊറന്റോ: സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പന്ത്രണ്ടുവയസ്സുകാരിയുടെ ഹിജാബ് എയര്‍ കാനഡ ജീവനക്കാരന്‍ നിര്‍ബന്ധപൂര്‍വ്വം അഴിച്ചുമാറ്റിയതായി പരാതി. യു.എസ് സ്‌ക്വാഷ് ടീമിലെ പന്ത്രണ്ടുകാരിയായ അംഗം ഫാത്തിമ അബ്ദുള്‍റഹ്മാന്റെ ഹിജാബാണ് എയര്‍കാനഡ ഫ്‌ലൈറ്റ് മാനേജര്‍ നിര്‍ബന്ധിച്ച് അഴിപ്പിച്ചത്. ടൊറന്റോയില്‍ കളിക്കാനെത്തിയതായിരുന്നു ഇവര്‍.

എല്ലാ സുരക്ഷാപരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷം ഗേയ്റ്റിലെത്തിയ തന്നെ വിമാനമാനേജര്‍ തടയുകയും ഹിജാബ് ഊരിപ്പിക്കുകയുമായിരുന്നു എന്നാണ് ഫാത്തിമ ആരോപിക്കുന്നത്. ഹിജാബ് ഊരിമാറ്റിയുള്ള സുരക്ഷാപരിശോധന തനിയെ ഒരു മുറിയില്‍ വേണമെന്ന  ആവശ്യം നിരാകരിക്കുകയും പൊതുസ്ഥലത്തുവച്ചുതന്നെ ഫാത്തിമയുടെ ഹിജാബ് ഊരിക്കുകയുമായിരുന്നു.

ഇത് സംബന്ധിച്ചുള്ള പരാതി ഫാത്തിമയുടെ സഹോദരി സബ്രീനാണ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് നിരവധി പേര്‍ എയര്‍ കാനഡയ്‌ക്കെതിരെ രംഗത്തെത്തി. എന്നാല്‍ സംഭവത്തില്‍ കമ്പനി ഇതുവരെ പ്രതികരണമറിയിച്ചിട്ടില്ല.

Other News