കഞ്ചാവ് പണി തുടങ്ങി, 10 ശതമാനം തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ ഉപയോഗിക്കുന്നു


OCTOBER 8, 2019, 3:06 PM IST

ടൊറന്റോ: രാജ്യത്തെ പത്ത് ശതമാനം തൊഴിലുടമകള്‍  ജീവനക്കാരെ ഓഫീസ് സമയങ്ങളില്‍ കഞ്ചാവ് വലിക്കാന്‍ അനുവദിക്കുന്നുണ്ടെന്ന് പഠനം. മാനവവിഭവശേഷി പരിശീലന സ്ഥാപനമായ എഡിപി കാനഡ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം കഞ്ചാവുപയോഗം നിയമാനുസൃതമാക്കിയ ശേഷം ഇത് സംബന്ധിച്ച് പുറത്തുവന്ന പ്രധാന വാര്‍ത്തയാണ് ഇത്. സര്‍വ്വേയില്‍ പങ്കെടുത്ത 47 ശതമാനം ആളുകള്‍ തൊഴില്‍ മധ്യേ തങ്ങള്‍ കഞ്ചാവ് വലിക്കുന്ന കാര്യം വെളിപെടുത്തി. അതേസമയം 63 ശതമാനം പേര്‍ ജോലിയ്ക്ക് മുന്‍പും 72 ശതമാനം പേര്‍ ജോലിയ്ക്ക് ശേഷവും കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്. മൊത്തം കനേഡിയന്‍ പൗരന്മാരുടെ അഞ്ചുശതമാനമാണ് തൊഴില്‍ മധ്യ കഞ്ചാവുപയോഗിക്കുന്നത്. മറ്റുരണ്ട് വിഭാഗത്തിലുള്ളവര്‍ യഥാക്രമം മൊത്തം പൗരന്മാരുടെ നാലും ആറും ശതമാനമാണ്. 

പത്ത് ശതമാനം തൊഴിലുടമകള്‍ തങ്ങളുടെ ജീവനക്കാരെ ജോലി സമയത്ത് കഞ്ചാവ് വലിക്കാന്‍ അനുവദിക്കുന്നുണ്ട്. അതിലും രസകരം  14 ശതമാനം തൊഴിലുടമകള്‍ തന്നെ ജോലിസമയത്ത് കഞ്ചാവ് വലിക്കുന്നുണ്ട് എന്ന വസ്തുതയാണ്. 

 ദേശവ്യാപകമായി കഞ്ചാവ് ഉപയോഗത്തെ നിയമാനുസൃതമാക്കിക്കൊണ്ടുള്ള ഉത്തരവിന് 2018 സെപ്തംബറിലാണ് കനേഡിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. സെനറ്റില്‍ 29ല്‍ 20 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് അന്ന് കാനബിസ് ആക്റ്റ് പാസാക്കിയത്. കഞ്ചാവ് വളര്‍ത്തുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതും നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നതായിരുന്നു നിയമം. നിയമാനുസൃതമായി കഞ്ചാവ് ഉപയോഗത്തിന് അനുമതി നല്‍കുന്ന ആദ്യ ജി7 രാജ്യമായി മാറി അന്ന് കാനഡ. ചികിത്സയ്ക്കായി കഞ്ചാവ് ഉപയോഗിക്കാന്‍ 2001 ല്‍ തന്നെ കാനഡ അനുവാദം നല്‍കിയിരുന്നു. ഉറുഗ്വേയാണ് കഞ്ചാവിന്റെ ഉപയോഗത്തിനും വില്‍പ്പനയ്ക്കും നിയമപരമായ അംഗീകാരം നല്‍കിയ ആദ്യത്തെ രാജ്യം. 2013ലാണ് ഇത് സംബന്ധിച്ച നിയമം ഉറുഗ്വേയില്‍ പ്രാബല്യത്തില്‍ വന്നത്. 

''ഇത്രയും നാള്‍ ജനങ്ങള്‍ക്ക് അനായാസം കഞ്ചാവ് ലഭിക്കുകയും കുറ്റവാളികള്‍ ലാഭം കൊയ്യുകയുമായിരുന്നു. ഇന്ന് നമ്മള്‍ അത് മാറ്റുകയാണ്. കഞ്ചാവിനെ നിയമാനുസൃതമാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന നിയമം അംഗീകാരം നേടിയിരിക്കുകയാണെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അന്ന് ട്വിറ്ററില്‍ കുറിച്ചു. 

ആദ്യഘട്ടത്തില്‍ ഭരണസംവിധാനങ്ങളാണ് കഞ്ചാവ് വിതരണം ചെയ്തിരുന്നതെങ്കിലും പിന്നീട് അംഗീകൃത നിര്‍മാതാക്കളില്‍ നിന്ന് കഞ്ചാവും അനുബന്ധ ഉത്പന്നങ്ങളും ലഭ്യമായി തുടങ്ങി. ഇതിന് പുറമെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയും കഞ്ചാവ് ലഭ്യമാക്കി. നിലവില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് 30 ഗ്രാം വരെ കഞ്ചാവ് കൈവശം സൂക്ഷിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.കഞ്ചാവിന്റെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിന് പരസ്യങ്ങള്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. 

അളവില്‍ കൂടുതല്‍ കഞ്ചാവ് കൈവശം വയ്ക്കുന്നതിനും നാലില്‍ അധികം ചെടികള്‍ വീട്ടില്‍ വളര്‍ത്തുന്നതും അംഗീകാരമില്ലാത്ത വില്‍പ്പനകാരില്‍ നിന്ന് വാങ്ങിക്കുന്നതിനും ഇപ്പോഴും വിലക്ക് നിലനില്‍ക്കുന്നുണ്ട്. ഇത് ചെയ്യുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കാനും നിര്‍ദേശമുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് കഞ്ചാവ് വില്‍ക്കുന്നത് 14 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 

എന്നാല്‍, പ്രധാനമന്ത്രിയുടെ  പരിഷ്‌കാരത്തെ അന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വം അപലപിച്ചിരുന്നു.ഈ നിയമം തന്നെ ഭയപ്പെടുത്തുന്നതാണെന്നും ഇത് കഞ്ചാവ് ഉപയോഗം വ്യാപകമാക്കുമെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പാര്‍ട്ടി നേതാവ് ആന്‍ഡ്രൂ ഷീര്‍ അന്ന് മുന്നറിയിപ്പ് നല്‍കി. 2015ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ജസ്റ്റില്‍ ട്രൂഡോ നല്‍കിയ വാഗ്ദാനമായിരുന്നു കഞ്ചാവിന്റെ നിയമസാധുത. ഇപ്പോള്‍, ട്രൂഡോ രണ്ടാമതൊരു തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ ,കഞ്ചാവ് ഒരു ശീലമായി വളര്‍ന്ന് പടര്‍ന്ന് പന്തലിച്ചിരിക്കുന്നു എന്നാണ് സര്‍വ്വേ തെളിയിക്കുന്നത്.