ടൊറന്റോ: ഇസ്ലാമോഫോബിയയ്ക്കെതിരെ പോരാടാന്‍ കാനഡയുടെ ആദ്യ പ്രത്യേക പ്രതിനിധി നിയമിക്കപ്പെട്ടു. മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ട് സമീപകാലത്ത് ആക്രമണങ്ങളും വിദ്വേഷ പ്രചരണങ്ങളും തുടര്‍ച്ചയായി നടക്കുന്നത് തടയാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സ്ഥാനം.
മാധ്യമ പ്രവര്‍ത്തകയും മനുഷ്യാവകാശ അഭിഭാഷകയുമായ അമീറ എല്‍ഗവാബിയാണ് ഇസ്‌ലാമോഫോബിയ വിരുദ്ധ പ്രത്യേക പ്രതിനിധിയെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് പ്രഖ്യാപിച്ചത്. 'ഇസ്ലാമോഫോബിയ, വ്യവസ്ഥാപരമായ വംശീയത, വംശീയ വിവേചനം, മതപരമായ അസഹിഷ്ണുത എന്നിവയ്ക്കെതിരായ പോരാട്ടത്തില്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഉപദേശകന്‍, വിദഗ്ധന്‍, പ്രതിനിധി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയാണ് അമീറ എല്‍ഗവാബിയുടെ ഉത്തരവാദത്വമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്തവനയില്‍ അറിയിച്ചു.
കനേഡിയന്‍ ഗവണ്‍മെന്റ് രാജ്യത്തുടനീളമുള്ള മുസ്‌ലിം സമുദായങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നുവെന്നും 'ഇസ്‌ലാമോഫോബിയ, വിദ്വേഷജനകമായ അക്രമം, വ്യവസ്ഥാപിതമായ വിവേചനം എന്നിവ എപ്പോള്‍ എവിടെയും സംഭവിക്കുമ്പോഴും അതിനെ അപലപിക്കാനും കൈകാര്യം ചെയ്യാനും നടപടിയെടുക്കാനുള്ള പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിക്കുന്നു' എന്നും ട്രൂഡോയുടെ ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പില്‍ പറയുന്നു.
'ഇസ്‌ലാമോഫോബിയ രാജ്യത്തുടനീളമുള്ള മുസ്‌ലിം സമുദായങ്ങള്‍ക്ക് അനുഭവപ്പെടുന്ന വസ്തുതയാണെന്നും അത് തിരുത്താന്‍ നിരന്തരമായ നടപടി ആവശ്യമാണെന്നും പ്രഖ്യാപനം കൂട്ടിച്ചേര്‍ത്തു.
ഗവണ്‍മെന്റ് രാജ്യത്തുടനീളമുള്ള മുസ്‌ലിം സമുദായങ്ങളുടെ ജീവിതാനുഭവങ്ങള്‍ ശ്രദ്ധിക്കുകയും ഇസ്ലാമോഫോബിയയ്ക്കെതിരായ പോരാട്ടത്തില്‍ നടപടിയെടുക്കുകയും ചെയ്യുന്നുവെന്ന് കനേഡിയന്‍ ഭവന, വൈവിധ്യ മന്ത്രി അഹമ്മദ് ഹുസൈന്‍ പറഞ്ഞു. എല്ലാവര്‍ക്കും സുരക്ഷിതവും കൂടുതല്‍ ഉള്‍ക്കൊള്ളുന്നതുമായ കാനഡ കെട്ടിപ്പടുക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ നിയമനമെന്നും അദ്ദേഹം വിശദമാക്കി.
കാനഡയിലെ മുസ്‌ലിം സമുദായ നേതാക്കള്‍ വര്‍ഷങ്ങളായി വംശീയത, വിദ്വേഷ പ്രേരിതമായ അക്രമം, തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ വ്യാപനം എന്നിവ കൈകാര്യം ചെയ്യാന്‍ എല്ലാ തലങ്ങളിലുമുള്ള അധികാരികളോടും ആവശ്യപ്പെടുന്നുണ്ട്. എല്‍ഗവാബിയുടെ നിയമനത്തെ 'കാനഡയിലെ മുസ്‌ലിംകള്‍ക്ക് ചരിത്ര നിമിഷം' എന്നാണ് നാഷണല്‍ കൗണ്‍സില്‍ ഓഫ് കനേഡിയന്‍ മുസ്ലിംസ് വിശേഷിപ്പിച്ചത്.
രാജ്യത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിദ്വേഷ ഗ്രൂപ്പുകളുടെ എണ്ണം സമീപ വര്‍ഷങ്ങളില്‍ മൂന്നിരട്ടിയായെന്നും മുസ്‌ലിം വിരുദ്ധ വാചാടോപങ്ങള്‍ വലതുപക്ഷ തീവ്രവാദികള്‍ക്കിടയില്‍ ഓണ്‍ലൈനില്‍ 'ഏറ്റവും പ്രധാനപ്പെട്ട' വിഷയമായി മാറിയെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
വര്‍ധിച്ചുവരുന്ന വിദ്വേഷത്തെ നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായി ട്രൂഡോ സര്‍ക്കാര്‍ ഇസ്ലാമോഫോബിയയെയും യഹൂദ വിരുദ്ധതയെയും കുറിച്ചുള്ള ദേശീയ ഉച്ചകോടികള്‍ സംഘടിപ്പിച്ചു.
കാനഡയിലുടനീളമുള്ള മുസ്ലിം സമുദായങ്ങള്‍ക്ക് നേരെയുള്ള മാരകമായ ആക്രമണങ്ങള്‍ക്കും ഉപദ്രവങ്ങള്‍ക്കും ശേഷമാണ് ഈ നീക്കം നടത്തിയത്.
2021 ജൂണില്‍ ഒന്റാറിയോ ലണ്ടനില്‍ ഒരാള്‍ തന്റെ ട്രക്ക് ഓടിച്ചു കയറ്റി മുസ്‌ലിം കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയിരുന്നു. 2017ല്‍ ക്യൂബെക്ക് സിറ്റിയിലെ ഒരു പള്ളിയില്‍ പ്രാര്‍ഥിക്കുന്നതിനിടെ ആറ് മുസ്‌ലിം പുരുഷന്മാരെ ഒരു തോക്കുധാരി കൊലപ്പെടുത്തിയിരുന്നു. 2020ല്‍ ടൊറന്റോ ഏരിയയില്‍ ഒരു പള്ളിയുടെ കാര്യസ്ഥനും കൊല്ലപ്പെട്ടിരുന്നു.
ആരാണ് അമീറ എല്‍ഗവാബി?
പത്രപ്രവര്‍ത്തകയും ഇക്വിറ്റി, ഇന്‍ക്ലൂഷന്‍ വിഷയങ്ങളില്‍ വിദഗ്ധയും മനുഷ്യാവകാശ അഭിഭാഷകയായ അമീറ എല്‍ഗവാബി നിലവില്‍ കനേഡിയന്‍ റേസ് റിലേഷന്‍സ് ഫൗണ്ടേഷനില്‍ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് കാമ്പെയ്നുകളുടെ ഡയറക്ടറാണ്.
പ്രത്യേക പ്രതിനിധി സ്ഥാനത്തിനുള്ള അപേക്ഷാ പ്രക്രിയ 2022 ജൂണിലാണ് ആരംഭിച്ചത്. പതിവ് മാധ്യമ കമന്റേറ്ററാണെന്ന് എല്‍ഗവാബിയെ വിശേഷിപ്പിച്ച ട്രൂഡോയുടെ ഓഫീസില്‍ നിന്നുള്ള വിവരങ്ങളില്‍ അവര്‍ നിരവധി പേര്‍ക്ക് പ്രധാന അവതരണങ്ങളും വര്‍ക്ക്‌ഷോപ്പുകളും നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കി.
നേരത്തെ, കാനഡയിലെ ലേബര്‍ മൂവ്മെന്റിലും നാഷണല്‍ കൗണ്‍സില്‍ ഓഫ് കനേഡിയന്‍ മുസ്ലിംസിലും അവര്‍ ആശയവിനിമയ ഭാഗങ്ങളാണ് കൈകാര്യം ചെയ്തത്. അവര്‍ കനേഡിയന്‍ മുസ്ലിംകളുടെ പൗരാവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.
കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനില്‍ തന്റെ പ്രൊഫഷണല്‍ യാത്ര ആരംഭിച്ച അമീറ എല്‍ഗവാബി അവിടെ 14 വര്‍ഷത്തിലേറെയായി റിപ്പോര്‍ട്ടറായും അസോസിയേറ്റ് പ്രൊഡ്യൂസറായും ജോലി ചെയ്തു.
കനേഡിയന്‍ ആന്റി-ഹേറ്റ് നെറ്റ്വര്‍ക്കിന്റെ മുന്‍ സ്ഥാപക ബോര്‍ഡ് അംഗവും സില്‍ക്ക് റോഡ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ ബോര്‍ഡ് അംഗവും ഉള്‍പ്പെടെ, വിദ്വേഷത്തെ ചെറുക്കുന്നതിനും ഉള്‍പ്പെടുത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സംരംഭങ്ങളെ പിന്തുണയ്ക്കുന്ന വിപുലമായ അനുഭവവും എല്‍ഗവാബിക്കുണ്ട്.
പബ്ലിക് പോളിസി ഫോറത്തിന്റെ കനേഡിയന്‍ കമ്മീഷന്‍ ഓണ്‍ ഡെമോക്രാറ്റിക് എക്സ്പ്രഷന്റെ കമ്മീഷണറായി രണ്ട് ടേമുകള്‍ പ്രവര്‍ത്തിച്ച അമീറ നിലവില്‍ ദേശീയ സുരക്ഷാ സുതാര്യത ഉപദേശക ഗ്രൂപ്പിലും പ്രവര്‍ത്തിക്കുന്നു. പൊതു സുരക്ഷാ ഡെപ്യൂട്ടി മന്ത്രിയെ ഉപദേശിക്കുന്ന സ്വതന്ത്ര കമ്മിറ്റിയാണിത്.