കാനഡയിലെങ്ങും കുടിയേറ്റവിരുദ്ധ ബോര്‍ഡുകള്‍, പ്രതിഷേധം ശക്തമായപ്പോള്‍ നീക്കം ചെയ്തു


AUGUST 27, 2019, 4:47 PM IST

ടൊറന്റോ: പീപ്പിള്‍ പാര്‍ട്ടി/ പോപ്പുലിസ്റ്റ് പാര്‍ട്ടി ഓഫ് കാനഡയുടെ മാക്‌സിം ബെര്‍നിയറെ പിന്തുണച്ച് കാനഡയിലെങ്ങും ഉയര്‍ത്തിയ പരസ്യബോര്‍ഡുകള്‍ പരസ്യമായ വംശീയതയുടെ പ്രദര്‍ശനമായി. തുടര്‍ന്ന് ഉയര്‍ന്ന കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് ബോര്‍ഡുകള്‍ സ്ഥാപിച്ച കമ്പനി തന്നെ അതെടുത്തുമാറ്റി. കുടിയേറ്റത്തെ എതിര്‍ക്കുന്ന ബെര്‍നിയറുടെ ആശയങ്ങള്‍ പ്രദര്‍ശിപ്പിച്ച പരസ്യബോര്‍ഡുകളാണ് വിവാദമുയര്‍ത്തിയത്.

ബെര്‍നിയറുടെ പാര്‍ട്ടിയല്ല, അണികളാണ്  ബോര്‍ഡുകള്‍ സ്ഥാപിച്ചതെങ്കിലും അതെടുത്ത് മാറ്റിയത് അദ്ദേഹത്തെ ചൊടിപ്പിച്ചു. ബോര്‍ഡില്‍ പറഞ്ഞകാര്യങ്ങള്‍ വിവാദമാക്കേണ്ടതില്ല എന്നാണ് ബെര്‍നിയറുടെ അഭിപ്രായം. കാനഡയിലെ മൂന്നില്‍ രണ്ടുപേരും കുടിയേറ്റത്തെ എതിര്‍ക്കുന്നവരാണെന്നും അതുകൊണ്ടു തന്നെ കുടിയേറ്റത്തെ അനുകൂലിക്കുന്നവര്‍ അഭിപ്രായസ്വാതന്ത്ര്യത്തെ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ബോര്‍ഡുകള്‍ സ്ഥാപിച്ച പാറ്റിസണ്‍ ഔട്ട്‌ഡോര്‍ എന്ന കമ്പനി ആദ്യം അവ എടുത്തുമാറ്റാന്‍ വിസമ്മതിച്ചെങ്കിലും പിന്നീട് ജനരോഷത്തിന് മുന്നില്‍ മനസ്സുമാറ്റുകയായിരുന്നു.

 ഒക്ടോബറിലെ ഫെഡറല്‍ ഇലക്ഷനില്‍ മത്സരിക്കുന്ന ബെര്‍നിയറുടെ പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ കുടിയേറ്റം വിദഗ്ദ്ധതൊഴിലാളികളിലേക്ക് മാത്രമായി ചുരുക്കുക,ബഹുസ്വരതയ്‌ക്കെതിരെ പ്രവര്‍ത്തിക്കുക, രാജ്യത്തെത്തുന്നവരെ ഇവിടുത്തെ സംസ്‌ക്കാരവുമായി താദാത്മ്യം പ്രാപിക്കാന്‍ നിര്‍ബന്ധിക്കുക തുടങ്ങിയവയാണ്.ക്യുബെക്കില്‍ നിന്നുള്ള പാര്‍ലമെന്റ് മെമ്പറായ ബെര്‍നിയര്‍ നേരത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലാണ് പ്രവര്‍ത്തിച്ചരുന്നത്. എന്നാല്‍ കുടിയേറ്റമുള്‍പ്പടെയുള്ള കാര്യങ്ങളില്‍ പാര്‍ട്ടി പിന്തുടരുന്ന ഭീരുത്വം ചൂണ്ടിക്കാട്ടി രാജിവയ്ക്കുകയും തുടര്‍ന്ന് പോപ്പുലിസ്റ്റ് പാര്‍ട്ടി സ്ഥാപിക്കുകയുമായിരുന്നു.  തീവ്രവലതുപക്ഷ നയങ്ങളാണ് പാര്‍ട്ടി പിന്തുടരുന്നത്.

കാനഡയില്‍ കുടിയേറ്റത്തെക്കുറിച്ച് സംസാരിക്കുക എന്നത് നിഷിദ്ധമായിട്ടുണ്ടെന്നും സത്യം പറയുന്നവരെ കുറ്റവാളികളെപ്പോലെയാണ് കണക്കാക്കുന്നതെന്നും ബെര്‍നിയര്‍ ആരോപിച്ചിരുന്നു. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ സമതുലനാവസ്ഥയെ ബാധിക്കുന്ന കുടിയേറ്റത്തെ എതിര്‍ക്കാന്‍ പലരും ഭയക്കുകയാണ്. ഈ  പ്രവണതമാറണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Other News