കാനഡയില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന് അംഗീകാരം ഉടന്‍


MARCH 5, 2021, 6:59 AM IST

ഒന്റാരിയോ: ഏതാനും ദിവസങ്ങള്‍ക്കകം ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്‍ അംഗീകരിക്കുമെന്ന് കനേഡിയന്‍ പൊതുജനാരോഗ്യ അധികൃതര്‍. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട നല്ല വാര്‍ത്ത ഉടന്‍ കേള്‍ക്കാനാകുമെന്നാണ് ഹെല്‍ത്ത് കാനഡയിലെ ബ്യൂറോ ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ ഡോ. മാര്‍ക്ക് ബെര്‍ത്തി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. 

ഏതാനും ദിവസങ്ങള്‍ക്കകം വാക്‌സിന്‍ ലഭ്യമാകുമെന്ന് അറിയിച്ച അദ്ദേഹം സാധ്യമായ തരത്തിലുള്ള ഡെലിവറി പട്ടിക തയ്യാറാക്കുകയാണെന്നും അറിയിച്ചു. 

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്‍ അവലോകനം മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്ന് ആഴ്ചയുടെ തുടക്കത്തിലാണ് ഹെല്‍ത്ത് കാനഡ മുഖ്യ മെഡിക്കല്‍ ഉപദേഷ്ടാവ് ഡോ. സുപ്രിയ ശര്‍മ പറഞ്ഞത്. ആപ്ലിക്കേഷന്‍ അവലോകനത്തിന് ഭാഗമായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണില്‍ നിന്നുള്ള നിര്‍മാണ ഡാറ്റയുടെ അവസാന ഭാഗത്തിന് കാത്തിരിക്കുകയായിരുന്നുവെന്നും അതുകൂടി ലഭ്യമായെന്നും ഡോ. സുപ്രിയ ശര്‍മ അറിയിച്ചിരുന്നു. 

ഇതുവരെ പുറത്തുവന്ന മറ്റു വാക്‌സിനുകളില്‍ നിന്നും ജോണ്‍സണ്‍ ആന്റ് ജോണ്‍സണ് ചില പ്രത്യേകതകളുണ്ടെന്നതാണ് ഈ വാക്‌സിനായി കാത്തിരിക്കുന്നതിന്റെ പ്രധാന കാരണം. മറ്റു വാക്‌സിനുകള്‍ രണ്ടു ഡോസാണ് നല്‌കേണ്ടതെങ്കില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റേത് ഒരു ഡോസ് നല്കിയാല്‍ മതിയാകും. ക്ലിനിക്കല്‍ ട്രയല്‍ ഡാറ്റ പ്രകാരം വാക്‌സിന്‍ ഫലപ്രാപ്തി 66 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ട കഠിന രോഗങ്ങളേയും ആശുപത്രി വാസങ്ങളേയും ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉപയോഗിക്കുന്നതിലൂടെ തടയാനാവുമെന്ന കാരണം കൂടി കണക്കാക്കുമ്പോള്‍ ഫലപ്രാപ്തി 88 ശതമാനത്തിലെത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. 

കാനഡയില്‍ നിലവില്‍ 38 ദശലക്ഷം ഡോസ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിനാണ് കരാറുള്ളത്. സെപ്തംബറോടെ 10 ദശലക്ഷം പേര്‍ക്ക് വിതരണം ചെയ്യാനാവുമെന്നാണ് പ്രതീക്ഷ. എങ്കിലും നിര്‍ദ്ദിഷ്ട സമയ പരിധി ഇതുവരെ വ്യക്തമായിട്ടില്ല. 

വാക്‌സിന് അംഗീകാരം നല്കുന്നതോടെ സമയപരിധി വേഗത്തിലാക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഡെപ്യൂട്ടി ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫിസര്‍ ഡോ. ഹോവാര്‍ഡ് എന്‍ജു പറഞ്ഞു. 

Other News