ഇന്‍സുലിന്‍ വിലവര്‍ദ്ധനയിലേയ്ക്ക് ശ്രദ്ധ തിരിക്കാന്‍ സാന്‍ഡേഴ്‌സ് കാനഡയിലേയ്ക്ക് യാത്ര നടത്തി


JULY 29, 2019, 7:59 PM IST

വിന്‍ഡ്‌സര്‍: ഇന്‍സുലിന്റെ വില വര്‍്ദ്ധിക്കുന്നതു കാരണമുള്ള ദുരവസ്ഥയിലേയ്ക്ക് ശ്രദ്ധതിരിക്കാന്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബെര്‍നീ സാന്‍ഡേഴ്‌സ് കാനഡയിലേയ്ക്ക് യാത്ര നടത്തി. ഒരു ഡസനോളം ടൈപ്പ് വണ്‍ പ്രമേഹ രോഗികളും അദ്ദേഹത്തെ അനുഗമിച്ചു. കാനഡയില്‍ നിന്നും ഇവര്‍ കുറഞ്ഞവിലയ്ക്ക് ഇന്‍സുലിന്‍ വാങ്ങി.ഇന്‍സുലിന്റെ കൂടിയ വില കാരണം നാലിലൊന്ന് രോഗികള്‍ അതിന്റെ ഉപയോഗത്തില്‍ കുറവ് വരുത്തിയിരിക്കയാണെന്ന് ബെര്‍നീ സാന്‍ഡേഴ്‌സ് പറഞ്ഞു. 

ഇന്‍ഷൂറന്‍സ് നഷ്ടപ്പെട്ടവരോ അല്ലെങ്കില്‍ അത്രയും തുക പ്രീമിയം നല്‍കാന്‍ കഴിയാത്തവരോ ആണ് ഇത്തരത്തില്‍ അപകടകരമായ സാഹചര്യത്തിലെത്തി നില്‍ക്കുന്നത്. അത്യാഗ്രഹികളായ മരുന്ന് കമ്പനികളും മറ്റ് സെനറ്റര്‍മാരും പ്രശ്‌നത്തെ വിലകുറച്ച് കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

കാനഡയിലേയ്ക്ക് യാത്ര നടത്തുന്നതോടെ ഏവര്‍ക്കും ചികിത്സ എന്ന തന്റെ മുദ്രാവാക്യം ഉയര്‍ത്തുക കൂടിയാണ് സാന്‍ഡേഴ്‌സ് ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. കാനഡയുടെ സമാന രീതിയാണ് സാന്‍ഡേഴ്‌സ് മുന്നോട്ടുവയ്ക്കുന്ന മെഡികെയര്‍ ഓള്‍ പദ്ധതി വിഭാവന ചെയ്യുന്നത്. ഇവിടെ ആരോഗ്യമേഖല സര്‍ക്കാര്‍ കീഴിലാണ്.സര്‍ക്കാര്‍ ആനുകൂല്യം ലഭ്യമല്ലാത്ത മരുന്നുകള്‍ വാങ്ങുന്നതിന് സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികളേയും കനേഡിയന്‍ പൗരന്മാര്‍ ആശ്രയിക്കുന്നു.

Other News