ബൈഡന്‍- ട്രൂഡോ കൂടിക്കാഴ്ച ചൊവ്വാഴ്ച


FEBRUARY 21, 2021, 7:41 PM IST

ടോറന്റോ: യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ ചൊവ്വാഴ്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. അയല്‍ രാജ്യങ്ങള്‍ തമ്മില്‍ ശക്തവും ആഴത്തിലുള്ളതുമായ ബന്ധങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വെര്‍ച്വലായി നടക്കുന്ന കൂടിക്കാഴ്ചയില്‍ കാനഡയുടെ പിന്തുണയുള്ള കീസ്റ്റോണ്‍ എക്‌സ് എല്‍ പൈപ് ലൈന്‍ തടയാനുള്ള ബൈഡന്റെ തീരുമാനത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം വഷളായ സമയത്ത് സഹകരണം ഉയര്‍ത്താനും കൂടിക്കാഴ്ച ലക്ഷ്യമിടുന്നുണ്ട്. ആഗോള പ്രശ്‌നങ്ങളും ഉഭയകക്ഷി ബന്ധങ്ങളും ഉള്‍പ്പെടെ ബൈഡനും ട്രൂഡോയും കനേഡിയന്‍ മന്ത്രിമാരും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു. 

കോവിഡ് പ്രതികരണം, കാലാവസ്ഥാ വ്യതിയാനം, ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍, ഇരുരാജ്യങ്ങള്‍ക്കും താത്പര്യമുള്ള വിഷയങ്ങള്‍ തുടങ്ങിയവ കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്യും. അയല്‍ രാജ്യങ്ങള്‍, സുഹൃത്തുക്കള്‍, നാറ്റോ സഖ്യകക്ഷികള്‍ തുടങ്ങിയ നിലകളില്‍ അമേരിക്കയും കാനഡയും തമ്മിലുള്ള ശക്തവും ആഴത്തിലുള്ളതുമായ പങ്കാളിത്തമാണ് പ്രസിഡന്റ് ഉയര്‍ത്തിക്കാട്ടുകയെന്ന് പ്രസ്താവനയില്‍ പറയുന്നു. 

ഏത് രാജ്യങ്ങളും തമ്മിലുള്ള ഏറ്റവും ശക്തമായതും ആഴമേറിയതുമായ സുഹൃദ്ബന്ധം എന്നാണ് യു എസ്- കാനഡ ബന്ധത്തെ ട്രൂഡോ വിശേഷിപ്പിച്ചത്. പൊതുവായ മൂല്യങ്ങള്‍, ഇരുരാജ്യങ്ങളിലേയും ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍, കോവിഡ് അവസാനിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളിലേയും ജനങ്ങളെ പിന്തുണക്കുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ട്രൂഡോ പ്രസ്താവനയില്‍ പറഞ്ഞു. 

അമേരിക്കയും കാനഡയും തമ്മിലുളള ശക്തമായ സൗഹൃദം പുതുക്കാനും തങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാനും ആഗ്രഹിക്കുന്നതായും ബൈഡന്‍ പിന്നീട് ട്വീറ്റ് ചെയ്തു. 

Other News