കാനഡയില്‍ തൊഴില്‍ നഷ്ടം,പലിശ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യം


DECEMBER 7, 2019, 4:36 PM IST

ടൊറന്റോ: പലിശ നിരക്ക് കുറയ്‌ക്കേണ്ടതില്ലെന്ന ബാങ്ക് ഓഫ് കാനഡയുടെ തീരുമാനം തെറ്റാണെന്ന നിഗമനത്തിന് പ്രേരിപ്പിച്ച് തുടര്‍ച്ചയായ രണ്ടാംമാസവും രാജ്യത്ത് തൊഴില്‍ നഷ്ടം. കഴിഞ്ഞമാസം 2009 നു ശേഷം ഒരുമാസത്തിലുണ്ടായ ഏറ്റവും കനത്ത തൊഴില്‍ക്കുറവാണ് അനുഭവപ്പെട്ടത്. നവംബര്‍ മാസത്തില്‍ മാത്രം 71,200 തൊഴില്‍ നഷ്ടങ്ങളുണ്ടായെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. തൊട്ടുമുന്‍പത്തെ മാസത്തേക്കാള്‍ 1800 തൊഴിലുകള്‍ അധികം നഷ്ടമായി. തൊഴിലില്ലായ്മ നവംബര്‍ മാസത്തില്‍ 5.9 ശതമാനമായി വര്‍ധിച്ചു.ഒക്ടോബറില്‍ ഇത് 5.5 ശതമാനമായിരുന്നു. തൊഴില്‍ വിപണി ചുരുങ്ങിയതിന്റെ ഫലമായി കനേഡിയന്‍ ഡോളറും തിരിച്ചടി നേരിട്ടു. അതേസമയം 2,85,100 ജോലികളാണ് കഴിഞ്ഞമാസങ്ങളില്‍ പുതിയതായി സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. തൊഴില്‍ നഷ്ടം രൂക്ഷമായതിനെ തുടര്‍ന്ന് പലിശനിരക്ക് കുറയ്ക്കണമെന്ന് എക്കണോമിസ്റ്റുകള്‍ ആവശ്യപ്പെടുന്നുണ്്. സ്‌കോഷ്യബാങ്കിലെ ചീഫ് എക്കണമിസ്റ്റ് ബ്രെറ്റ് ഹൗസ് ഇക്കാര്യം സൂചിപ്പിച്ച നോട്ടുതയ്യാറാക്കി സര്‍ക്കാറിനയച്ചു.

അതേസമയം സെപ്റ്റംബര്‍ മാസത്തില്‍ രാജ്യത്ത് 54,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ നേരത്തെ കണക്കിറക്കിയിരുന്നു. ആ മാസത്തില്‍ തൊഴിലില്ലായ്മ നിരക്ക് 5.5 ശതമാനത്തിലേയ്ക്ക് താഴുകയും ചെയ്തു. മാത്രമല്ല, സൃഷ്ടിക്കപ്പെട്ട തൊഴിലുകള്‍ മുഖ്യമായും മുഴുവന്‍ സമയ ജോലികളായിരുന്നു.അവിടെനിന്നാണ് ഈ പതനം സംഭവിച്ചിട്ടുള്ളത്. 

വാര്‍ഷിക കണക്കെടുക്കുമ്പോള്‍ 456,000 ജോലികളാണ് പുതിയതായി സൃഷ്ടിക്കപ്പെട്ടത്. 2.4 ശതമാനമാണ് വളര്‍ച്ച.ഒന്റാരിയോയിലും നൊവാ സ്‌ക്കോഷ്യയിലുമാണ് തൊഴിലുകളുടെ എണ്ണം വര്‍ധിച്ചത്. മറ്റുപ്രവിശ്യകളിലെല്ലാം തൊഴില്‍ നിരക്ക് മാറ്റമില്ലാതെ തുടര്‍ന്നു.

പുതിയ ജോലികളില്‍ 30,000 എണ്ണം ആരോഗ്യപരിപാലനമേഖലയിലും സാമൂഹ്യസേവന രംഗത്തുമാണ്. ഹോസ്പിറ്റാലിറ്റി രംഗത്ത് 23,000 പുതിയ തൊഴിലുകളുണ്ടായി.പൊതുമേഖലയും സ്വയം തൊഴില്‍ പദ്ധതികളുമാണ് രാജ്യത്ത് തൊഴിലുകള്‍ കൂടുതല്‍ സൃഷ്ടിച്ചിരിക്കുന്നത് എന്ന പ്രത്യേകയുമുണ്ട്.

 സ്വകാര്യമേഖലയുടെ പങ്ക് താരതമ്യേന കുറവാണ്.

Other News