പക്ഷികളുടെ വംശനാശ ഭീഷണിയ്ക്ക് കാരണം പൂച്ചകള്‍!


SEPTEMBER 23, 2019, 4:57 PM IST

ഓട്ടവ: നോര്‍ത്ത് അമേരിക്കയിലെ പക്ഷികളുടെ വംശനാശ ഭീഷണിയെക്കുറിച്ച് പഠിച്ച  പീറ്റ മാരയും സംഘവും കണ്ടെത്തിയ കാര്യങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. സെപ്തംബര്‍ 19 ന് സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നത് യു.എസ്, കാനഡ തീരങ്ങളിലെ നാലില്‍ ഒന്ന് പക്ഷിക്കൂട്ടങ്ങളും ഇപ്പോള്‍ അവശേഷിക്കുന്നില്ല എന്നാണ്. നോര്‍ത്ത് അമേരിക്കയില്‍ അഞ്ച് ദശാബ്ദങ്ങളിലായി ജീവിച്ച 529 പക്ഷിക്കൂട്ടങ്ങളെ നിരീക്ഷണവിധേയമാക്കിയതിനുശേഷമാണ് പീറ്റമാരയും സംഘവും ഈ നിഗമനത്തിലെത്തിയത്.

അമേരിക്കയിലേയും കാനഡയിലേയും പുല്‍പ്രദേശങ്ങളില്‍ സുലഭമായി കാണാന്‍ കഴിഞ്ഞിരുന്ന കുരുവികള്‍,ഷോര്‍ബേര്‍ഡ്‌സ്,വെസ്‌റ്റേണ്‍മെഡോലാര്‍ക്ക്‌സ് എന്നിവ ഏറെക്കുറെ നാമാവശേഷമായിരിക്കുന്നു. ഇവയുള്‍പ്പടെ രണ്ടുരാജ്യങ്ങളിലുമായി മൊത്തം പക്ഷികളുടെ എണ്ണം ഏതാണ്ട് 3 ബില്ല്യണായി കുറഞ്ഞുവെന്നും പക്ഷികള്‍ക്കുപുറമെ നിരവധി ചെറുപ്രാണികളും ഉഭയജീവികളും നോര്‍ത്ത് അമേരിക്കയില്‍ നിന്നും അപ്രത്യക്ഷമായിട്ടുണ്ടെന്നും പഠനം കണ്ടെത്തി.

പരിസ്ഥിതി എത്രമാത്രം താറുമാറായിരിക്കുന്നു എന്നതിന് തെളിവാണിതെന്ന് പീറ്റ മാര പറയുന്നു.

അതേസമയം പക്ഷികളുടെ വംശനാശഭീഷണിയ്ക്ക് കാരണമാകുന്നത് പൂച്ചകളാണ് എന്ന രസകരമായ കണ്ടെത്തലും സംഘം നടത്തിയിട്ടുണ്ട്. കുന്നുകളും പര്‍വ്വതങ്ങളും ഇടിച്ചുനിരത്തിയും വനനശീകരണം നടത്തിയും മനുഷ്യര്‍ പക്ഷികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ നശിപ്പിച്ചതിനോടൊപ്പം യജമാനന്‍മാര്‍ വളര്‍ത്തുപൂച്ചകളെ തുറന്നുവിടുന്നതും വംശനാശത്തിന് കാരണമായി. യു.എസില്‍ മാത്രം പൂച്ചകള്‍ വര്‍ഷം തോറും ഒരുബില്ല്യണ്‍ പക്ഷികളെ കൊന്നുതിന്നുന്നു. അതുകൊണ്ടുതന്നെ വളര്‍ത്തുപൂച്ചകളെയെങ്കിലും വീട്ടില്‍ തളച്ചിടണമെന്നാണ് ഇവര്‍ നല്‍കുന്ന നിര്‍ദ്ദേശം.

പൂച്ചകള്‍ക്കൊപ്പം വ്യാപകമായ രാസവളപ്രയോഗം വംശനാശ ഭീഷണിയ്ക്ക് വേഗം കൂട്ടി. അതേസമയം കാലാവസ്ഥാ വ്യതിയാനം,  പക്ഷികളുടെ നാശത്തില്‍  നിസ്സാരപങ്കുമാത്രമേ വഹിക്കുന്നുള്ളൂ എന്നും ഇവര്‍ പറയുന്നു.

Other News