ശവശരീരങ്ങളെ അഴുകാന്‍ വിടുന്ന മൃതദേഹഫാം കാനഡയിലൊരുങ്ങുന്നു!


DECEMBER 9, 2019, 4:07 PM IST

ക്യുബെക്ക്: അഴുകിയതും നായകളും പ്രാണികളും ഭക്ഷിച്ചതുമായ  നിലയില്‍,  വര്‍ഷങ്ങള്‍ പഴക്കമുള്ളതും അല്ലാത്തതുമായ മൃതദേഹങ്ങള്‍ ഇവിടെ അടുക്കിവച്ചിരിക്കും.ചിലത് പാതി കുഴിച്ചിട്ടനിലയിലും അല്ലാത്തവ വെറും നിലത്ത് കിടത്തിയമട്ടിലും. എന്നാല്‍  ഇവ പരത്തുന്ന ദുര്‍ഗന്ധവും മറ്റ് സാഹചര്യങ്ങളും രാജ്യത്തെ ഫോറന്‍സിക് വിദഗ്ദ്ധരെ പിന്തിരിപ്പിക്കില്ല.വ്യത്യസ്ത അവസ്ഥകളില്‍ മൃതദേഹങ്ങള്‍ എങ്ങിനെ ദ്രവിക്കപ്പെടുന്നു എന്ന പരിശോധനയില്‍ വ്യാപൃതരായിരിക്കും അവര്‍. അടുത്തവര്‍ഷം ഏപ്രിലോടുകൂടി  ട്രോയീസ് റിവറീസിന് സമീപമുള്ള ബെക്കാന്‍കോറില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്ന രാജ്യത്തെ ആദ്യ മൃതദേഹഫാമിലെ കാഴ്ചകള്‍ ഇത്തരത്തിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിര്‍ദ്ദിഷ്ടസ്ഥലത്ത് ഇപ്പോള്‍ തന്നെ ശവശരീരങ്ങള്‍ എത്തിച്ചിട്ടുണ്ട്. ഷരി ഫോര്‍ബ്‌സ് എന്ന ഫോറന്‍സിക് വിദഗ്ദ്ധയുടെ നേതൃത്വത്തിലുള്ള സംഘം ഇവയുടെ പരിശോധനകള്‍ തുടങ്ങിക്കഴിഞ്ഞു.വ്യത്യസ്ത സാഹചര്യങ്ങളില്‍ മൃതദേഹങ്ങള്‍ എങ്ങിനെ ദ്രവീകരിക്കപ്പെടുന്നുവെന്നാണ് തങ്ങള്‍ പരിശോധിക്കുന്നതെന്നും മാസങ്ങള്‍ക്കും വര്‍ഷങ്ങള്‍ക്കും ശേഷം മരണസമയം കൃത്യമായി കണ്ടെത്താന്‍ പഠനം  അന്വേഷണ സംഘത്തെ സഹായിക്കുമെന്നും ഷരി ഫോര്‍ബ്‌സ് മാധ്യമങ്ങളോട് പറഞ്ഞു. പഠനത്തിന്റെ ഓരോ ഘട്ടത്തിലും പോലീസിനേയും ഉള്‍ക്കൊള്ളിക്കാന്‍ സംഘംപ്രത്യേകം ശ്രമിക്കുന്നുണ്ട്. ഇരകളെ തിരിച്ചറിയാനും മരിച്ച സമയം കണ്ടെത്താനുമുള്ള മാര്‍ഗങ്ങള്‍ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യം.

വിവിധ ഊഷ്മാവുകളില്‍ മൃതദേഹങ്ങള്‍  അഴുകുന്നതെങ്ങിനെയെന്നും ഏതെല്ലാം ഘട്ടങ്ങളിലാണ് നായകളും  പ്രാണികളും ഇവയെ ഭക്ഷിക്കാനെത്തുന്നതെന്നും സംഘം പഠനത്തിന് വിധേയമാക്കും. ഡിഎന്‍എ,പല്ലുകള്‍, വിരലടയാളം എന്നിവ അവശേഷിക്കുന്ന കാലവും അടയാളപ്പെടുത്തും. തുടര്‍ന്ന് വിവരങ്ങള്‍ പോലീസിന് കൈമാറും.

നിലവില്‍ യു.എസ്,നെതര്‍ലന്റ്‌സ് എന്നീ രാജ്യങ്ങളില്‍ മൃതദേഹഫാമുകള്‍ സ്ഥിതിചെയ്യുന്നുണ്ടെങ്കിലും ക്യുബെക്കിലെ താഴ്ന്ന ഊഷ്മാവിലുള്ളത് വ്യത്യസ്തമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.സീറോ ഡിഗ്രി സെല്‍ഷ്യസില്‍ മൃതദേഹങ്ങള്‍ അഴുകാതെ കിടക്കുന്നതും പിന്നീടതിന്റെ ദ്രവീകരണവും പഠിക്കാനൊരുങ്ങുന്ന ഫോറന്‍സിക് സംഘത്തെ അതിശയിപ്പിച്ചുകൊണ്ട് ഇവിടേയ്ക്ക് മൃതദേഹങ്ങള്‍ സംഭാവന ചെയ്യുന്നവരുടെ എണ്ണവും ദൈനംദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്നു!

Other News