ബ്രിട്ടീഷ് കൊളംബിയ: കോവിഡ് കേസുകള്‍ ഗുരുതരമാകുന്നത് ബ്രിട്ടീഷ് കൊളംബിയയിലെ ആശുപത്രികളെ ബാധിച്ചേക്കുമെന്ന് വിദഗ്ധരുടെ ആശങ്ക. കോവിഡിന്റെ ആദ്യ തരംഗത്തില്‍ പ്രായമേറിയവര്‍ക്കാണ് ഗുരുതരമായ രോഗബാധ ഉണ്ടായതെങ്കില്‍ ഇപ്പോഴത് 20 മുതല്‍ 50 വയസ്സുവരെ പ്രായമുള്ളവര്‍ക്കാണ് ഗുരുതരാവസ്ഥയില്‍ പ്രത്യക്ഷപ്പെടുന്നത്.
കോവിഡ് വകഭേദങ്ങളാണ് കൂടുതല്‍ പകരുന്നതെന്ന് തങ്ങള്‍ക്കറിയാമെന്നും അത് കൂടുതല്‍ പകരുമെന്നാണ് കരുതുന്നതെന്നും ബ്രിട്ടീഷ് കൊളംബിയയിലെ ന്യൂ വെസ്റ്റ്മിനിസ്റ്ററിലെ റോയല്‍ കൊളംബിയന്‍ ഹോസ്പിറ്റല്‍ മെഡിസിന് ഹെഡ് ഡോ. ജെറാള്‍ഡ് ഡാ റോസ പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായും ഡോ. റോസ പറയുന്നു.
കൊറോണ വൈറസിനേക്കാള്‍ അപകടകാരികളാണ് വകഭേദം വന്നവയെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇരട്ടി വേഗത്തില്‍ പരക്കുമെന്നാണ് പ്രാഥമിക വിവരങ്ങള്‍ നല്കുന്ന സൂചന. കൂടുതല്‍ ചെറുപ്പക്കാരെ പുതിയ കോവിഡ് വകഭേദങ്ങള്‍ ബാധിക്കുമെന്നും ആശങ്കപ്പെടുന്നുണ്ട്.
ബ്രിട്ടീഷ് കൊളംബിയയിലെ രോഗബാധ ശ്രദ്ധയില്‍പ്പെട്ടതോടെ ഫെഡറേഷന് ഓഫ് അമേരിക്കന്‍ സയന്റിസ്റ്റിലെ സീനിയര്‍ ഫെലോ ഫീഗല്‍ ഡിംഗ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
മാര്‍ച്ച് 22ന് 84 പേര്‍ക്ക് രോഗം ബാധിച്ചതില്‍ നിന്നും ഏപ്രില്‍ ഒന്നാകുമ്പോഴേക്കും കേസുകളുടെ എണ്ണം 379 ആയി വര്‍ധിച്ചു. ബ്രിട്ടീഷ് കൊളംബിയക്കാരില് വര്‍ധിച്ചുവരുന്ന കോവിഡ് രോഗബാധ പരിഹരിക്കാന്‍ പ്രതിരോധ കുത്തിവെയ്പ് നല്‍കാനുള്ള ശ്രമത്തിലാണെന്നും ഡോ. റോസ പറഞ്ഞു.
ബ്രിട്ടീഷ് കൊളംബിയയില്‍ നിലവില്‍ 1950ലോ അതിനുമുമ്പോ ജനിച്ചവര്‍ക്കാണ് കോവിഡ് വാക്സിന് നല്‍കുന്നതിന് മുന്‍ഗണന പ്രഖ്യാപിച്ചിരിക്കുന്നത്.