റഷ്യന്‍ അധിനിവേശത്തിനെതിരെ യുക്രെയ്‌ന് സഹായവുമായി കാനഡ


JANUARY 27, 2023, 8:45 PM IST

ഒട്ടാവ: റഷ്യന്‍ അധിനിവേശത്തിനെതിരെ യുക്രെയ്‌നെ സഹായിക്കാന്‍ കാനഡ ആയുധങ്ങള്‍ അയക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നാല് ലെപ്പാര്‍ഡ് 2 ഹെവി യുദ്ധടാങ്കുകള്‍, വെടിമരുന്ന്, സ്‌പെയര്‍ പാര്‍ട്‌സ്, പരിശീലകര്‍ എന്നിവയാണ് യുക്രെയ്‌നിയന്‍ സേനയ്ക്ക് കാനഡ സഹായമായി നല്‍കുന്നത്. ജര്‍മന്‍ രൂപകല്പന ചെയ്ത ടാങ്കുകള്‍ വിതരണം ചെയ്യാന്‍ അന്താരാഷ്ട്ര സഖ്യകക്ഷികളെ അനുവദിക്കാമെന്ന് ജര്‍മ്മനി സമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് കാനഡയുടെ തീരുമാനം. 

വരും മാസങ്ങളില്‍ കാനഡയുടെ സഹായം വര്‍ധിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രി അനിത ആനന്ദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രതീകാത്മക സഹായം എന്നതിനപ്പുറമാണ് കാനഡയുടെ 82 യുദ്ധ ടാങ്കുകളില്‍ നാലെണ്ണം നല്‍കുന്നത്. അതില്‍ പരിശീലകരും വെടിക്കോപ്പുകളും വിന്യാസവും ഉള്‍പ്പെടുന്നുണ്ട്. റഷ്യയെ പരാജയപ്പെടുത്താന്‍ യുക്രെയ്‌നെ സഹായിക്കുന്നതിനുള്ള അന്താരാഷ്ട്ര മുന്നേറ്റത്തിന്റെ ഭാഗമായാണ് സ്‌പെയര്‍ പാര്‍ട്‌സുകള്‍ കൈമാറുന്നത്.

അയയ്ക്കുന്ന നാല് ടാങ്കുകളേക്കാള്‍ പരിശീലനത്തിലൂടെ കൂടുതല്‍ സ്വാധീനം യുക്രെയ്ന്‍ സേനയില്‍ ചെലുത്താനാകുമെന്ന് കനേഡിയന്‍ ഗ്ലോബല്‍ അഫയേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റും ഡിഫന്‍സ് അനലിസ്റ്റുമായ ഡേവിഡ് പെറി പറഞ്ഞു. 

കാനഡ പരിശീലനത്തിനായി ഉപയോഗിച്ചിരുന്നതും എന്നാല്‍ മറ്റ് രാജ്യങ്ങള്‍ ഓപ്പറേഷനുകള്‍ക്കായി ഉപയോഗിച്ചതുമായ പഴയ മോഡല്‍ ടാങ്ക് അയക്കാനുള്ള തീരുമാനത്തിനായി ആഴ്ചകളായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രതിരോധ സ്റ്റാഫ് മേധാവി ജനറല്‍ വെയ്ന്‍ ഐര്‍ പറഞ്ഞു. ലെപാര്‍ഡ് 2എ4 മോഡലാണ് കാനഡ അയക്കുന്നത്. 

റഷ്യ- യുക്രെയ്ന്‍ യുദ്ധത്തിന്റെ തുടക്കത്തില്‍ മാരകായുധങ്ങള്‍ അയക്കാന്‍ കാനഡ സര്‍ക്കാര്‍ വിമുഖത കാണിച്ചിരുന്നു. റഷ്യന്‍ അധിനിവേശം എല്ലായ്പ്പോഴും അസ്വീകാര്യമാണെന്നും എന്നാല്‍ കിഴക്കന്‍ പ്രദേശം തിരിച്ചുപിടിക്കാനുള്ള യുക്രെയ്നിന്റെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ യുക്രെയ്നിന് ഹ്രസ്വവും ദീര്‍ഘകാലവും ആവശ്യമായ സൈനിക ഉപകരണങ്ങളുമായി തുടര്‍ന്നും പിന്തുണ നല്‍കേണ്ടതിന്റെ ആവശ്യകതയാണ് മാറിയതെന്ന് അവര്‍ പറഞ്ഞു. 

യുക്രെയ്നില്‍ നിന്നുള്ള പ്രത്യേക അഭ്യര്‍ഥനകളോട് കാനഡ എല്ലായ്പ്പോഴും പ്രതികരിച്ചിട്ടുണ്ടെന്നും അവര്‍ ഊന്നിപ്പറഞ്ഞു. ഇപ്പോള്‍ യുക്രെയ്ന്‍ ടാങ്കുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കാനഡ നാല് ടാങ്കുകള്‍ കൈമാറുക മാത്രമല്ല ടാങ്കുകളുടെയും സൈന്യത്തിന്റെയും മേഖലയില്‍ കൂടുതല്‍ എന്തുചെയ്യാനാകുമെന്ന് വിലയിരുത്തുന്നത് തുടരുകയാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. 

വരുന്ന ആഴ്ചകളില്‍ സൈന്യം തങ്ങളുടെ സി-17 കാര്‍ഗോ ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളില്‍ നാല് ടാങ്കുകള്‍ ഒന്നൊന്നായി എയര്‍ലിഫ്റ്റ് ചെയ്യാന്‍ തുടങ്ങുമെന്ന് ഐര്‍ പറഞ്ഞു.

കാനഡ സൈന്യത്തിന്റെ പ്രധാന ഹെവി ടാങ്കുകളാണ് ലെപ്പാര്‍ഡ് 2. യൂറോപ്പിലെ നിരവധി സഖ്യകക്ഷികള്‍ക്ക് നൂറു കണക്കിന് ഉപകരണങ്ങളുണ്ടെന്നും കാനഡയ്ക്ക് താരതമ്യേന കുറവാണെന്നും ഐര്‍ പറഞ്ഞു.

ടാങ്കുകള്‍ നല്‍കണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോെേലഡിമര്‍ സെലെന്‍സ്‌കി ആഴ്ചകളായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിലാണ് തീരുമാനങ്ങള്‍ സ്വീകരിച്ചതെന്ന് ആനന്ദ് പറഞ്ഞു. 

യു എസും ജര്‍മ്മനിയുംയുക്രെയ്നിന് സൈനിക പിന്തുണ വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. യു എസ് എം1 അബ്രാംസ് ടാങ്കുകളാണ് വാഗ്ദാനം ചെയ്തത്. യുക്രേനിയന്‍ സൈനികര്‍ക്ക് പ്രവര്‍ത്തിപ്പിക്കാനും പരിപാലിക്കാനും ബുദ്ധിമുട്ടാണെന്ന മാസങ്ങളോളം നിരന്തരമായ വാദങ്ങള്‍ നടത്തിയതിന് ശേഷമാണ് വാഷിംഗ്ടണ്‍ ടാങ്കുകള്‍ നല്‍കുന്നത്. 

പോളണ്ടും ചെക്ക് റിപ്പബ്ലിക്കും മറ്റ് നാറ്റോ രാജ്യങ്ങളും ശീതയുദ്ധ കാലഘട്ടത്തില്‍ ഉപയോഗിച്ച നൂറുകണക്കിന് ചെറിയ സോവിയറ്റ് നിര്‍മ്മിത ടാങ്കുകള്‍ ഇതിനകം യുക്രെയ്‌നിന് നല്‍കിയിരുന്നു. യുക്രേനിയന്‍ സായുധ സേന സമാനമായ പഴകിയ ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുള്ളതിനാല്‍ അവ ഉപയോഗിക്കുന്നതിന് അധിക പരിശീലനം ആവശ്യമില്ല.

എന്നാല്‍ സംഘര്‍ഷം രൂക്ഷമാകുമെന്നും നാറ്റോ സേനയെ റഷ്യയ്ക്കെതിരായ സമ്പൂര്‍ണ യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്നും ഭയന്ന് ജര്‍മ്മനി തങ്ങളുടെ സാങ്കേതികവിദ്യയും വിദേശത്ത് വിറ്റ ടാങ്കുകളും കയറ്റുമതി ചെയ്യുന്നത്  നിര്‍ത്തിവച്ചിരുന്നു.

സഖ്യസേന യുക്രെയ്‌ന് ആയുധങ്ങള്‍ നല്കുന്ന നീക്കത്തെ റഷ്യ അപലപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യുക്രെയ്ന്‍ പ്രദേശത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള ആക്രമണം റഷ്യ വര്‍ധിപ്പിച്ചു. 

നാല് ലെപേര്‍ഡ് 2 ടാങ്കുകള്‍ അയയ്ക്കാനുള്ള ശക്തമായ പ്രഖ്യാപനത്തിന്റെ ഫലം കാനഡ ഭാവിയില്‍ കൂടുതല്‍ അയയ്ക്കണം എന്നതാണെന്ന് ദേശീയ സുരക്ഷാ വിദഗ്ധന്‍ വെസ്‌ലി വാര്‍ക്ക് ഒരു ഓണ്‍ലൈന്‍ കമന്ററിയില്‍ ആനന്ദിന്റെ അവകാശവാദത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു. 

ട്രൂഡോ സര്‍ക്കാരിന്റെ ഏറ്റവും പുതിയ പ്രഖ്യാപനത്തെ യുക്രേനിയന്‍ കനേഡിയന്‍ കോണ്‍ഗ്രസ് തലവന്‍ സ്വാഗതം ചെയ്തു. കാനഡയും അതിന്റെ സഖ്യകക്ഷികളും വിതരണം ചെയ്യുന്ന ടാങ്കുകള്‍ 'ക്രൂരമായ റഷ്യന്‍ അധിനിവേശത്തില്‍ നിന്ന് യുക്രേനിയന്‍ പ്രദേശങ്ങളെ മോചിപ്പിക്കുന്നതിനുള്ള പോരാട്ടത്തില്‍ ഒരു മാറ്റമുണ്ടാക്കുമെന്ന്' അലക്സാന്ദ്ര ചിക്സിജ് പറഞ്ഞു.

യുക്രേനിയന്‍ സൈന്യം എത്ര വേഗത്തില്‍ റഷ്യന്‍ അധിനിവേശക്കാരെ പരമാധികാര യുക്രേനിയന്‍ ഭൂമിയില്‍ നിന്ന് പുറത്താക്കുന്നുവോ അത്രയും വേഗത്തില്‍ യുക്രെയ്നിലേക്കും യൂറോപ്പിലേക്കും സമാധാനം തിരിച്ചുവരുമെന്നും അവര്‍ പറഞ്ഞു.

ആനന്ദ് കഴിഞ്ഞയാഴ്ച കീവിലേക്ക് രഹസ്യമായി യാത്ര ചെയ്തിരുന്നു. അവിടെ വച്ച് കാനഡ മിസ്സിസാഗയില്‍ നിര്‍മ്മിച്ച 200 കവചിത വാഹിനികള്‍ കൂടി യുക്രെയ്നിലേക്ക് അയക്കുമെന്ന് പ്രഖ്യാപിച്ചു. 

കഴിഞ്ഞ ഫെബ്രുവരിയിലെ റഷ്യന്‍ അധിനിവേശത്തിനു ശേഷം യുക്രെയ്‌നെ പിന്തുണയ്ക്കുന്നതിന് കാനഡ ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ സൈനിക സഹായവും സാമ്പത്തികവും മാനുഷികവുമായ സഹായങ്ങള്‍ ഉള്‍പ്പെടെ മൊത്തത്തില്‍ ഏകദേശം അഞ്ച് ബില്യണ്‍ ഡോളര്‍ സംഭാവന ചെയ്തിട്ടുണ്ട്.

Other News