ഡൊമനിക് ബാര്‍ട്ടണ്‍ ചൈനയിലെ പുതിയ കനേഡിയന്‍ അംബാസിഡര്‍


SEPTEMBER 6, 2019, 6:06 PM IST

ടൊറന്റോ: മക് കന്‍സി ആന്റ് കമ്പനിയുടെ മുന്‍ മാനേജിംഗ് ഡയറക്ടറും സാമ്പത്തിക ഉപദേശക കൗണ്‍സില്‍ തലവനുമായ ഡൊമനിക് ബാര്‍ട്ടണെ ചൈനയിലെ അംബാസിഡറായി ട്രൂഡോ ഭരണകൂടം നിയമിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ ബാര്‍ട്ടണ് പോസിറ്റീവായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹത്തിന്റെ  നിയമനത്തെ സ്വാഗതം ചെയ്തുകൊണ്ട് ചൈന അറിയിച്ചു. മുന്‍ അംബാസിഡറെ ചൈനയെ അനുകൂലിച്ചതിന്റെ പേരില്‍ ട്രൂഡോ പുറത്താക്കിയിരുന്നു.

ചൈനീസ് കമ്പനിയായ ഹുവാവെ സ്ഥാപകന്റെ മകളും കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ മെങ് വാന്‍ഴുവിനെ വാന്‍കൂവര്‍ വിമാനതാവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് കാനഡയും ചൈനയും തമ്മിലുള്ള ബന്ധം താറുമാറായത്. നിലവില്‍ ഇവരെ അമേരിക്കയ്ക്ക് വിട്ടുകൊടുക്കുന്നതിനെ ചൊല്ലി നിയമ പോരാട്ടം നടക്കുകയാണ്. എന്നാല്‍ മെങ് വാന്‍ഴുവിനെ അമേരിക്കയ്ക്ക് വിട്ടുകൊടുക്കുന്നതില്‍ നിന്നും കാനഡ പിന്മാറണമെന്നായിരുന്നു മുന്‍ അംബാസിഡറായ ജോണ്‍ മക്കല്ലത്തിന്റെ ആവശ്യം. തുടര്‍ന്ന് ഇദ്ദേഹത്തെ ട്രൂഡോ തിരിച്ചുവിളിച്ചു.

ലോകത്തെ മികച്ച ടെലികോം ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ഹുവാവെ പക്ഷെ തങ്ങളുടെ ഉപകരണങ്ങള്‍ വഴി ചൈനയ്ക്കുവേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നു എന്നാണ് യു.എസ് ആരോപണം. അതുകൊണ്ടുതന്നെ 5ജി ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതില്‍ ഹുവാവെയെ പങ്കെടുപ്പിക്കരുതെന്ന് സുഹൃദ് രാഷ്ട്രങ്ങള്‍ക്ക് അമേരിക്ക നിര്‍ദ്ദേശം നല്‍കി. മാത്രമല്ല, ഗൂഗിളും ഫെയ്‌സ്ബുക്കുമുള്‍പ്പടെയുള്ള വന്‍കിട അമേരിക്കന്‍ കമ്പനികള്‍ തങ്ങളുടെ ആപ്പുകളും മറ്റുത്പന്നങ്ങളും ഹുവാവെ ഫോണില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തു.

മെങ് വാന്‍ഴുവിന്റെ അറസ്റ്റിനെ തുടര്‍ന്ന് കാനഡ-ചൈന ബന്ധം മുന്‍പെങ്ങുമില്ലാത്തവിധം വഷളായിട്ടുണ്ട്. അറസ്റ്റിനെ തുടര്‍ന്ന് ചൈന രണ്ട് കനേഡിയന്‍ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും വിചാരണകൂടാതെ തടവില്‍ പാര്‍പ്പിക്കുകയും ചെയ്തിരിക്കയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിലും  ഇടിവ് സംഭവിച്ചു. നിരവധി കനേഡിയന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിയാണ് ചൈന നിരോധിച്ചത്.

ഇറാനിലെ തങ്ങളുടെ ഇടപാടുകള്‍ മറച്ചുവച്ച് അമേരിക്കന്‍ ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ച കേസിലാണ് മെങ് വാന്‍ഴു ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.

Other News