കോവിഡ്: നഷ്ടം നികത്താന്‍ 11 ബില്യണ്‍ഡോളറുമായി കനേഡിയന്‍ ബാങ്കുകള്‍


JUNE 2, 2020, 10:21 AM IST

ഓട്ടവ: കൊറോണ വൈറസ് മഹാമാരി ആഗോള സമ്പദ്ഘടനയെയാകെ തകര്‍ക്കുന്ന സാഹചര്യത്തില്‍ നേരത്തെ നല്‍കിയ വായ്പകള്‍ കിട്ടാക്കടമാകാനുള്ള നേരിടാന്‍ 11 ബില്യണ്‍ ഡോളറിന്റെ കരുതല്‍ ശേഖരം സൃഷിടിച്ച് കാനഡയിലെ വലിയ ബാങ്കുകള്‍. നിലവിലെ സാഹചര്യത്തില്‍ ഇത്രയും വലിയ തോതിലുള്ള നടപടികള്‍ ഭാവിയില്‍ സ്വീകരിക്കേണ്ടതായി വരില്ല. എന്നാല്‍ പ്രതിസന്ധി നീണ്ടുപോയാല്‍ നഷ്ടങ്ങളുടെ  മറ്റൊരു വലിയ തരംഗമുണ്ടാകുമോയെന്ന് തീര്‍ച്ചയില്ല.

ഈ സാഹചര്യത്തിലാണ് വലിയൊരു കരുതല്‍ ശേഖരത്തിന് ബാങ്കുകള്‍ രൂപം നല്‍കിയിട്ടുള്ളത്. വലിയ 6 ബാങ്കുകളാണ് കഴിഞ്ഞയാഴ്ച തിരിച്ചടവിനു സാധ്യതയില്ലാത്ത വായ്പകളുടെ നഷ്ടം നികത്തുന്നതിനായുള്ള തുക നീക്കിവെച്ചത്. സാധാരണഗതിയില്‍ ഭീമമായ സംഖ്യ നഷ്ടപ്പെടാന്‍ സാധ്യതയുള്ള വായ്പാ ദാതാക്കളെ വിപണി ശിക്ഷിക്കാറുണ്ട്. എന്നാല്‍ ഇപ്പോഴത്തെ ആരോഗ്യ പ്രതിസന്ധി കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചിരിക്കുകയാണ്. ഇത്രയും വലിയൊരു തുക നീക്കിവെച്ചത് ബാങ്കുകളുടെ യാഥാസ്ഥിതികവും മുന്‍കരുതലോടെയുമുള്ള സമീപനത്തിന്റെ ഭാഗമായിട്ടാണ് നിക്ഷേപകര്‍ കാണുന്നത്. അതേസമയം ബാങ്ക് എക്‌സിക്യൂട്ടീവുമാര്‍ ഇരുളടഞ്ഞ സാമ്പത്തിക ഭാവി കാണുകയും ഏറ്റവും വഷളായതിനെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യുന്നു.

ഏപ്രില്‍ 30ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം ക്വാര്‍ട്ടറില്‍ യഥാര്‍ത്ഥ നഷ്ടവും വായ്പ കുടിശ്ശികകളും വളരെ കുറഞ്ഞതോതില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ലക്ഷക്കണക്കിന് വായ്പകളുടെ തവണ തീയതികള്‍ നീട്ടിക്കൊടുക്കുകയും ഗവണ്മെന്റ് ഒട്ടേറെ ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കുകയുംചെയ്തു.വലിയ നഷ്ടങ്ങള്‍ സംഭവിക്കാനിരിക്കുന്നതേയുള്ളുവെന്നാണ് ബാങ്കുകള്‍ പറയുന്നത്. ക്രെഡിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് ലൈനുകള്‍ എന്നിങ്ങനെ ഈടുകളൊന്നും ഇല്ലാതെ വ്യക്തികള്‍ക്ക് നല്‍കിയ വായ്പകളിലായിരിക്കും വലിയ നഷ്ടം സംഭവിക്കുക.

അതോടൊപ്പം തന്നെ വലിയ നഷ്ടം സംഭവിക്കാവുന്നവയാണ് എണ്ണ-വാതക കമ്പനികള്‍ക്ക് നല്‍കിയ കോര്‍പ്പറേറ്റ് വായ്പകളും റസ്റ്ററന്റുകള്‍, ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങി ആള്‍ക്കാര്‍ പണം ചിലവഴിക്കുന്നതിനെ ആശ്രയിച്ചു മാത്രം വരുമാനമുള്ളവയായ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ വാണിജ്യ വായ്പകളും.സമ്പദ്ഘടന വീണ്ടും തുറക്കുന്നതിനു ഗവണ്മെന്റും മറ്റുള്ളവരും നടത്തുന്ന ശ്രമങ്ങളെയും ഏറ്റവും സുരക്ഷിതമായ രീതിയില്‍ അതെത്ര വേഗതയില്‍ ചെയ്യാന്‍ കഴിയുന്നുവെന്നതിനെയും ആശ്രയിച്ചാണ് കൂട്ടായവിജയം നേടാന്‍ കഴിയുകയെന്നു ബാങ്കിങ് മേഖലയിലെ വിദഗ്ധര്‍ പറയുന്നു.ഭാവിയില്‍ എഴുതിത്തള്ളേണ്ടതായിവരുന്ന തുകകള്‍ക്കുള്ള നടപടികള്‍ ബാങ്കുകള്‍ ഇപ്പോള്‍ത്തന്നെ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട് .കാനഡയിലെ മിക്ക വലിയ ബാങ്കുകളും നല്‍കിയിട്ടുള്ള എല്ലാവായ്പകളുടെയും 0.25 % മുതല്‍ 0.5% വരെയുള്ള ചെറിയൊരു ഭാഗം മാത്രമാണ് അതിലുള്‍പ്പെടുക.

Other News