ഇറാന്‍ വെടിവെച്ചിട്ട വിമാനത്തില്‍ സഹപ്രവര്‍ത്തകന്റെ ഭാര്യയും മകനുമുള്‍പ്പെട്ടു;  അമര്‍ഷം ട്രംപിനെതിരെ


JANUARY 14, 2020, 3:25 PM IST

ടൊറന്റോ: ഇറാന്‍ വെടിവച്ചിട്ട ഉക്രാനിയന്‍ വിമാനത്തില്‍ സഹപ്രവര്‍ത്തകന്റെ ഭാര്യയും മകനുമുള്‍പ്പെട്ട ഖേദം കനേഡിയന്‍ കോടീശ്വരന്‍ തീര്‍ത്തത് പ്രസിഡന്റ് ട്രംപിനെതിരായ പ്രസ്താവനയിലൂടെയാണ്. വാഷിങ്ടണിലെ ആ നാര്‍സിസിസ്റ്റാണ് തന്റെ സഹപ്രവര്‍ത്തകന്റെ  ജീവിതത്തിലെ ദുരന്തത്തിന് കാരണമായതെന്ന് കനേഡിയന്‍ കോടീശ്വരനും മാപ്പിള്‍ ലീഫ് ഫുഡ്‌സ് ചീഫ് എക്‌സിക്യൂട്ടീവുമായ മൈക്കേല്‍ മക് കെയ്ന്‍ പ്രതികരിച്ചു. വിമാനാപകടത്തില്‍ മരിച്ച 57 കനേഡിയന്‍ യാത്രക്കാരില്‍ മക് കെയിനിന്റെ സഹപ്രവര്‍ത്തകന്റെ ഭാര്യയും മകനുമുള്‍പ്പെട്ടിരുന്നു. ഇവരുള്‍പ്പടെ 176 യാത്രക്കാരാണ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത്.

ഇറാനിയന്‍ കാമാന്‍ഡറിനെ വധിച്ച ട്രംപിന്റെ നടപടിയാണ് വിമാനം വെടിവച്ചിടാന്‍ ഇറാനെ പ്രേരിപ്പിച്ചതെന്നും ആത്യന്തികമായി തന്റെ സഹപ്രവര്‍ത്തകന്റെ  ജീവിതത്തിലെ ദുരന്തത്തിന് കാരണം ട്രംപാണെന്നുമാണ് മക് കെയ്ന്‍ പറയുന്നത്. 

ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ യു.എസ് സൈന്യം വധിച്ചതിന് പ്രതികാരമായാണ് ഇറാന്‍ വിമാനം മിസൈല്‍ വച്ച് തകര്‍ത്തതെന്നും ഇത് മനപൂര്‍വ്വമായിരുന്നെന്നും നേരത്തെ ആരോപിക്കപ്പെട്ടിരുന്നു. വിമാനത്തെ മിസൈല്‍ വച്ച് തകര്‍ത്തതിന് തെളിവുണ്ടെന്ന് കനേഡിയന്‍,ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായ ജസ്റ്റിന്‍ ട്രൂഡോയും ബോറിസ് ജോണ്‍സണും പ്രതികരിക്കുകയും ചെയ്തു.

എന്നാല്‍ ആദ്യം ഇക്കാര്യം നിഷേധിച്ച ഇറാന്‍ പിന്നീട് വിമാനം തകര്‍ത്തതത് തങ്ങളുടെ സൈന്യമാണെന്ന് സമ്മതിച്ചു. എന്നാല്‍ ഒരു സൈനികതാവളത്തിന് നേരെ തൊടുത്ത മിസൈല്‍ ലക്ഷ്യം തെറ്റി വിമാനത്തില്‍ പതിക്കുകയായിരുന്നെന്നാണ് ഇറാന്‍ പറയുന്നത്. സംഭവത്തില്‍ ഇറാന്‍ മാപ്പുചോദിക്കുകയും കുറ്റംചെയ്തവരെ ശിക്ഷിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

Other News