അരുന്ധതി റോയിക്ക് പൗരത്വം:നിവേദനം കാനഡ നിരസിച്ചു


JULY 25, 2019, 9:17 PM IST

ഒട്ടാവ:പൗരാവകാശ സംരക്ഷണത്തിൽ ലോകരാഷ്ട്രങ്ങളിൽ മുൻനിരയിലാണെങ്കിലും അരുന്ധതി റോയിക്ക് ബഹുമാനാര്‍ത്ഥം കനേഡിയന്‍ പൗരത്വം നല്‍കണമെന്നാവശ്യപ്പെട്ട് നൂറ് കണക്കിന് ആളുകള്‍ ഒപ്പിട്ട് നല്‍കിയ നിവേദനം കനേഡിയന്‍ സര്‍ക്കാര്‍ നിരസിച്ചു.അന്താരാഷ്ട്ര പ്രശസ്‌തയായ എഴുത്തുകാരിയും അവകാശ പ്രവർത്തകയുമെന്ന നിലയ്ക്കാണ് അരുന്ധതിക്ക് പോരത്വം നൽകി ആദരിക്കണമെന്ന ആവശ്യമുയർന്നത്.

നിവേദനത്തിന് ഒറ്റവരി മറുപടിയായി പ്രധാനമന്ത്രിയുടെ പാര്‍ലമെന്ററി സെക്രട്ടറി പീറ്റര്‍ ഷിഫ്‌കെ എഴുതിയതിങ്ങനെ:പൗരത്വം നൽകുന്നത് സംബന്ധിച്ച തീരുമാനം പാര്‍ലമെന്റിന്റേതാണ് സര്‍ക്കാരിന്റേതല്ല.

നെല്‍സന്‍ മണ്ടേല, ദലൈ ലാമ, മലാല യൂസഫ്‌ സായ് എന്നിവര്‍ക്ക് നേരത്തെ കാനഡ ബഹുമാനാര്‍ത്ഥം  പൗരത്വം നൽകിയിട്ടുണ്ട് . സ്വന്തം രാജ്യങ്ങളില്‍ മനുഷ്യാവകാശങ്ങള്‍ക്കും, ജനാധിപത്യത്തിനുംവേണ്ടി നിലകൊണ്ടതിനു ആദരമായാണ് കനേഡിയന്‍ പൗരത്വം നല്‍കുന്നത്.

ഇന്ത്യൻസ് എബ്രോഡ് ഫോർ പ്ലൂരലിസ്റ്റ് ഇന്ത്യ (ഐ എ പി എ )യുടെ നേതൃത്വത്തിലാണ് നിവേദനത്തിൽ ഒപ്പുകൾ ശേഖരിച്ചത്.മലാലയ്ക്ക് പൗരത്വം നൽകിയ രാഷ്ട്രം അരുന്ധതിയുടെ കാര്യത്തിൽ പിന്നോക്കം പോയത് നിരാശയുണ്ടാക്കുന്നതും പലവിധ ചോദ്യങ്ങൾ ഉയർത്തുന്നതുമാണെന്ന് അവകാശ പ്രവർത്തകർ അഭിപ്രായപ്പെടുന്നു.

ഗോഡ് ഓഫ് സ്‌മോൾ തിങ്സ് എന്ന പ്രഥമ നോവലിലൂടെ ബുക്കർ പ്രൈസ് നേടി അന്തരാഷ്ട്ര പ്രശസ്‌തിയിലേക്ക് ഉയർന്ന അരുന്ധതി റോയ് ഇന്ത്യയിലെ ദരിദ്രരുടേയും, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടേയും അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന എഴുത്തുകാരിയാണ്. പുതിയ നോവലായ 'ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്' വര്‍ത്തമാന  ഇന്ത്യന്‍ സാഹചര്യങ്ങളിലെ അരക്ഷിതാവസ്ഥകളുടെ അടയാളപ്പെടുത്തലാണ്.