ജിഹാദി ജാക്കിന്റെ  പാസ്‌പോര്‍ട്ട് റദ്ദാക്കിയ യുകെ നടപടിയില്‍ കാനഡയുടെ പ്രതിഷേധം


AUGUST 19, 2019, 4:06 PM IST

ലണ്ടന്‍: ഐസിസിന് വേണ്ടി പ്രവര്‍ത്തിച്ച ജിഹാദി ജാക്കിന്റെ (ജാക്ക് ലെറ്റ്‌സ്) ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഹോം ഓഫീസ് റദ്ദാക്കിയതായി റിപ്പോര്‍ട്ട്. യുകെയുടെ ഏകപക്ഷീയമായ നടപടിയില്‍ കനേഡിയന്‍ സര്‍ക്കാരിനു പ്രതിഷേധം. 

ഓക്‌സ്‌ഫോര്‍ഡ്‌ഷെയറില്‍ താമസിക്കുന്ന കനേഡിയന്‍ ദമ്പതികളുടെ പുത്രനായ ജാക്ക് ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷമായിരുന്നു ഐസിസിന് വേണ്ടി പ്രവര്‍ത്തിക്കാനാരംഭിച്ചത്. ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് റദ്ദാക്കിയതോടെ ജിഹാദി ജാക്കിന് ഇനി ബ്രിട്ടനിലേക്ക് മടങ്ങാനുള്ള അവസരം എന്നെന്നേക്കുമായി ഇല്ലാതായിരിക്കുകയാണ്.

ഹോം ഓഫീസിന്റെ ഈ നടപടിയെ തുടര്‍ന്ന് യുകെയും കാനഡയും തമ്മിലുള്ള നയതന്ത്ര പോര് ആരംഭിച്ചിട്ടുമുണ്ട്. ജാക്കിന്റെ പൗരത്വം റദ്ദാക്കിയ നടപടി സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണെന്ന് കനേഡിയന്‍ പൊതുസുരക്ഷാ വകുപ്പുമന്ത്രി റാല്‍ഫ് ഗുഡ് ഡേല്‍ ഞായറാഴ്ച ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി. ഭീകരതയ്ക്ക് അതിരുകളില്ലെന്നും പൗരന്മാരുടെ സുരക്ഷയ്ക്ക് രാജ്യങ്ങള്‍ ഒരുമിച്ചുപോരാടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.  അതേ സമയം ജാക്കിന്റെ കാര്യത്തില്‍ യുകെ ഏകപക്ഷീയമായി  തീരുമാനമെടുത്തത് നിരാശയുണ്ടാക്കുന്നുവെന്നും റാല്‍ഫ് വ്യക്തമാക്കി. യുകെയിലെ ഓക്‌സ്‌ഫോര്‍ഡ്‌ഷെയറില്‍ താമസിച്ചിരുന്ന ജാക്കിന് ബ്രിട്ടന്റെയും കാനഡയുടെയും പൗരത്വമുണ്ടായിരുന്നു. ഐസിസില്‍ ചേരാന്‍ വേണ്ടി 18 ാം വയസില്‍ ബ്രിട്ടനില്‍ നിന്നും സിറിയയിലേക്ക് പോയതിന് ശേഷം ബ്രിട്ടന്‍ തന്റെ ശത്രുവാണെന്ന് പരസ്യമായി പ്രഖ്യാപിച്ച ജിഹാദിയുമാണ് ഈ 24 കാരന്‍. ഇതിനെ തുടര്‍ന്നാണ് ഹോം ഓഫീസ് ഇയാളുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയിരിക്കുന്നത്. സിറിയയില്‍ വച്ച് കുര്‍ദിഷ് അധികൃതരുടെ പിടിയിലായ ജാക്ക് തനിക്ക് യുകെയിലേക്ക് മടങ്ങിപ്പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. താന്‍ ആത്മഹത്യാ ബോംബറാണെങ്കിലും ബ്രിട്ടീഷുകാരെ ഇതിലൂടെ അപായപ്പെടുത്തില്ലെന്നും ജാക്ക് ഉറപ്പേകിയിരുന്നു.എന്നാല്‍ ജിഹാദി ജാക്കിനെ ബ്രിട്ടന്റെ മണ്ണില്‍ ഇനി കാല് കുത്താന്‍ സമ്മതിക്കില്ലെന്ന നിലപാടെടുത്തെ ഹോം ഓഫീസ് അയാളുടെ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് റദ്ദാക്കുകയും അയാളുടെ ഉത്തരവാദിത്വം കാനഡയുടെ ചുമലിലേക്കിടുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വീക്കെന്‍ഡില്‍ ജി 7 സമ്മിറ്റില്‍ വച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ കാണുന്ന വേളയില്‍ ഇതിനെ ചൊല്ലി ഇരു നേതാക്കളും പരസ്യമായി വാക് തര്‍ക്കമുണ്ടായേക്കാമെന്ന ആശങ്കയും ഇപ്പോള്‍ ശക്തമാണ്.കാനഡക്കാരായ സാലി ലെയിന്‍, ജോണ്‍ ലെറ്റ്‌സ് എന്നീ ദമ്പതികളുടെ പുത്രനാണ് ജാക്ക്. തങ്ങളുടെ മകന്‍ സിറിയയില്‍ പോയി ഐസിസില്‍ ചേര്‍ന്നുവെന്നറിഞ്ഞിട്ടും ഇവര്‍ മകനായി പണം അയച്ച് കൊടുക്കാറുണ്ടായിരുന്നുവെന്ന് വെളിപ്പെട്ടിട്ടുണ്ട്. ജാക്ക് നിലവിലും ബ്രിട്ടീഷ് പൗരനാണെന്നും അതിനാല്‍ അവനെ തിരിച്ച് സുരക്ഷിതനായി കൊണ്ടു വരുന്നതിന് സഹായിക്കണമെന്നും അവര്‍ ഹോം ഓഫീസിനോട് അപേക്ഷിച്ചിരുന്നു.ജാക്ക് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ യുകെയില്‍ വച്ച് പ്രോസിക്യൂട്ട് ചെയ്യാമെന്നും അവര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഒഫീഷ്യലുകളില്‍ നിന്നും നിര്‍ദ്ദേശമാരാഞ്ഞാണ് പ്രത്യേക സാഹചര്യങ്ങളില്‍ ഇരട്ടപൗരത്വമുള്ളവരുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കുന്നതെന്നാണ് ഹോം ഓഫീസ് വക്താവ് പ്രതികരിച്ചിരിക്കുന്നത്. യുകെയ്ക്ക് നേരെയുള്ള തീവ്രവാദ ഭീഷണി ഇല്ലാതാക്കാനാണ് ജാക്കിനെ പോലുള്ളവരെ ഈ മണ്ണില്‍ കാല് കുത്താത്ത വിധത്തില്‍ പൗരത്വം റദ്ദാക്കുന്നതെന്നും അദ്ദേഹം പറയുന്നു.

Other News