ഇറാന്‍ വിമാന ദുരന്തം: കൊല്ലപ്പെട്ടവര്‍ക്കായി കാനഡയില്‍ ദുഖാചരണം


JANUARY 13, 2020, 12:49 PM IST

ടൊറന്റോ:  ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നുവീണ യുക്രൈന്‍ വിമാനത്തിലുണ്ടായിരുന്ന കനേഡിയന്‍പൗരന്മാര്‍ക്ക് രാജ്യം ഞായറാഴ്ച ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട 176 യാത്രക്കാരില്‍ 57 കാനഡ പൗരന്മാര്‍ ഉണ്ടായിരുന്നു. അന്തിമോപചാരമര്‍പ്പിക്കാന്‍ ടൊറന്റോയില്‍ ഒരുകൂടിയവ രണ്ടായിരത്തോളം പേരില്‍ കൊല്ലപ്പെട്ടവരുടെ ഉറ്റബന്ധുക്കളെ കൂടാതെ ജീവിതിത്തിന്റെ വിവിധ തുറകളില്‍ പെട്ടവരും ഉണ്ടായിരുന്നു.

പൂക്കളും മെഴുകുതിരികളുമായി നിറകണ്ണുകളോടെയാണ് നൂറുകണക്കിനുപേര്‍ ചരമോപചാരമര്‍പ്പിക്കുന്ന ചടങ്ങില്‍ എത്തിയത്. വിവിധ സര്‍വകലാശാലകളിലും അനുശോചന ചടങ്ങുകള്‍ നടന്നു.

വിമാന ദുരന്തത്തിനിരയായ 13 പേരുടെ വാസസ്ഥലമായ എഡ്മണ്ടനിലും അനുശോഛന ചടങ്ങുകള്‍ നടന്നു. എഡ്മണ്ടനില്‍ നടന്ന ചരമശുശ്രൂഷകളില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്തു. ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്ന് അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത 2300 ഓളം പേരോടായി പ്രധാനമന്ത്രി പറഞ്ഞു.

നമ്മുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുന്നതുവരെ, നീതി ലഭിക്കും വരെ നമ്മള്‍ക്ക് വിശ്രമം ഉണ്ടായിരിക്കുകയില്ലെന്നും ജസ്റ്റിന്‍ ട്രോഡോ വ്യക്തമാക്കി.

വാന്‍കൂവര്‍ ആര്‍ട്ട് ഗാലറിയില്‍ നടന്ന അനുസ്മരണ പരിപാടികളില്‍ പ്രതിരോധ മന്ത്രി ഹര്‍ജിത് സജ്ജന്‍ പങ്കെടുത്ത്. ദേശീയ ദുരന്തമാണ് സംഭവിച്ചതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ദുരന്തത്തിനിരയായവരെയും അവരുടെ കുടുംബങ്ങളെയും കാനഡ ഒന്നായ് ചേര്‍ന്നു നിന്ന് സ്വന്തം ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന കാഴ്ച അവിശ്വസനീയമായി തോന്നുന്നുവെന്ന് എഡ്മണ്ടനിലെ ഇറാനിയന്‍ ഹെരിറ്റേജ് സൊസൈറ്റി പ്രസിഡന്റ് റെസ അക്ബാരി പറഞ്ഞു.

എഡ്മണ്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് ആല്‍ബെര്‍ട്ടയിലും വിദ്യാര്‍ത്ഥികളടക്കം നൂറുകണക്കിനുപേര്‍ മരണപ്പെട്ടവര്‍ക്കായി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. എന്‍ജിനിയറിംങ് പ്രൊഫസര്‍ പെഡ്രാം മൗസവിയും അദ്ദേഹത്തിന്റെ ഭാര്യയും എന്‍ജിനിയറിംഗ് പ്രൊഫസറുമായ മോജ്ഗാം ഡാനേഷ്മണ്ടും രണ്ട് പെണ്‍മക്കളും വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Other News