കാനഡയില്‍ തൊഴില്‍ നഷ്ടമായത് ഏറെയും സ്ത്രീകള്‍ക്ക്


JUNE 2, 2020, 10:32 AM IST

ഓട്ടവ: കോവിഡ്-19 മഹാമാരിയില്‍ കാനഡയില്‍ മൂന്നു മുതല്‍ അഞ്ചു മില്യണ്‍വരെതൊഴിലാളികള്‍ക്ക് അവരുടെ തൊഴില്‍ നഷ്ടമായി. അവരില്‍ ബഹുഭൂരിപക്ഷവും സ്ത്രീകള്‍. ആകെ തൊഴില്‍ നഷ്ടപ്പെട്ടവരില്‍ ഭൂരിപക്ഷം പേര്‍ക്കും പഴയ തൊഴിലുകള്‍ തിരികെ ലഭിക്കാനിടയില്ല.

'വളരെ അസമത്വമുള്ള സാമ്പത്തിക ആഘാതമാണ്' കനേഡിയന്‍ സമൂഹത്തില്‍ കോവിഡ്-19 ഏല്‍പ്പിച്ചതെന്ന് ദിവസം ചെല്ലും തോറും വ്യക്തമാക്കുകയാണ്.

മണിക്കൂറടിസ്ഥാനത്തില്‍ കുറഞ്ഞ വേതനംവാങ്ങുന്ന തൊഴിലാളികളെ മാത്രമല്ല അത് ബാധിച്ചത്. യുണിയനുകളൊന്നുമില്ലാത്ത സ്ത്രീതൊഴിലാളികളെയും അത് വലിയ തോതില്‍ ബാധിച്ചു. പ്രായമുള്ള കുട്ടികളുള്ള സ്ത്രീകളെ അപേക്ഷിച്ച് കൊച്ചുകുട്ടികളുള്ള സ്ത്രീകള്‍ക്കാണ് കൂടുതല്‍ മണിക്കൂറുകള്‍ നഷ്ടപ്പെട്ടതെന്നാണ് സ്ഥിതിവിവരകണക്കുകള്‍ കാണിക്കുന്നത്.

പൊതു മേഖലയിലോ സ്വകാര്യ മേഖലയിലോ ജോലിചെയ്യുന്ന തൊഴിലാളികളേക്കാള്‍ ചെറുകിട ബിസിനസ് ഉടമകള്‍ കൂടിയായ സ്വയംതൊഴില്‍ ചെയ്യുന്നവരാണ് ഏറെയും ദുരിതമനുഭവിച്ചത്. തൊഴില്‍ നഷ്ടമായവര്‍ക്ക് മറ്റ് ചില മേഖലകളിലായിരിക്കും തൊഴില്‍ കണ്ടെത്തേണ്ടി വരുക. അതിനാവശ്യമായ വൈദഗ്ധ്യം അവര്‍ നേടിയിട്ടുമില്ല.സാധാരണഗതിയില്‍ മാന്ദ്യത്തെത്തുടര്‍ന്ന് ആദ്യം തൊഴിലുകള്‍ നഷ്ടപ്പെടുന്ന ഉല്‍പ്പാദന-നിര്‍മ്മാണ മേഖലകള്‍ക്ക് പകരം ഇക്കുറി സാമ്പത്തിക ആഘാതം ആദ്യമേഅനുഭവപ്പെട്ടത് ചില്ലറ വ്യാപാരശാലകളില്‍ ക്യാഷ്യര്‍മാര്‍ പോലെ മനുഷ്യരുമായി ഇടപഴകുന്ന ജോലികള്‍ ചെയ്തവര്‍ക്കാണ്.

ഇതുപോലെ ചില്ലറ വ്യാപാര മേഖലയില്‍ കുറഞ്ഞ മണിക്കൂറുകളില്‍ കുറഞ്ഞ വേതനം വാങ്ങി ജോലിചെയ്യുന്ന തൊഴിലാളികളില്‍ ഏറെയും സ്ത്രീകളാണ്. സ്ത്രീകളും കുറഞ്ഞ വേതനം വാങ്ങുന്നവരുമായ തൊഴിലാളികള്‍ ഏറെകേന്ദ്രീകരിച്ചിട്ടുള്ള മേഖലയാണത്. മണിക്കൂറടിസ്ഥാനത്തില്‍ വേതനം വാങ്ങുന്ന യൂണിയനുകള്‍ ഉള്ള നഴ്സുമാര്‍ പോലെയുള്ള സ്ത്രീ തൊഴിലാളികളെ അപേക്ഷിച്ച് മൂന്നിരട്ടി തൊഴില്‍ നഷ്ടമാണ് യുണിയനുകളില്ലാത്തവരായ സ്ത്രീ തൊഴിലാളികള്‍ക്കുണ്ടായത്.

Other News