പുതു കുടിയേറ്റക്കാരെ സഹായിക്കാന്‍ പുതിയ പ്രോഗ്രാമുകള്‍


AUGUST 12, 2019, 7:45 PM IST

ടൊറന്റോ: ഇമിഗ്രേഷന്‍ റെഫ്യൂജി ആന്റ് സിറ്റിസണ്‍ഷിപ്പ് കാനഡ പുതുകുടിയേറ്റക്കാരെ സഹായിക്കാന്‍ പുതിയ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു. ഇതുപ്രകാരം രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളും മറ്റ് കമ്യൂണിറ്റി ക്ലബുകളും അഭയാര്‍ത്ഥികളുള്‍പ്പടെയുള്ള പുതു കുടിയേറ്റക്കാരെ സഹായിക്കാന്‍ ഈ പ്രൊജക്ടുകള്‍ പൂര്‍ത്തീകരിക്കും. ഇത്തരത്തിലുള്ള 824 പ്രോജക്ടുകളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഭാഷനൈപുണ്യം നേടാനും ജോലി കണ്ടെത്താനും മറ്റു കാനഡ പൗരന്മാരുമായി സഹവര്‍ത്തത്വത്തിനും സാഹായിക്കുക എന്നതാണ് പ്രോജക്ട് കൊണ്ടു ഉദ്ദേശിക്കുന്നത്. 

അതേസമയം വരുന്ന മൂന്നു വര്‍ഷത്തേയ്ക്ക് കാനഡയില്‍ ഒരു മില്ല്യണ്‍ കുടിയേറ്റതൊഴിലാളികളെ ആവശ്യമുണ്ടെന്ന് കുടിയേറ്റ വകുപ്പ് മന്ത്രി അഹമ്മദ് ഹുസൈന്‍ പറഞ്ഞിരുന്നു. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ഇതിനായി ഇനിയുള്ളമൂന്നു വര്‍ഷങ്ങളില്‍ 3,50,000 പേരെ വച്ച് രാജ്യത്തേയ്ക്ക് പ്രവേശിപ്പിക്കണമെന്നും അദ്ദേഹം ശുപാര്‍ശ ചെയ്തു. ആളുകളെ വംശീയമായും നിറവ്യത്യാസത്തിന്റെ പേരിലും വേര്‍തിരിക്കാതെയുള്ള കാനഡയുടെ കുടിയേറ്റനയം ലോകരാജ്യങ്ങള്‍ക്ക് മാതൃകയാണെന്നും മന്ത്രി ഹുസൈന്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷങ്ങളില്‍ രാജ്യം കൈവരിച്ച പുരോഗതിയുടെ ക്രെഡിറ്റ് കുടിയേറ്റക്കാര്‍ക്ക് നല്‍കാനും അദ്ദേഹം തയ്യാറായി.

Other News