ദേശീയ ദു:ഖാചരണത്തിനിടെ പാട്ട്;  ട്രൂഡോയ്ക്ക്  വിമര്‍ശനം


SEPTEMBER 21, 2022, 8:53 AM IST

ലണ്ടൻ:  എലിസബത്ത് രാജ്ഞിയുടെ വിയോഗത്തെത്തുടര്‍ന്ന് ബ്രിട്ടണില്‍ ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കെ ഹോട്ടലില്‍ പാട്ടു പാടിയ കാനഡ പ്രധാനമന്ത്രിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നു.  രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് രണ്ട് ദിവസം മുമ്പ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ബൊഹീമിയന്‍ റാപ്സോഡി പാടുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. യു കെയിലെ ഒരു ഹോട്ടല്‍ ലോബിയില്‍ വെച്ച്  ജസ്റ്റിന്‍ ട്രൂഡോ ബൊഹീമിയന്‍ റാപ്സോഡി പാടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് ഓണ്‍ലൈനില്‍ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വരുന്നത്. എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് രണ്ട് ദിവസം മുമ്പാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തതെന്ന് ആരോപണമുയരുന്നത്. ലണ്ടനിലെ കൊറിന്തിയ ഹോട്ടലില്‍ താമസിക്കുമ്പോഴാണ് ജസ്റ്റിന്‍ ട്രൂഡോ 'ക്വീന്‍'  ബാന്‍ഡിന്റെ ഗാനം ആലപിച്ചതെന്ന് ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. വീഡിയോയില്‍, ഹോട്ടല്‍ ലോബിയില്‍ ഫ്രെഡി മെര്‍ക്കുറി ഗാനം ആലപിക്കുന്ന പ്രധാനമന്ത്രിക്ക് ചുറ്റും ഒരു ചെറിയ ജനക്കൂട്ടം തടിച്ചുകൂടി നില്‍ക്കുന്നത് കാണാം. സെപ്റ്റംബര്‍ 17 ശനിയാഴ്ചയായിരുന്നു സംഭവം.

യുകെയുടെ 10 ദിവസത്തെ ദുഃഖാചരണ വേളയില്‍ വീഡിയോ റെക്കോര്‍ഡു ചെയ്തതിലൂടെ കനേഡിയന്‍ പ്രധാനമന്ത്രി 'അനുചിതമായി' പ്രവര്‍ത്തിച്ചുവെന്ന ആക്ഷേപമാണ് നെറ്റിസണ്‍സ് ഉന്നയിക്കുന്നത്. 

''തങ്ങളുടെ പ്രിയപ്പെട്ട രാജ്ഞിയുടെ ശവസംസ്‌കാരത്തിന്റെ തലേന്ന് ട്രൂഡോ പാര്‍ട്ടി നടത്തിയതിനെ ബ്രിട്ടീഷുകാര്‍ അഭിനന്ദിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. എന്തൊരു നാണക്കേട്,' ട്വിറ്ററില്‍ ഒരു ഉപയോക്താവ് കുറിച്ചതിങ്ങനെയാണ്.

ഇത് യഥാര്‍ത്ഥമാണോ? ഇയാള്‍ മദ്യപിച്ചിട്ടുണ്ടോ? യഥാര്‍ത്ഥ രാജ്ഞിയുടെ ശവസംസ്‌കാരത്തിന്റെ തലേന്ന് കാനഡയിലെ പ്രധാനമന്ത്രി ലണ്ടനില്‍ ക്വീന്‍ ബാന്‍ഡിന്റെ ബൊഹീമിയന്‍ റാപ്സോഡി പാടുകയാണോ ? ആശയക്കുഴപ്പത്തിലായ എന്നെ ആരെങ്കിലും സഹായിക്കൂ'' എന്നായിരുന്നു മറ്റൊരു ഉപയോക്താവിന്റെ പ്രതികരണം.

Other News