ഹുവാവേയില്‍ നിന്നും 5ജി ഉപകരണങ്ങള്‍: തീരുമാനം ഒക്ടോബറിനുശേഷം


JULY 19, 2019, 6:25 PM IST

ഓട്ടവ: ചൈനീസ് കമ്പനിയായ ഹുവാവേയില്‍ നിന്നും 5ജി നെറ്റ് വര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ തീരുമാനം ഒക്ടോബറിലെ ഫെഡറല്‍ തെരഞ്ഞെടുപ്പിന് ശേഷമേ ഉണ്ടാകൂ എന്ന് റിപ്പോര്‍ട്ട്. ഡിസംബറില്‍ ചൈനയുടെ പിടിയിലായ കനേഡിയന്‍ പൗരന്മാരെ വിട്ടയക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമാകാത്ത പശ്ചാത്തലത്തിലാണ് ജസ്റ്റിന്‍ ട്രൂഡോ ഭരണകൂടം തീരുമാനം വൈകിക്കുന്നത്. ഡിസംബറില്‍ രണ്ട് കനേഡിയന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തതിനുശേഷം ചൈന അവരില്‍ ചാരക്കുറ്റം ആരോപിക്കുകയായിരുന്നു. എന്നാല്‍ കാനഡ ഇത് നിഷേധിക്കുകയാണ്.

അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി ഹുവാവെ സിഎഫ്ഒ വാന്‍മെങ്‌ഴുവിനെ അറസ്റ്റ് ചെയ്തതിലുള്ള ചൈനയുടെ പ്രതികാരമാണ് രണ്ട് കനേഡിയന്‍ പൗരന്മാരുടെ അറസ്റ്റ് എന്നാണ് കാനഡയുടെ വാദം. അതിന് പുറമെ കനേഡിയന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചും ചൈന പ്രതികാര നടപടി തുടരുകയാണ്. ഈ അവസരത്തില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരായ കമ്പനിയുടെ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ കാനഡയില്‍ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. 

മാത്രമല്ല, ഇവരുടെ ഉപകരണങ്ങള്‍ വഴി ചാരപ്രവര്‍ത്തനം നടക്കുന്നു എന്ന അമേരിക്കന്‍ കണ്ടെത്തലാണ് വാന്‍മെങ്‌ഴുവിന്റെ അറസ്റ്റില്‍ കലാശിച്ചത്.

Other News