വിദേശികളുടെ സ്ഥിര താമസ രേഖയ്ക്ക് പ്രക്രിയ സുഗമമാക്കി കാനഡ


SEPTEMBER 23, 2022, 10:34 PM IST

ഒന്റാരിയോ: അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കും വിദേശ തൊഴിലാളികള്‍ക്കും സ്ഥിര താമസ (പി ആര്‍) രേഖ ലഭിക്കാനുള്ള പ്രക്രിയ സുഗമമാക്കുന്നതിന് കാനഡ പുതിയ പദ്ധതി തയ്യാറാക്കുന്നു. കാനഡ ഇമിഗ്രേഷന്‍ മന്ത്രി സീന്‍ ഫ്രേസര്‍ താല്‍ക്കാലിക വിസ സ്ഥിരതാമസമാക്കി മാറ്റുന്നതിനുള്ള പുതിയ പദ്ധതി അവതരിപ്പിച്ചു.

ജീവനക്കാരുടെ ക്ഷാമം അനുഭവപ്പെടുന്ന സ്ഥിരം മേഖലകളില്‍ മികച്ച പ്രവൃത്തി പരിചയമുള്ള വിദേശ തൊഴിലാളികള്‍ക്കും അന്തര്‍ദ്ദേശീയ വിദ്യാര്‍ഥികള്‍ക്കും സ്ഥിരതാമസത്തിലേക്കുള്ള മാറ്റം വിപുലീകരിക്കുകയാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്.

അഞ്ച് തലങ്ങളിലുള്ള സമീപനമാണ് ഇമിഗ്രേഷന്‍ റഫ്യൂജീസ് ആന്റ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐ ആര്‍ സി സി ) സ്വീകരിക്കുന്നത്. 

സ്തംഭം 1: 2022- 2024 ഇമിഗ്രേഷന്‍ ലെവല്‍ പ്ലാനില്‍ വിവരിച്ചിരിക്കുന്ന വര്‍ധിച്ച ഇമിഗ്രേഷന്‍ ലെവലുകള്‍ കാനഡയ്ക്ക് വലിയ സ്ഥിരമായ തൊഴില്‍ വിതരണം നല്‍കാന്‍ സഹായിക്കും. ഈ പദ്ധതി തൊഴില്‍ വിപണിയിലെ ക്ഷാമം പരിഹരിക്കുന്നതിനും കോവിഡാനന്തര സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുന്നതിനും സഹായിക്കുന്നതിന് കൂടുതല്‍ താല്‍ക്കാലിക തൊഴിലാളികള്‍ക്ക് സ്ഥിര താമസത്തിലേക്ക് മാറാനുള്ള അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നു.

സ്തംഭം 2: ഇമിഗ്രേഷന്‍ ആന്റ് റഫ്യൂജി പ്രൊട്ടക്ഷന്‍ ആക്ടിലെ സമീപകാല മാറ്റങ്ങളിലൂടെ എക്സ്പ്രസ് എന്‍ട്രിക്ക് കീഴിലുള്ള ഇമിഗ്രേഷന്‍ സെലക്ഷന്‍ ടൂളുകളിലെ വഴക്കം വര്‍ധിപ്പിച്ച് എക്സ്പ്രസ് എന്‍ട്രി സിസ്റ്റം പരിഷ്‌കരിക്കും.

എക്സ്പ്രസ് എന്‍ട്രിക്ക് കീഴിലുള്ള സമഗ്രമായ റാങ്കിംഗ് സിസ്റ്റവും മാനദണ്ഡങ്ങളും ഡിപ്പാര്‍ട്ട്മെന്റ് അവലോകനം ചെയ്യും. പ്രത്യേകിച്ച് കനേഡിയന്‍ തൊഴില്‍ പരിചയത്തിനും വിദ്യാഭ്യാസത്തിനും നല്‍കിയ പോയിന്റുകള്‍, ഭാഷാ പ്രാവീണ്യം, ജോലി വാഗ്ദാനം എന്നിവ അവലോകനത്തില്‍ ഉള്‍പ്പെടും. 

സ്തംഭം 3: കൂടുതല്‍ ആവശ്യമുള്ള തൊഴിലുകളിലെ അവശ്യ തൊഴിലാളികളുടെ താത്കാലികത്തില്‍ നിന്ന് സ്ഥിരതാമസത്തിലേക്കുള്ള പരിവര്‍ത്തനത്തെ സഹായിക്കുന്നതിന് സ്ഥിരമായ സാമ്പത്തിക കുടിയേറ്റ പരിപാടികള്‍ അപ്ഡേറ്റ് ചെയ്യും. നാഷണല്‍ ഒക്യുപേഷണല്‍ ക്ലാസിഫിക്കേഷന്‍ (എന്‍ ഒ സി) 2021ന്റെ ഏറ്റവും പുതിയ പതിപ്പ് സ്വീകരിക്കും. അത് നിരവധി സ്ഥിരമായ സാമ്പത്തിക കുടിയേറ്റ സാധ്യതകളില്‍ ആവശ്യാനുസരണം ചില തൊഴിലുകളിലേക്ക് യോഗ്യത വര്‍ധദ്ധിപ്പിക്കുകയും ആവശ്യമായ യോഗ്യതകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും അവരെ ഫെഡറല്‍, പ്രൊവിന്‍ഷ്യല്‍ അല്ലെങ്കില്‍ ടെറിട്ടോറിയല്‍ പ്രോഗ്രാമിംഗുമായി ബന്ധിപ്പിക്കുന്നതിനും പുതുതായി വരുന്നവരുടെ വിവരങ്ങളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 

ഫിസിഷ്യന്‍മാര്‍ക്കുള്ള തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതുപോലുള്ള ഉയര്‍ന്ന ആവശ്യങ്ങളുള്ള തൊഴിലാളികളെ മാറ്റുന്നതിനുള്ള മികച്ച മാര്‍ഗങ്ങള്‍ കണ്ടെത്തുന്നു. ഇന്‍-ഹോം കെയര്‍ഗിവിംഗ് തൊഴിലുകളിലും കാര്‍ഷിക- ഭക്ഷ്യ മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥിര താമസത്തിലേക്കുള്ള പരിവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിനായി പൈലറ്റ് പ്രോഗ്രാമുകളില്‍ മെച്ചപ്പെടുത്തലുകള്‍ അവതരിപ്പിക്കുന്നു.

സ്തംഭം 4: ഫ്രഞ്ച് സംസാരിക്കുന്നവരുടെ ഇമിഗ്രേഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കാനഡ പദ്ധതിയിടുന്നു. ഐ ആര്‍ സി സി നിലവില്‍ ക്യൂബെക്കിന് പുറത്ത് ഫ്രഞ്ച് കുടിയേറ്റം പരമാവധിയാക്കാനും ഒരു പുതിയ മുനിസിപ്പല്‍ നോമിനി പ്രോഗ്രാം കൂട്ടിച്ചേര്‍ക്കാനും പ്രവര്‍ത്തിക്കുന്നു.

സ്തംഭം 5: സര്‍ക്കാര്‍ നടപടിക്രമങ്ങളുടെ കഴിവുകള്‍ വര്‍ധിപ്പിക്കുകയും ഉപഭോക്താവിന്റെ അനുഭവം മെച്ചപ്പെടുത്തുകയും സാങ്കേതിക നവീകരണത്തിലൂടെ ഇമിഗ്രേഷന്‍ സമ്പ്രദായം പുതുക്കുകയും ചെയ്യും. ഇതിലൂടെ എത്രയും വേഗത്തില്‍ പുതുമുഖങ്ങള്‍ക്ക് സ്ഥിരതാമസ രേഖ അനുവദിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും. 

2.7 ദശലക്ഷം അപേക്ഷകളുടെ വന്‍തോതിലുള്ള വിസ ബാക്ക്ലോഗുമായി കാനഡ ബുദ്ധിമുട്ടുകയാണ്. 2022-ല്‍ 2019-നെ അപേക്ഷിച്ച് വിസ അപേക്ഷകളില്‍ 55 ശതമാനമാണ് വര്‍ധനവുണ്ടായത്. ഇത് ബാക്ക്ലോഗ് വര്‍ധിപ്പിക്കുന്നതിന് കാരണമായി. 

അഭൂതപൂര്‍വമായ കുതിച്ചുചാട്ടം ഉണ്ടായിരുന്നിട്ടും 2022 അവസാനത്തോടെ കാനഡ സാധാരണ നടപടിക്രമങ്ങളിലേക്കും സമയത്തിലേക്കും മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യയിലെ കാനഡ ഹൈക്കമ്മീഷണര്‍ കാമറൂണ്‍ മക്കേ പറഞ്ഞു.

ആഗസ്റ്റ് 22 വരെ കാനഡ 300,000 സ്ഥിര താമസക്കാരെയാണ് രാജ്യത്തേക്ക് സ്വാഗതം ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് ഈ നേട്ടം കൈവരിക്കാനായത്. മുന്‍ വര്‍ഷത്തേക്കാളും നേരത്തെ ഈ നാഴികക്കല്ല് മറികടന്നു. 2022-ല്‍ 431,000 സ്ഥിരതാമസക്കാരെയാണ് രാജ്യം ലക്ഷ്യമിടുന്നത്.

Other News