അന്താരാഷ്ട്ര യാത്രാ വാക്‌സിന്‍ പാസ്പോര്‍ട്ട് ഏര്‍പ്പെടുത്തി കാനഡ; നവംബര്‍ 30 മുതല്‍ വിമാനയാത്രയ്ക്ക് അത്യാവശ്യം


OCTOBER 22, 2021, 8:40 AM IST

ഓട്ടവ: കോവിഡ് -19 വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് അതിനുള്ള തെളിവായി സര്‍ട്ടിഫിക്കറ്റ്  (വാക്‌സിന്‍ പാസ്‌പോര്‍ട്ട് ) നല്‍കുന്ന നടപടികള്‍ ആരംഭിച്ചതായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യാഴാഴ്ച പ്രഖ്യാപിച്ചു.

''എല്ലാ പ്രവിശ്യകളും പ്രദേശങ്ങളും തങ്ങള്‍ വാക്‌സിനേഷന്റെ നിലവാരമുള്ള, ദേശീയ തെളിവുമായി മുന്നോട്ട് പോകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്,'' ട്രൂഡോ വ്യാഴാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു.

സസ്‌കാച്ചെവന്‍, ഒന്റാറിയോ, ക്യൂബെക്ക്, നോവ സ്‌കോട്ടിയ, ന്യൂഫൗണ്ട്ലാന്‍ഡ്, യൂക്കോണ്‍, നൂനാവൂട്ട്, വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങള്‍ എന്നിവ ദേശീയ നിലവാരമുള്ള വാക്‌സിനേഷന്‍ തെളിവുകള്‍ക്കായി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ബാക്കിയുള്ള പ്രവിശ്യകള്‍ ഇതിനുള്ള കഠിനപരിശ്രമത്തിലാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ഈ സ്റ്റാന്‍ഡേര്‍ഡ് സര്‍ട്ടിഫിക്കറ്റിനായി ഫെഡറല്‍ സര്‍ക്കാരാണ് ചെലവുകള്‍ വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബര്‍ 30 മുതല്‍ പ്രാബല്യത്തില്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ കാനഡക്കാര്‍ക്ക് വിമാനങ്ങളില്‍ വിദേശ-ആഭ്യന്തര യാത്രകള്‍ അനുവദിക്കില്ല.

പാസ്‌പോര്‍ട്ടില്‍ വാക്‌സിനേഷന്റെ തെളിവ് സംബന്ധിച്ച എല്ലാ വിവരങ്ങളും ഉള്‍പ്പെടുന്നു:

മുഴുവന്‍ പേരും ജനനത്തീയതിയും, വാക്‌സിനേഷന്‍ നടത്തിയ തീയതികള്‍, ഡോസുകളുടെ എണ്ണം, വാക്‌സിന്‍ തരം, ഉല്‍പ്പന്ന നാമം, ലോട്ട് നമ്പര്‍, എന്നിവ ഉള്‍പ്പെടെ 'നിഷ്പക്ഷവും വസ്തുതാപരവുമായ' കോവിഡ് -19 വാക്‌സിനേഷന്‍ ചരിത്രം സര്‍ട്ടിഫിക്കറ്റിലുണ്ടാകും.

വാക്‌സിനേഷന്‍ ചരിത്രം ഉള്‍പ്പെടുന്ന ഒരു ക്യുആര്‍ കോഡ് കൂടാതെ 'ലഭിച്ച കോവിഡ് -19 വാക്‌സിനുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ഉള്‍പ്പെട്ടേക്കാം

വാക്‌സിനേഷന്റെ ഈ തെളിവ് നിരവധി അന്താരാഷ്ട്ര യാത്രാ സ്ഥലങ്ങള്‍ അംഗീകരിച്ച സ്മാര്‍ട്ട് ഹെല്‍ത്ത് കാര്‍ഡ് മാനദണ്ഡം പാലിക്കുന്നുവെന്നും ഫെഡറല്‍ സര്‍ക്കാര്‍ സൂചിപ്പിച്ചിട്ടുണ്ട്.

Other News