ടെലിഫോണ്‍ ബില്ലും നികുതിയും വെട്ടിച്ചുരുക്കും: ജസ്റ്റിന്‍ ട്രൂഡോ


SEPTEMBER 23, 2019, 3:24 PM IST

ബ്രാംപ്റ്റണ്‍: മുഖത്ത് കറുത്തഛായമടിച്ചുള്ള പഴയ ഫോട്ടോ പുറത്തുവന്നതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് രംഗത്ത് കനത്ത തിരിച്ചടി നേരിടുന്ന പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പുതിയ വാഗ്ദാനങ്ങളുമായി രംഗത്ത്. തിരിച്ച് അധികാരത്തിലെത്തുന്നപക്ഷം ബ്രാംപ്റ്റണിലെ കുടുംബംഗങ്ങളുടെ നികുതിയും ടെലിഫോണ്‍ ചാര്‍ജും വെട്ടിക്കുറയ്ക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് പുതിയ വാഗ്ദാനം.

ന്യൂനപക്ഷമായ ഏഷ്യന്‍,ആഫ്രിക്കന്‍ വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന ബ്രാംപ്റ്റണിലെ മുഴുവന്‍ സീറ്റുകളും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലിബറലുകള്‍ തൂത്തുവാരിയിരുന്നു. ആ നേട്ടം ഇനിവരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ട്രൂഡോ പുതിയ തന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്. വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്ന പക്ഷം വര്‍ഷം തോറും 1500 ഡോളര്‍ കഠിനാധ്വാനികളായ ബ്രാംപ്റ്റണ്‍ നിവാസികളുടെ പോക്കറ്റില്‍ തിരികെയെത്തുമെന്ന് ട്രൂഡോ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

മുഖത്ത് കറുത്തഛായമടിച്ചുള്ള ജസ്റ്റിന്‍ ട്രൂഡോയുടെ ഫോട്ടോ കഴിഞ്ഞദിവസം ടൈംസ് മാഗസിനാണ് പുറത്തുവിട്ടത്. തുടര്‍ന്ന് അദ്ദേഹത്തിനെതിരെ കടുത്തജനരോഷമുടലെടുത്തിരുന്നു. നിരന്തരം ന്യൂനപക്ഷങ്ങള്‍ക്കും വംശീയതയ്ക്കുമെതിരെ വാദിക്കുന്ന ജസ്റ്റിന്‍ ട്രൂഡോ അവരെ അവഹേളിക്കുന്ന തരത്തില്‍ പ്രത്യക്ഷപ്പെട്ടത് അദ്ദേഹത്തിന്റെ കാപട്യത്തിന്റെ തെളിവാണെന്ന് ആരോപണമുയര്‍ന്നു.

നിരവധി ആഫ്രിക്കന്‍,ഏഷ്യന്‍ വംശജര്‍ ഫോട്ടോ തങ്ങളേയും കുടുംബാംഗങ്ങളേയും ഏറെ വേദനപ്പിച്ചുവെന്ന് വെളിപെടുത്തി. എന്‍ഡിപിയുടെ ജഗ്മീത് സിംഗും കണ്‍സര്‍വേറ്റീവുകളും എന്തിനേറെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് പോലും ഫോട്ടോ തങ്ങളെ ഞെട്ടിച്ചുവെന്ന് വെളിപെടുത്തി.

തുടര്‍ന്ന നിരവധി വേദികളില്‍ ജസ്റ്റിന്‍ ട്രൂഡോ മാപ്പിരക്കുന്ന കാഴ്ചയ്ക്കും തെരഞ്ഞെടുപ്പ് രംഗം സാക്ഷിയായി.

Other News