കനേഡിയന്‍ സൈന്യത്തിലെ  അതിക്രമങ്ങള്‍ക്ക് നഷ്ടപരിഹാരം


AUGUST 2, 2019, 1:02 PM IST

സായുധ സേനകളിലെ ലൈംഗികമായ അതിക്രമങ്ങളുടെ പേരില്‍ സമര്‍പ്പിച്ചിട്ടുളള കേസുകള്‍ ഒത്തുതീര്‍ക്കാന്‍  നഷ്ടപരിഹാരമായി  ഒരു ബില്യണ്‍ ഡോളര്‍ നല്‍കാമെന്ന് കനേഡിയന്‍   ഗവണ്മെന്റ് സമ്മതിച്ചു.

സായുധ സേനകളിലും നാഷണല്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലും പ്രവര്‍ത്തിച്ചിരുന്നവരാണ് നേരിടേണ്ടിവന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് വ്യാപകമായി പരാതിപ്പെട്ടിട്ടുള്ളത്. നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ബാധ്യത ഗവണ്മെന്റിന് ഉണ്ടെന്ന് അംഗീകരിക്കാതെയാണ് ഒത്തുതീര്‍പ്പിനു ഗവണ്മെന്റ് സന്നദ്ധമായിട്ടുള്ളത്.

നിലവിലുള്ളവരും മുമ്പുള്ളവരുമായ ജീവനക്കാര്‍ ഗ്രൂപ്പായി നല്‍കിയിട്ടുള്ള കേസുകള്‍  ഒത്തുതീര്‍പ്പാക്കുന്നതിനായി 900 മില്യണ്‍ ഡോളര്‍ ഗവണ്മെന്റ് നീക്കിവെച്ചിട്ടുണ്ട്. ലൈംഗികാതിക്രമങ്ങള്‍ക്കു പുറമെ ലൈംഗികമായ വിവേചനം കാട്ടിയ കേസുകളും ഇതിലുള്‍പ്പെടും.  കേസുകള്‍ നല്‍കിയവര്‍ക്ക് 5000 ഡോളര്‍ മുതല്‍ 55000  ഡോളര്‍ വരെ നഷ്ടപരിഹാരമായി ലഭിക്കും. ഓരോരുത്തര്‍ക്കും നേരിടേണ്ടിവന്ന അനുഭവങ്ങളുടെ അടിസ്ഥാനത്തിലാകും തുക നിശ്ചയിക്കുക. അപൂര്‍വം ചില കേസുകളില്‍ തുക 155000 ഡോളര്‍ വരെ ഉയരും. എത്രപേര്‍ കേസുകള്‍ നല്‍കിയെന്നതിനയാശ്രയിച്ച് തുകയില്‍ വ്യത്യാസം സംഭവിക്കാം.

ലൈംഗികമായ പെരുമാറ്റ ദൂഷ്യങ്ങളെ വലിയ ഗൗരവത്തോടെ സമീപിക്കുന്ന ഗവണ്‍മെന്റാണ് തന്റേതെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറയുന്നു. തൊഴിലിടങ്ങളിലും സമൂഹത്തിലും ആരും അരക്ഷിതരായി കാണപ്പെടരുത്. അതിക്രമങ്ങള്‍ക്ക്  ഇരയായവരുടെ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് ക്രിയാത്മകവും ശാശ്വതവുമായ മാറ്റങ്ങള്‍ വരുത്തുമെന്ന് ഡിഫന്‍സ് മന്ത്രി ഹര്‍ജിത് സജ്ജന്‍ പറഞ്ഞു.

ഒത്തുതീര്‍പ്പ് വ്യവസ്ഥ അംഗീകരിക്കുന്നതിന് സമയം നിശ്ചയിച്ചിട്ടുള്ളത് സെ്ര്രപംബറിലാണ്. സൈന്യത്തില്‍ 'ഓപ്പറേഷന്‍ ഓണര്‍' പോലുള്ള സംരംഭങ്ങള്‍ നടത്തും. ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ കേള്‍ക്കുന്നതിനും അന്വേഷണങ്ങള്‍ നടത്തുന്നതിനും ഒരു കേന്ദ്രം ആരംഭിക്കും.

ഒത്തുതീര്‍പ്പിനു മുമ്പായി വാദികള്‍ ഒരു ഗ്രൂപ്പായി കേസ് നല്‍കുന്നതിനു നടത്തുന്ന ശ്രമത്തെ ഗവണ്മെന്റ് അഭിഭാഷകര്‍ എതിര്‍ത്തു. ഏതെങ്കിലും ഒരു വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഓരോ വ്യക്തിക്കും സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാനുള്ള ബാധ്യത ഗവണ്‍മെന്റിനില്ല എന്ന വാദമാണവര്‍ ഉയര്‍ത്തിയത്. എന്നാല്‍ ആ ഭാഷയില്‍   ട്രൂഡോ  ആശങ്ക  പ്രകടിപ്പിക്കുകയും ഫെഡറല്‍ ഗവണ്മെന്റ് ഒത്തുതീര്‍പ്പിനു സന്നദ്ധമാകുകയുമായിരുന്നു.

Other News