ഒരു കനേഡിയൻ പൗരൻ കൂടി ചൈനീസ് കസ്റ്റഡിയിൽ


JULY 15, 2019, 4:25 PM IST

ഓട്ടവ: ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കി ചൈന ഒരു കനേഡിയൻ പൗരനെക്കൂടി അറസ്റ്റ് ചെയ്തു. നേരത്തെ യു.എസ് സമ്മർദ്ദത്തിന് വഴങ്ങി ചൈനീസ് കമ്പനിയായ ഹുവാവേയുടെ സിഎഫ്ഒ മെങ് വാങ്‌ഴുവിനെ കാനഡ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പ്രതികാരമായാണ് ഒരാളെക്കൂടി ചൈന അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളുടെ പേരും മറ്റ് വിവരങ്ങളും  പുറത്തുവിട്ടിട്ടില്ല. എന്നാൽ നയതന്ത്രതലത്തിലുള്ള സൗകര്യങ്ങൾ ചൈന ഇയാൾക്ക് ഒരുക്കികൊടുക്കുന്നുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. 

ഇതോടെ ഹുവായ് സംഭവുമായി ബന്ധപ്പെട്ട് ചൈനീസ് തടങ്കലിലുള്ള കനേഡിയൻ പൗരന്മാരുടെ എണ്ണം മൂന്നായി.മുൻ നയതന്ത്രജ്ഞൻ മൈക്കേൽ കോവ്‌റിംഗിനെയും സംരഭകൻ മൈക്കേൽ സ്പാവറിനെയും കഴിഞ്ഞ ഡിസംബറിൽ ചാരപ്രവൃത്തി കുറ്റം ആരോപിച്ച് ചൈന അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം കാനഡ-ചൈന ബന്ധം ചരിത്രത്തിലെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കനേഡിയൻ വിദേശകാര്യ വകുപ്പ് മന്ത്രി സമ്മതിച്ചു.ഈ സാഹചര്യം സംജാതമാക്കിയ യു.എസ് ഇടപെട്ട് ചൈനീസ് ഭീഷണി ഒഴിവാക്കണമെന്നും കാനഡ ആവശ്യപ്പെട്ടു. എന്നാൽ യു.എസ് ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

 കനേഡിയൻ പൗരനെ വധശിക്ഷയ്ക്ക് വിധിച്ചും കാനഡയിൽ നിന്നുള്ള കാർഷിക ഉത്പന്നങ്ങളുടെയും മറ്റ് വസ്തുക്കളുടെയും ഇറക്കുമതി നിരോധിച്ചും ചൈന കാനഡയ്‌ക്കെതിരെ പ്രതികാര നടപടി തുടരുകയാണ്. 

 അറസ്റ്റ് ചെയ്യപ്പെട്ട ഹുവായ് സിഎഫ്ഒ മെങ് വാങ്‌ഴുവിനെ വിട്ടുകിട്ടണമെന്ന യു.എസ് ആവശ്യം ഇപ്പോഴും കാനഡയുടെ പരിഗണനയിലാണ്. എന്നാൽ കാനഡ അവരെ യു.എസിന് വിട്ടുകൊടുക്കുന്നത് കാനഡയുടെ ദേശീയ താൽപര്യത്തിന് എതിരാകുമെന്ന വാദമാണ് വാങ്‌ഴുവിന്റെ അഭിഭാഷകർ മുന്നോട്ടുവയ്ക്കുന്നത്.

Other News