പ്രതിഷേധം ഫലം കണ്ടു: കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് അധികൃതര്‍ താമസ സൗകര്യം ഉറപ്പാക്കി


SEPTEMBER 19, 2023, 8:50 AM IST

മോണ്‍ട്രിയല്‍:  വിലക്കയറ്റത്തിനും ഭവനപ്രതിസന്ധിക്കും എതിരെയുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധങ്ങള്‍ ഫലം കാണുന്നു. പ്രശ്‌നപരിഹാരത്തിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് കനേഡിയന്‍ അധികാരികള്‍ ഇടപെട്ടു. ഒന്റാറിയോയിലെ നോര്‍ത്ത് ബേയിലുള്ള കാനഡോര്‍ കോളേജ് കാമ്പസില്‍ സെപ്റ്റംബര്‍ രണ്ടാം വാരത്തിലാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ആരംഭിച്ചത്.

പ്രതിഷേധം നാലാം നാളിലെത്തിയതിനുള്ളില്‍, കോളേജ് അഡ്മിനിസ്‌ട്രേഷനും വിദ്യാര്‍ത്ഥികളും ഒരു കരാറിലെത്തി, ചെലവുകുറഞ്ഞ ഭവനത്തിനുള്ള അവരുടെ അഭ്യര്‍ത്ഥനകള്‍ കണക്കിലെടുക്കാമെന്ന് കോളേജ് ഭരണസമിതി ഉറപ്പുനല്‍കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കാനഡയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ കോളേജ് ഗ്രൗണ്ടിന് സമീപത്തെ ടെന്റിലാണ് താമസിച്ചിരുന്നത്. സെപ്റ്റംബറില്‍ ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ 3,500 വിദേശ വിദ്യാര്‍ത്ഥികളാണ് കാനഡയില്‍ എത്തിയത്. കോളേജ് ഉള്‍പ്പെടുന്ന പ്രദേശമായ നോര്‍ത്ത് ബേയുടെ വലിപ്പക്കുറവും ഉയര്‍ന്ന വാടകയും കാരണം വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ താമസസ്ഥലം കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരുന്നു.

പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മോണ്‍ട്രിയല്‍ യൂത്ത് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ (MYSO) പിന്തുണയും സഹായവും നല്‍കി. പ്രക്ഷോഭത്തിനിടയായ സാഹചര്യത്തെ സംഘടന 'ഭവന പ്രതിസന്ധി' എന്നാണ് വിശേഷിപ്പിച്ചത്.

ഈ ആഴ്ച കൊമേഴ്സ് കോര്‍ട്ട് കാമ്പസില്‍ നടന്ന പ്രകടനങ്ങളില്‍ പങ്കെടുത്ത എല്ലാ കാനഡോര്‍ വിദ്യാര്‍ത്ഥികള്‍ക്കും നിലവില്‍ പാര്‍പ്പിട സൗകര്യം ഒരുക്കിയെന്ന് കോളേജിന്റെ വക്താവ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അടുത്ത ആഴ്ച നല്‍കുമെന്നും വക്താവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മിതമായ നിരക്കില്‍ താമസ സൗകര്യം ഒരുക്കുമെന്നും വിദ്യാര്‍ത്ഥികള്‍ മറ്റെവിടെയെങ്കിലും മാറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മുഴുവന്‍ ഫീസും തിരികെ നല്‍കുമെന്നും മോണ്‍ട്രിയല്‍ യൂത്ത് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഉറപ്പുനല്‍കിയെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ജീവിചച്ചെലവ്, ഭക്ഷ്യ പ്രതിസന്ധി, പൊതുസ്ഥലങ്ങളില്‍ വെച്ചുണ്ടാകുന്ന ആക്രമണങ്ങള്‍ എന്നിവയ്‌ക്കെതിരായ പ്രതിഷേധങ്ങളും കനേഡിയന്‍ സര്‍ക്കാര്‍ മുഖവിലയ്ക്ക് എടുത്തിട്ടുണ്ട്.

പ്രതിഷേധത്തെത്തുടര്‍ന്ന്,  വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവുമായി പൊരുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ചില ആശ്വാസ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ മറ്റൊരു കൗമാരക്കാരനുമായുള്ള വഴക്കിനെത്തുടര്‍ന്ന് 17 വയസ്സുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ബസ് സ്റ്റോപ്പില്‍ വച്ച് ആക്രമിക്കപ്പെട്ട സംഭവം പ്രതിഷേധത്തിനിടയാക്കിയിരുന്നു.

 സെപ്തംബര്‍ 11 ന് വീട്ടിലേക്കുള്ള യാത്രാമധ്യേ പബ്ലിക് ട്രാന്‍സിറ്റ് ബസില്‍ നിന്ന് ഇറങ്ങിയ 17 കാരനെ കൗമാരക്കാരനായ മറ്റൊരു വിദ്യാര്‍ത്ഥി  ബിയറോ കുരുമുളക് സ്‌പ്രേയോ ഉപയോഗിച്ച് ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷം സെന്‍ട്രല്‍ ഇന്റീരിയര്‍ സിറ്റിയില്‍ സിഖ് വിദ്യാര്‍ത്ഥിക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. മാര്‍ച്ചില്‍, ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ 21 കാരനായ ഇന്ത്യയില്‍ നിന്നുള്ള സിഖ് വിദ്യാര്‍ത്ഥി ഗഗന്‍ദീപ് സിംഗിനെ ഒരു കൂട്ടം അജ്ഞാതര്‍ ആക്രമിക്കുകയും തലപ്പാവ് വലിച്ചുകീറുകയും മുടിയില്‍ പിടിച്ച് നടപ്പാതയിലൂടെ വലിച്ചിഴക്കുകയും ചെയ്ത സംഭവം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Other News