വാക്‌സിന്‍ ലഭിക്കാത്തവര്‍ക്ക് ഡോസുകള്‍ ലഭ്യമാക്കാന്‍ ശ്രദ്ധ ചെലുത്തി കാനഡയിലെ ആരോഗ്യ വിഭാഗം


JANUARY 12, 2022, 11:06 PM IST

ഒന്റാരിയോ: കോവിഡ് വാക്‌സിനെടുക്കാത്തവര്‍ക്ക് ഒന്നും രണ്ടും ഡോസുകളും യോഗ്യരായവര്‍ക്ക് മൂന്നാം ഡോസും നല്കാന്‍ ആരോഗ്യ രംഗത്തുള്ളവര്‍ രംഗത്ത്. ഇതേ തുടര്‍ന്ന് ഈ മാസം 16.1 ദശലക്ഷം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ പ്രവിശ്യകളിലേക്ക് ആവശ്യമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് എത്തിക്കാന്‍ കാനഡ സര്‍ക്കാര്‍ ഒരുങ്ങുന്നു. 

ഒമിക്രോണ്‍ വ്യാപനം തടയാന്‍ നിലവിലുള്ള വാക്‌സിനുകള്‍ ഫലപ്രദമല്ലെന്നാണ് ആദ്യകാല ഡാറ്റ സൂചിപ്പിക്കുന്നത്. വാക്‌സിനേഷനെടുത്തവര്‍ക്ക് ആശുപത്രി വാസവും മരണവും പോലുള്ള ഗുരുതരാവസ്ഥകള്‍ അനുഭവപ്പെടാന്‍ സാധ്യത കുറവാണ്. 

ഒന്റാരിയോയില്‍ 12 വയസ്സും അതില്‍ കൂടുതലുമുള്ളവരില്‍ ഒന്‍പത് ശതമാനത്തില്‍ താഴെ മാത്രമാണ് വാക്‌സിനെടുത്തവരുടെ എണ്ണം. രണ്ട് ഡോസ് വാക്‌സിന്‍ ഇല്ലാത്തവരാണ് തീവ്രപരിചരണ വിഭാഗങ്ങളില്‍ പകുതിയുമുള്ളത്. 

ഹെല്‍ത്ത് കാനഡയുടെ ഡാറ്റ പ്രകാരം മൊഡേണ വാക്‌സിന്റെ 9.3 ദശലക്ഷം ഡോസുകളും ഫൈസറിന്റെ 6.8 ദശലക്ഷം ഡോസുകളും ഈ മാസം കാനഡയിലെത്തും. കഴിഞ്ഞ ആഴ്ച അഞ്ച് ലക്ഷം ഫൈസര്‍ വാക്‌സിനാണ് എത്തിയത്. ഇനി ഈ മാസം 6.3 ദശലക്ഷം ഡോസുകള്‍ കൂടി എത്താനുണ്ട്. 

രണ്ട് കമ്പനികളുടേയും വാക്‌സിന്‍ ലഭ്യമാക്കുന്നതോടെ എല്ലാ കനേഡിയന്‍മാര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്കാനാവശ്യമായ ഡോസുകള്‍ വിതരണം ചെയ്യും. അതേസമയം ഇതുവരെ കോവിഡ് വാക്‌സിന്‍ ലഭിക്കാത്തവര്‍ക്കും രണ്ടാമത്തെ ഡോസ് കിട്ടിയിട്ടില്ലാത്തവര്‍ക്കും വാക്‌സിന്‍ ലഭ്യമാണെന്ന് ഉറപ്പു വരുത്തുന്നത് തുടരുമെന്നും ആരോഗ്യ വകുപ്പ് വക്താവ് പറഞ്ഞു.

Other News