പ്രവചനങ്ങള്‍ കാറ്റില്‍ പറത്തി കനേഡിയന്‍ സമ്പദ് വ്യവസ്ഥ വളര്‍ച്ച കൈവരിച്ചു


APRIL 2, 2019, 4:04 PM IST

പ്രവചനങ്ങള്‍ തെറ്റിച്ച് കനേഡിയന്‍ സമ്പദ് വ്യവസ്ഥ ജനുവരിയില്‍ 0.3 ശതമാനം വളര്‍ന്ന് 1.950 ട്രില്ല്യണ്‍ ഡോളറിന്റെ ആഭ്യന്തരവളര്‍ച്ചാ നിരക്ക് കൈവരിച്ചു.

2018 അവസാനപാദത്തില്‍ വളര്‍ച്ചാനിരക്ക് കുത്തനെ താഴോട്ട് പോയിട്ടും രണ്ട് വര്‍ഷമായി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന പലിശ നിരക്ക് കുറയ്ക്കാന്‍ റോയല്‍ബാങ്ക് ഓഫ് കാനഡ തയ്യാറായിരുന്നില്ല. ഇതുകാരണം ജനുവരിയിലും വളര്‍ച്ച കുറയുമെന്ന ആശങ്കയിലായിരുന്നു സാമ്പത്തിക വിദഗ്ദ്ധര്‍. എന്നാല്‍ പ്രവചനങ്ങള്‍ക്ക് വിരുദ്ധമായി സമ്പദ് വ്യവസ്ഥ .3 ശതമാനം വളര്‍ച്ച കൈവരിച്ചത് ഇവരെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.

അടിമുടി മാറ്റമെന്നാണ് ടിഡിബാങ്ക് സാമ്പത്തിക വിദഗ്ദ്ധന്‍ ബ്രയാന്‍ ഡിപ്രാറ്റോ മാറ്റത്തെ വിശേഷിപ്പിച്ചത്.  2018 അവസാന പാദത്തില്‍ കനേഡിയന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വെറും 0.4ശതമാനം വളര്‍ച്ചമാത്രമേ കൈവരിക്കാന്‍ സാധിച്ചിരുന്നുള്ളൂ.നിലവില്‍ 1.75 ശതമാനമാണ് പലിശനിരക്ക്. 

സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ പരക്കെ ഉണര്‍വുണ്ടായിട്ടുണ്ട്. ഇരുപതില്‍

പതിനെട്ട് വ്യാവസായികമേഖലകളും നേട്ടം കൈവരിച്ചു. അതില്‍ ഏറ്റവും മികവ് പ്രകടിപ്പിച്ച ഉത്പാദനമേഖല 1.5 ശതമാനം വളര്‍ന്ന് അതിന് തൊട്ടുമുന്‍മാസങ്ങളില്‍ മേഖലയ്ക്കുണ്ടായ ഇടിവിന് പ്രായശ്ചിത്തം ചെയ്തു.

നിര്‍മ്മാണമേഖല 2013 പകുതിയ്ക്ക് ശേഷമുള്ള ഏറ്റവും മികച്ച നിരക്കായ 1.9 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. 

അതേസമയം ആപത് സൂചന നല്‍കി ഗ്യാസ്,എണ്ണ,മൈനിംഗ് മേഖല 3.1 ശതമാനം ചുരുങ്ങി. ആല്‍ബര്‍ട്ട പ്രവിശ്യ എണ്ണ ഉത്പാദനം നിറുത്തിയതുകാരണം എണ്ണ സംസ്‌ക്കരിക്കുന്നതില്‍ 2.6 ശതമാനമാണ് ജനുവരിയില്‍ കുറവുണ്ടായത്. 

 വളര്‍ച്ചാനിരക്കില്‍ വര്‍ദ്ധനവുണ്ടായെങ്കിലും സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറവാണെന്നാണ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.