കാനഡയുടെ ചവറെല്ലാം കാനഡയിലെത്തി


JULY 6, 2019, 5:04 PM IST

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫിലിപ്പൈന്‍സില്‍ കാനഡ നിക്ഷേപിച്ചിരുന്ന ടണ്‍ കണക്കിന് ചവറു മാലിന്യങ്ങള്‍ തിരിച്ച് കാനഡയിലെത്തി. ഇരുരാജ്യങ്ങളും തമ്മില്‍ രൂക്ഷമായിത്തീര്‍ന്ന നയതന്ത്ര സംഘര്‍ഷത്തിന് ഇതോടെ അന്ത്യവുമായി.

ആകെ 69 കണ്ടെയിനറുകളിലായാണ് ചവറുമാലിന്യങ്ങള്‍ ഫിലിപ്പീന്‍സില്‍ എത്തിയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഈ കണ്ടെയ്‌നറുകള്‍ ഫിലിപ്പൈന്‍സില്‍ തുറമുഖത്ത് തടഞ്ഞുവയ്ക്കപ്പെട്ടു. അവ വഹിക്കുന്ന കപ്പല്‍ വാന്‍കൂവര്‍ തുറമുഖത്ത് ഈയാഴ്ച്ചയെത്തിയതോടെ ലോകത്തിന്റെ ചവറു കൂടയായി മാറുന്നന്നതില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഉയരുന്ന പ്രതിഷേധത്തിന്റെ ഒരു വിജയസൂചനയായി അത് മാറി. 

ചവറു മാലിന്യങ്ങളുടെ പേരില്‍ കാനഡയും ഫിലിപ്പൈന്‍സും തമ്മിലുള്ള വഴക്കു തുടങ്ങിയത് 2013 ലും 2014ലുമായിട്ടാണ്. പുനഃചംക്രമണം ചെയ്യാവുന്ന പ്ലാസ്റ്റിക് എന്ന പേരില്‍ ഒരു കനേഡിയന്‍ കമ്പനിയാണ് കണ്ടെയിനറുകള്‍ കപ്പലില്‍ അയച്ചത്. 

എന്നാലത് പേപ്പര്‍, പ്ലാസ്റ്റിക്, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, അടുക്കള മാലിന്യങ്ങളും ഡയപ്പറുകളുമുള്‍പ്പടെയുള്ള  വീടുകളിലെ ചവറുകള്‍ എന്നിവയെല്ലാംകൂടി ചേര്‍ന്ന ഒരു മിശ്രിതമായിരുന്നു. 

പ്ലാസ്റ്റിക്കുകളും അടുക്കള മാലിന്യങ്ങളും ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുന്ന നിയമം ഫിലിപ്പൈന്‍സില്‍ പ്രാബല്യത്തിലുണ്ട്. 

കുറെ മാലിന്യങ്ങള്‍ ഫിലിപ്പൈന്‍സില്‍ത്തന്നെ സംസ്‌കരിച്ചു. മറ്റുള്ളവ വര്‍ഷങ്ങളായി തുറമുഖങ്ങളില്‍ത്തന്നെ കെട്ടിക്കിടന്നു. 

പ്രശ്‌നം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെയും മലിനമാക്കി. എന്നാല്‍ ചവറുമാലിന്യങ്ങള്‍ തിരിച്ചുകൊണ്ടു പോയില്ലെങ്കില്‍ കാനഡക്കെതിരെ യുദ്ധം പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് റോഡ്രിഗോ ഡുവാര്‍ട്ടെ  ഭീഷണിമുഴക്കിയതോടെ ഇക്കഴിഞ്ഞ ഏപ്രിലില്‍ പ്രശ്‌നം രൂക്ഷമായി.

ചവറുകള്‍ തിരിച്ചുകൊണ്ടുപോകുന്നതിനു മെയ് 15 വരെയാണ് സമയം അനുവദിച്ചിരുന്നത്. എന്നാല്‍ അതിനകം തന്നെ അവ തിരികെ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ കാനഡ തുടങ്ങിയിരുന്നു. ഫിലിപ്പൈന്‍സിനൊപ്പം നിലകൊള്ളുന്നതായും ആ രാജ്യവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണെന്നും കനേഡിയന്‍ പരിസ്ഥിതി മന്ത്രി കാതറിന്‍ മക്കന്ന പറഞ്ഞു. 

തെക്കു കിഴക്കന്‍ ഏഷ്യയിലെ പുഴകളില്‍ നിറഞ്ഞ പ്ലാസ്റ്റിക്മാലിന്യങ്ങളുടെയും ഉദരത്തിനുള്ളില്‍ കിലോക്കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളുമായി ചത്തൊടുങ്ങിയ സമുദ്ര ജീവികളുടെയും ചിത്രങ്ങള്‍ ആഗോള തലത്തില്‍ത്തന്നെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഭീതി വളര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഫിലിപ്പൈന്‌സിലും പ്രതിഷേധം ആരംഭിച്ചത്. 

വര്‍ഷങ്ങളായി ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ചൈന സ്വീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആ വാതിലുകള്‍ ചൈന അടച്ചു. പരിസ്ഥിതി ശുചീകരണം തന്നെയായിരുന്നു ലക്ഷ്യം. അതിനു ശേഷം മലേഷ്യയും ഇന്തോനേഷ്യയുമുള്‍പ്പടെയുളള തെക്കുകിഴക്കന്‍ ഏഷ്യയിലേക്കു വലിയ തോതില്‍ അവ അയച്ചുകൊണ്ടിരുന്നു. കുറഞ്ഞൊരളവില്‍ ഫിലിപ്പൈന്‍സിലേക്കും അയച്ചു. 

ഫിലിപ്പൈന്‍സുമായുണ്ടായതുപോലുള്ള പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ 2016 നവംബറില്‍ കാനഡ ചവറു സംസ്‌കരണത്തെ സംബന്ധിച്ച നിയമങ്ങള്‍ ഭേദഗതി ചെയ്യുകയുണ്ടായി.  അപകടകരമായ ചവറുമാലിന്യങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് ഇപ്പോള്‍ കാനഡയില്‍ പ്രത്യേക അനുമതി ആവശ്യമാണ്. ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ സമ്മതം ലഭിച്ചാല്‍ മാത്രമേ അനുമതി നല്‍കുകയുള്ളൂ. എങ്കില്‍പ്പോലും വെല്ലുവിളികള്‍ അവശേഷിക്കുകയാണ്.

പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കണ്ടെയിനറുകള്‍  ഒരു സ്വകാര്യ കമ്പനി ക്വലാലംപുരിലേക്കു കയറ്റി അയച്ചതിനു മേയില്‍ മലേഷ്യ കാനഡയെ വിമര്‍ശിച്ചിരുന്നു. യുഎസ് മുതല്‍  ജപ്പാന്‍ വരെയുള്ള രാജ്യങ്ങളുമായി സാമ്പത്തിക വികസനകാര്യത്തില്‍ താരതമ്യം ചെയ്യാവുന്ന കാനഡ പ്രതിശീര്‍ഷാടിസ്ഥാനത്തില്‍ കൂടുതല്‍ വേസ്റ്റ്  പേപ്പര്‍  ഉല്‍പ്പാദിപ്പിക്കുന്നതായി കോണ്‍ഫറന്‍സ് ബോര്‍ഡ് ഓഫ് കാനഡ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. അവയില്‍ ബഹുഭൂരിപക്ഷവും ഭൂമിയിലേക്കാണ് വലിച്ചെറിയപ്പെടുന്നത്. 

ചവറു മാലിന്യങ്ങള്‍ കയറ്റുമതി ചെയ്യാതെ അവ സ്വന്തമായി സംസ്‌കരിക്കുന്നതിനുള്ള  മാര്‍ഗങ്ങള്‍ വികസിത രാജ്യങ്ങള്‍ ആവിഷ്‌കരിക്കണമെന്നാണ് പരിസ്ഥിതിവാദികള്‍ ആവശ്യപ്പെടുന്നത്. ഉല്‍പ്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് ഗണ്യമായി കുറച്ചാല്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും  കുറയുമെന്ന് അവര്‍ ധപറയുന്നു. ഫിലിപ്പൈന്‍സില്‍ നിന്ന് മടക്കി അയച്ച മാലിന്യങ്ങളില്‍ നിന്നും ഊര്‍ജ്ജമുണ്ടാക്കാന്‍ കഴിയുന്ന ഇന്‍സിനറേറ്ററുകളില്‍ അവ നിക്ഷേപിക്കുമെന്ന് കനേഡിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.