ഒട്ടാവ: ഒക്ടോബറില്‍ ഇന്ത്യയിലേക്കുള്ള വ്യാപാര ദൗത്യം കാനഡ സര്‍ക്കാര്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു. ഓഗസ്റ്റില്‍ ഏര്‍ലി പ്രോഗ്രസ് ട്രേഡ് എഗ്രിമെന്റ് താത്ക്കാലികമായി നിര്‍ത്തിയതിന് പിന്നാലെയാണിത്.
അഞ്ച് ദിവസത്തെ ടീം കാനഡ വ്യാപാര ദൗത്യം അന്താരാഷ്ട്ര വ്യാപാര, കയറ്റുമതി പ്രോത്സാഹന, ചെറുകിട ബിസിനസ്, സാമ്പത്തിക വികസന മന്ത്രി മേരി എന്‍ജിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍
ഒന്‍പതിനായിരുന്നു ആരംഭിക്കേണ്ടിയിരുന്നത്.
ഇന്ത്യന്‍ ദൗത്യം മാറ്റിവെക്കുന്നതിനെ കുറിച്ചുള്ള കാരണങ്ങളൊന്നും അറിയില്ലെന്നാണ് കനേഡിയന്‍ പ്രസ് ഏജന്‍സി മന്ത്രിയുടെ ഓഫിസിനെ ഉദ്ധരിച്ച് പറയുന്നത്. മാധ്യമങ്ങളിലൂടെ മാത്രമാണ് തങ്ങള്‍ തീരുമാനം അറിഞ്ഞതെന്ന് മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കനേഡിയന്‍ പ്രദേശത്ത് ഇന്ത്യക്കെതിരെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുന്നതു വരെ വ്യാപാര ചര്‍ച്ചകള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചതായി ന്യൂഡല്‍ഹിയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് കാനഡയുടെ പ്രഖ്യാപനം.
ഈ വര്‍ഷം മെയ് മാസം വാണിജ്യ- വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ ഉഭയകക്ഷി സന്ദര്‍ശനത്തിനായി കാനഡയില്‍ എത്തിയപ്പോഴാണ് വ്യാപാര ദൗത്യം പ്രഖ്യാപിച്ചത്.
കാനഡയിലെ ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങളെ ചൊല്ലിയുള്ള തര്‍ക്കം ബന്ധം വിച്ഛേദിക്കുന്നതിലെ ഏറ്റവും പുതിയ സംഭവവികാസമാണ് സന്ദര്‍ശനം മാറ്റിവയ്ക്കല്‍. ജി 20 നേതാക്കളുടെ ഉച്ചകോടിയുടെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിലെ തീവ്രവാദ ഘടകങ്ങളുടെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനെക്കുറിച്ചുള്ള ന്യൂഡല്‍ഹിയുടെ ശക്തമായ ആശങ്കകള്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ അറിയിച്ചിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ സിഖ് ഫോര്‍ ജസ്റ്റിസ് എന്ന വിഘടനവാദ സംഘടന, ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഒരു ഗുരുദ്വാരയില്‍ ഖാലിസ്ഥാന്‍ റെഫറണ്ടം എന്ന് വിളിക്കുന്ന ഒരു പരിപാടി തിടുക്കത്തില്‍ സംഘടിപ്പിക്കുകയും തുടര്‍ന്ന് ഒക്ടോബര്‍ 29ന് അതേ പട്ടണത്തില്‍ മറ്റൊരു റൗണ്ട് വോട്ടെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു.
കാനഡയും ഇന്ത്യയും ശക്തമായ ചരിത്രവും ഉജ്ജ്വലവുമായ സാമ്പത്തിക പങ്കാളിത്തവും പങ്കിടുന്ന രാജ്യങ്ങളാണെന്നും ഭാവി കാലാകാലങ്ങളില്‍ ഉണ്ടായേക്കാവുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കണക്കിലെടുക്കാതെ ഈ ബന്ധം തുടരുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായി വ്യാപാര ദൗത്യം തത്ക്കാലം നിര്‍ത്തലാക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് കാനഡ ബിസിനസ് കൗണ്‍സില്‍ പ്രസിഡന്റും സി ഇ ഒയുമായ ഗോള്‍ഡി ഹൈഡര്‍ പറഞ്ഞു.