കത്തുകള്‍ യു.എസ് ഉദ്യോഗസ്ഥര്‍ തുറന്നുവായിക്കുന്നു;പരാതിയുമായി കനേഡിയന്‍ ദ്വീപ് നിവാസികള്‍!


DECEMBER 2, 2019, 3:59 PM IST

കാനഡ ന്യൂബ്രുണ്‍സ്വിക്കിലെ വടക്കുപടിഞ്ഞാറന്‍ മുനമ്പില്‍ സ്ഥിതി ചെയ്യുന്ന കാംപ്‌ബെല്ലോ ദ്വീപ് നിവാസികള്‍ അരിശത്തിലാണ്. തങ്ങളുടെ മേല്‍വിലാസത്തിലേയ്ക്കുള്ള തപാലുകള്‍ യു.എസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവയ്ക്കുന്നതാണ് കാരണം. ദ്വീപ് കാനഡയിലാണുള്ളതെങ്കിലും യു.എസ് സംസ്ഥാനമായ മെയ്‌ന് വഴി മാത്രമേ ഇവിടേയ്ക്ക് പ്രവേശനം സാധ്യമാകൂ. അതുകൊണ്ടുതന്നെ കനേഡിയന്‍ പോസ്റ്റല്‍ ഏജന്‍സി വഴി എത്തുന്ന തപാലുകള്‍ യു.എസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവയ്ക്കുകയും തുറന്ന് പരിശോധിക്കുകയും ചെയ്യുന്നു.

പല തപാലുകളും കൊറിയറുകളും പച്ച ലേബല്‍ പതിച്ചാണ് കയ്യിലെത്തുക. യു.എസ് ഉദ്യോഗസ്ഥര്‍ തുറന്ന് പരിശോധിച്ചിരിക്കുന്നു എന്ന് രേഖപ്പെടുത്താനായി പതിപ്പിച്ചതാണ് ഈ പച്ച ലേബലുകള്‍. ഇതും കൂടിയാകുന്നതോടെ ദ്വീപ് നിവാസികളുടെ സകല നിയന്ത്രണങ്ങളും വിട്ടുപോകുന്നു. തങ്ങളുടെ സ്വകാര്യതയിലേയ്ക്ക് കടന്നുകയറാന്‍ യു.എസിന് ആരാണ് അധികാരം നല്‍കിയതെന്ന ഇവരുടെ ചോദ്യത്തിന് പക്ഷെ പലപ്പോഴും ഉത്തരം ലഭിക്കാറില്ല എന്നുമാത്രം. 

അതിര്‍ത്തിയിലെത്തുന്ന എന്തും യു.എസ് ഉദ്യോഗസ്ഥര്‍ക്ക് തുറന്നു പരിശോധിക്കാനുള്ള വസ്തുക്കളാണ് എന്നാണ് ഇതിനെക്കുറിച്ച് പോസ്റ്റ് മാസ്റ്റര്‍ കാതലീന്‍ കെയ്‌സ് പ്രതികരിച്ചത്. മെയ്‌നിലുള്ള അന്തര്‍ദ്ദേശീയ ഫ്രാങ്കഌന്‍ ഡെലാനോ റൂസ് വെല്‍റ്റ് പാലം കടന്നുവേണം കാംപോബെല്ലോവിലെത്താന്‍. കഴിഞ്ഞ ദിവസം ഇതുവഴി വന്ന കനേഡിയന്‍ പോസ്റ്റല്‍ ഏജന്‍സിയുടെ കണ്ടെയ്‌നര്‍ യു.എസ് ഉദ്യോഗസ്ഥര്‍ തുറന്ന് പരിശോധന നടത്തി.മാത്രമല്ല തങ്ങളുടെ പല രഹസ്യങ്ങളും ചോര്‍ത്തപ്പെടുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.

 തങ്ങളുടെ സാമ്പത്തിക,ചികിത്സാസംബന്ധിയായ രഹസ്യവിവരങ്ങള്‍ ഇതിനോടകം യു.എസ് അധികൃതരുടെ കയ്യിലെത്തിയിട്ടുണ്ടാകുമെന്നും ഇവര്‍ ഭയക്കുന്നു.  അയക്കുന്ന പല വസ്തുക്കളും ലഭ്യമാകുന്നുമില്ല. ഉദാഹരണത്തിന് കഞ്ചാവ്. കഞ്ചാവുപയോഗം കാനഡയില്‍ നിയമാനുസൃതമാണെങ്കിലും യു.എസില്‍ അങ്ങിനെയല്ല. അതുകൊണ്ടുതന്നെ ചികിത്സാസംബന്ധിയായി ഇവിടേയ്ക്ക് കഞ്ചാവയ്ക്കാന്‍ ഒരു നിര്‍വാഹവുമില്ല. അത്തരം കേസുകള്‍ ഇപ്പോള്‍ ദ്വീപിന് പുറത്തേയ്ക്ക് റഫര്‍ ചെയ്യുകയാണ് ഇപ്പോള്‍ ഇവിടുത്തെ ഡോക്ടര്‍മാര്‍.

ഇനിവരാനിരിക്കുന്ന പാര്‍ലമെന്റ് സെഷനില്‍ പ്രശ്‌നം അവതരിപ്പിക്കാനൊരുങ്ങുമെന്ന് ഇത് സംബന്ധിച്ച് ഇവിടുത്തെ കണ്‍സര്‍വേറ്റീവ് എം.പി ജോണ്‍ വില്ല്യംസണ്‍ പ്രതികരിച്ചു. ഇത് ഒരു ക്രിസ്മസ് കാര്‍ഡിന്റെ അല്ല, മറിച്ച് കാനഡയുടെ സ്വയംഭരണത്തിന്റെ പ്രശ്‌നമാണെന്ന് അദ്ദേഹം പറയുന്നു. ഏതാണ്ട് 800 ഓളം പേരാണ് ദ്വീപില്‍ താമസിക്കുന്നത്. യു.എസ് -കാനഡ സൗഹൃദത്തിന്റെ പ്രതീകമായാണ് അറിയപ്പെടുന്നെങ്കിലും ദ്വീപ് നിവാസികളുടെ സ്വകാര്യത ഹനിക്കപ്പെടുകയാണെന്ന് തദ്ദേശവാസിയായ ജേര്‍ണലിസ്റ്റ് സ്റ്റീവ് ഹാച്ച് പറഞ്ഞു. 

Other News