നിസ്സാരകാര്യങ്ങള്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചയാക്കുന്ന നേതാക്കള്‍ക്കെതിരെ വ്യവസായ സമൂഹം


OCTOBER 15, 2019, 7:59 PM IST

ടൊറന്റോ: താല്‍ക്കാലിക ലാഭം നോക്കാതെ  ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യമാക്കുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്ന് ഫെഡറല്‍ ഇലക്ഷന്‍ നേരിടാനൊരുങ്ങുന്ന നേതാക്കള്‍ക്ക് രാജ്യത്തെ വ്യവസായികളുടെയും സാമ്പത്തിക വിദഗ്ദ്ധരുടേയും ഉപദേശം. കാനഡയുടെ പ്രതീക്ഷിക്കപ്പെടുന്ന വളര്‍ച്ചാ നിരക്കായ 1.8 ശതമാനം ജനസംഖ്യാനുപാതികമായി കണക്കാക്കുമ്പോള്‍ കൂടുതലല്ലെന്നും കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അത് ജനജീവിതത്തെ ബാധിച്ചുതുടങ്ങുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു. 

നാലുപാര്‍ട്ടികളുടെയും നേതാക്കള്‍ക്ക് ഈ കാര്യത്തില്‍ വ്യക്തതയില്ലെന്ന് അഭിപ്രായപ്പെടുന്നത് ബാങ്ക് ഓഫ് കാനഡ മുന്‍ ഗവര്‍ണര്‍ ബെന്നറ്റ് ജോണ്‍സാണ്. വളര്‍ച്ച, സമ്പത്തും വരുമാനവും സൃഷ്ടിക്കല്‍ എന്നീ കാര്യങ്ങളെക്കുറിച്ച് ഇവര്‍ നിശബ്ദത പാലിക്കയാണെന്നും ബെന്നറ്റ് ജോണ്‍സ് കുറ്റപ്പെടുത്തുന്നു.പകരം ടെലിഫോണ്‍ബില്‍ കുറയ്ക്കലും ബോട്ടിക്ക് നികുതിയിളവുമാണ് ഇവിടെ ചര്‍ച്ചയാകുന്നത്.

കാനഡയുടെ ഉത്പാദനവളര്‍ച്ചയില്‍ ഈ അലംഭാവം പ്രകടമാണ്. രണ്ടാം പാദത്തില്‍ ഉത്പാദനം വെറും 0.3 ശതമാനം മാത്രമാണ് വളര്‍ന്നതെന്നും യു.എസിലിത് 1.8 ശതമാനമാണെന്നും ജോണ്‍സ് ചൂണ്ടിക്കാട്ടുന്നു. ഉത്പാദനത്തില്‍ വര്‍ധനവുണ്ടായങ്കില്‍ മാത്രമേ വ്യക്തിഗത വരുമാനം കൂടുകയുള്ളൂ,

ഒരു ക്ലൗഡ് ബിസിനസ് സ്ഥാപനമായ സെയ്ജ് നടത്തിയ സര്‍വേയില്‍ മൂന്നില്‍ രണ്ട് വ്യവസായികള്‍ വിശ്വസിക്കുന്നത് രാജ്യം നിക്ഷേപസൗഹൃദമല്ല എന്നാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫെഡറല്‍ സര്‍ക്കാറിന്റെ നയങ്ങള്‍ക്ക് കഴിയുന്നില്ലെന്നും വ്യവസായികള്‍ അഭിപ്രായപ്പെട്ടു.

മുതിര്‍ന്ന സാമ്പത്തിക ശാസ്ത്രജ്ഞനായ ക്രെയ്ഗ് അലക്‌സാണ്ടര്‍ പറയുന്നതനുസരിച്ച് സമ്പദ് വ്യവസ്ഥയുടെ ദീര്‍ഘകാല നേട്ടങ്ങള്‍ക്കായി സര്‍ക്കാര്‍അടിസ്ഥാനസൗകര്യങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്തണം. അതേസമയം നിയന്ത്രണങ്ങള്‍ കുറയ്ക്കാനും നവീനാശയങ്ങള്‍ പടുത്തുയര്‍ത്താനും ശ്രമമുണ്ടാകുകയും വേണം. കനേഡിയന്‍ വ്യവസായം കൂടുതല്‍ മത്സരക്ഷമമാകേണ്ടതുണ്ടെന്നും അതിനായി നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ക്ലബ് കോഫീ സ്ഥാപകനായ ജോണ്‍ പിഗോട്ട് അഭിപ്രായപ്പെട്ടു.സ്വകാര്യപൊതുമേഖല നിക്ഷേപങ്ങളുയര്‍ത്തി ഉത്പാദനം വര്‍ധിപ്പിക്കുന്ന ദീര്‍ഘകാല ലക്ഷ്യങ്ങള്‍ ഇവര്‍ക്കുണ്ടാകണം.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് കോര്‍പറേറ്റ് ടാക്‌സ് കുറച്ചതും കനേഡിയന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കോട്ടമുണ്ടാക്കിയിട്ടുണ്ട്. ഇതോടെ കൂടുതല്‍ കമ്പനികള്‍ യു.എസില്‍ നിക്ഷേപ സാധ്യത തേടുകയാണ്. കഴിഞ്ഞദിവസം ലോകസാമ്പത്തിക ഫോറം പുറത്തുവിട്ട മത്സരക്ഷമമായ വിപണികളുടെ ലിസ്റ്റില്‍ രണ്ടുസ്ഥാനം പുറകോട്ടുപോയി കാനഡ പതിനാലാം സ്ഥാനത്തെത്തിയിരുന്നു.

Other News