പ്രസിഡന്റ് ട്രമ്പിന്റെ വംശീയാധിക്ഷേപത്തെ നേരിട്ട് വിമര്‍ശിക്കാതെ ജസ്റ്റിന്‍ ട്രൂഡോ


JULY 19, 2019, 5:51 PM IST

ഓട്ടവ: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നാല് ഡെമോക്രാറ്റിക് കോണ്‍ഗ്രസ് വനിതകള്‍ക്കെതിരെ നടത്തിയ വംശീയഅധിക്ഷേപത്തെ വിമര്‍ശിക്കാതെ വിമര്‍ശിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.ഒരു സ്വകാര്യ ടെലിവിഷന്‍ അവതാരകയുടെ ചോദ്യത്തിന് കാനഡയില്‍ ഇങ്ങിനെയല്ല തങ്ങള്‍ കാര്യങ്ങളെ കാണുന്നതെന്ന് ജസ്റ്റിന്‍ ട്രൂഡോ പ്രതികരിച്ചു. കാനഡയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ബഹുസ്വരതയാണ് രാജ്യത്തിന്റെ ശക്തി. അത് സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ട്രൂഡോ പറഞ്ഞു. അതേസമയം ട്രമ്പിന്റെ പ്രസ്താവനയെ നേരിട്ട് വിമര്‍ശിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. അതിനെക്കുറിച്ച് താന്‍ എന്ത് ചിന്തിക്കുന്നു എന്ന കാര്യം ജനങ്ങള്‍ക്കറിവുള്ളതാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

അതേസമയം ലോകമെമ്പാടും തന്റെ പ്രസ്താവയ്‌ക്കെതിരെ പ്രതിഷേധമുയരുന്നത് പ്രസിഡന്റ് ട്രമ്പിനെ ഒട്ടും അലോസരപ്പെടുത്തുന്നില്ല. പകരം നാല് വനിതകള്‍ക്കെതിരെ നടത്തിയ പ്രസ്താവനയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു എന്ന് പ്രഖ്യാപിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള പ്രസ്താവനകള്‍. 'അവര്‍ (ഡെമോക്രാറ്റിക് കോണ്‍ഗ്രസ് വനിതകള്‍) യു.എസിനെ വെറുക്കുന്നു..' റിപ്പോര്‍ട്ടര്‍മാരോട് ട്രമ്പ് പ്രതികരിച്ചു.

ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ വനിതാ കോണ്‍ഗ്രസ് അംഗങ്ങളെ പരാമര്‍ശിച്ച്  പ്രസിഡന്റ് ട്രമ്പ് എഴുതിയ ട്വീറ്റാണ് വിവാദമുയര്‍ത്തിയത്. പ്രസിഡന്റ് ട്രമ്പ് നടത്തിയത് കറകളഞ്ഞ വംശീയാക്രമണമാണെന്ന് വിമര്‍ശകര്‍ പറയുന്നു. ഡെമോക്രാറ്റ് പാര്‍ട്ടിയിലെ ചില വനിതാ അംഗങ്ങള്‍ വരുന്നത് ഒരു ഗതിയുമില്ലാത്ത ദുരിതരാജ്യങ്ങളില്‍ നിന്നാണ് എന്നായിരുന്നു ട്വീറ്റ്.

'ഈ സ്ത്രീകള്‍ തകര്‍ന്നടിഞ്ഞ ഭരണമുള്ള രാജ്യങ്ങളില്‍നിന്ന് വന്നവരാണ്. അവരാണിപ്പോള്‍ ലോകത്തെ ഏറ്റവും ശക്തമായ രാജ്യം എങ്ങനെ ഭരിക്കണമെന്ന് പഠിപ്പിക്കുന്നത്. അവരുടെ രാജ്യങ്ങളില്‍ ഏറെ പണിചെയ്യാനുണ്ട്. അങ്ങോട്ടുപോകുന്നതാണ് നല്ലത്'. എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തുടര്‍ന്ന് പ്രസിഡന്റിനെ ഇമ്പീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രമേയം ജനപ്രതിനിധി സഭയില്‍ അവതരിപ്പിക്കുകയും അത് പരാജയപ്പെടുകയുമായിരുന്നു.പ്രസിഡന്റിന്റെ പരാമര്‍ശത്തിനെതിരെ  ജനപ്രതിനിധി സഭ നേരത്തെ പ്രമേയം പാസാക്കുകയുണ്ടായി.

ഡെമോക്രാറ്റ് പാര്‍ട്ടിയിലെ വനിതാഅംഗങ്ങള്‍ പലരും അഭയാര്‍ത്ഥികളായി യു.എസിലെത്തിയവരാണ്. ഇതില്‍ റാഷിദ ത്‌ലൈബ്,അയന പ്രസ്ലി,ഇല്‍ഹാന്‍ ഒമര്‍ എന്നിവര്‍ 12ാമത്തെ വയസിലാണ് അഭയാര്‍ത്ഥികളായി രാജ്യത്തെത്തുന്നത്. അലക്‌സാണ്ട്രിയ ഒക്കാഷ്യോ കോര്‍ട്ടസ് ജനിച്ചത് യു.എസിലാണെങ്കിലും മതാപിതാക്കള്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇവരെ ലക്ഷ്യമിട്ടാണ് ട്രമ്പ് വംശീയത പ്രകടമാക്കുന്ന പ്രസ്താവന നടത്തിയത്.പ്രസിഡന്റ് ട്രമ്പിന്റെ പ്രവൃത്തി ഒരുതരത്തിലും അംഗീകരിക്കാനാവാത്തതാണെന്ന്  ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് പറഞ്ഞിരുന്നു.

Other News