ഒട്ടാവ: വിലക്കയറ്റം വര്‍ധിക്കുകയും ജീവിതച്ചെലവ് ഉയരുകയും ചെയ്യുന്നതിനൊപ്പം കാനഡയില്‍ ക്രെഡിറ്റ് കാര്‍ഡ് കടവും ഉയരുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒരു വര്‍ഷം മുമ്പത്തെ അപേക്ഷിച്ച് 15 ശതമാനത്തിലധികം വര്‍ധിക്കുകയും ആദ്യമായി 100 ബില്യണ്‍ ഡോളറിലധികം വര്‍ധിക്കുകയും ചെയ്തതായി ക്രെഡിറ്റ് മോണിറ്ററിംഗ് ഏജന്‍സി ഇക്വിഫാക്‌സ് പറഞ്ഞു.
ക്രെഡിറ്റ് കാര്‍ഡ് കടം വര്‍ധിക്കുന്നതായും താഴ്ന്ന വരുമാനമുള്ള കനേഡിയന്മാര്‍ ഊര്‍ജ്ജ ബില്ലുകള്‍ അടക്കുന്നതിനും ഭക്ഷണം പോലുള്ള ആവശ്യ സാധനങ്ങള്‍ വാങ്ങാനും ഉയര്‍ന്ന പലിശ നിരക്കുള്ള ക്രെഡിറ്റ് കാര്‍ഡ് ഉപയോദിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
മൊത്തത്തിലുള്ള ഉപഭോക്തൃ കടം 2022 ന്റെ നാലാം പാദത്തില്‍ 2.37 ട്രില്യണ്‍ ഡോളറായി, 2021 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ആറ് ശതമാനത്തിലധികം ഉയര്‍ന്നതായി ഏജന്‍സി അതിന്റെ ഏറ്റവും പുതിയ ത്രൈമാസ ക്രെഡിറ്റ് ട്രെന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
പലരും തങ്ങളുടെ മോര്‍ട്ട്ഗേജുകള്‍ ഇതുവരെ പുതുക്കിയിട്ടില്ലാത്തതിനാല്‍ ഉയര്‍ന്ന പലിശനിരക്കിന്റെ പ്രത്യാഘാതങ്ങള്‍ വീട്ടുടമകള്‍ക്ക് ഇതുവരെ പൂര്‍ണ്ണമായി അനുഭവപ്പെട്ടിട്ടില്ലെന്നും എന്നാല്‍ ചെറുപ്പക്കാരായ കനേഡിയന്‍മാര്‍ക്ക് പണപ്പെരുപ്പത്തിന്റെ ആഘാതത്തില്‍ ബുദ്ധിമുട്ടാണെന്നും ഇക്വിഫാക്സ് പറഞ്ഞു. ഉപഭോക്തൃ കടത്തിന്റെ മുക്കാല്‍ ഭാഗവും മോര്‍ട്ട്‌ഗേജ് കടമാണ്, പലിശ നിരക്ക് വര്‍ദ്ധനയോടെ ആ കടത്തിന്റെ ചിലവ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ പോലുള്ള മോര്‍ട്ട്‌ഗേജ് ഇതര കടവുമായി ഉപഭോക്താക്കള്‍ ബുദ്ധിമുട്ടുകയാണ്, ഇക്വിഫാക്‌സ് പറഞ്ഞു.