റിക്കി പോണ്ടിംഗിന്റെ റെക്കോര്‍ഡ് തകര്‍ത്ത് കാനഡക്കാരന്‍ 


AUGUST 20, 2019, 10:55 PM IST

ഒന്റാറിയോ:ലോകക്രിക്കറ്റിൽ ഒരു വ്യാഴവട്ടം ഇളകാതെ നിന്ന റെക്കോര്‍ഡ് തകര്‍ത്ത് കനേഡിയൻ താരം.കാനഡയുടെ രവീന്ദ്രപാല്‍ സിങ് ആണ് ഓസ്‌ട്രേലിയൻ മുൻ നായകനും ഇതിഹാസ താരവുമായ ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിംഗിന്റെ പേരിലുള്ള റെക്കോര്‍ഡ് തകർത്തത്.അരങ്ങേറ്റ മത്സരത്തിലെ ഏറ്റവും ഉയർന്ന സ്‌കോർ എന്ന റെക്കോർഡാണ് പോണ്ടിംഗിന്റെ പേരിൽ നിന്നടർത്തിമാറ്റി രവീന്ദ്രപൽ സ്വന്തമാക്കിയത്.

കൂടാതെ മറ്റൊരു നേട്ടവും രവീന്ദ്രപാല്‍ കുറിച്ചു.ടി20യിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടുന്ന ആദ്യ കളിക്കാരനുമായി രവീന്ദ്രപാല്‍.

2005ല്‍ ന്യൂസിലാന്‍ഡിനെതിരെ പോണ്ടിംഗ് നേടിയ 95 റണ്‍സായിരുന്നു ടി20യില്‍ ഇതുവരെ അരങ്ങേറ്റക്കാരന്റെ ഉയര്‍ന്ന സ്‌കോര്‍. അതാണിപ്പോള്‍ രവീന്ദ്രപാല്‍ തകര്‍ത്തത്. 101 റണ്‍സാണ് രവീന്ദ്രപാല്‍ നേടിയത്. അതും 48 പന്തില്‍. ആറു ബൗണ്ടറികളും പത്ത് സിക്‌സറുകളും അടങ്ങുന്നതായിരുന്നു രവീന്ദ്രപാലിന്റെ ഇന്നിങ്‌സ്. അടുത്ത ടി20 ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൽ കെയ്‌മൻ ഐലൻഡ്‌സിനെതിരെയാണ് രവീന്ദ്രപാലിന്റെ ഇന്നിങ്‌സ്.

ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍(89) കാനഡയുടെ തന്നെ ഹിരാല്‍ പട്ടേല്‍(88) എന്നിവരാണ് അരങ്ങേറ്റത്തില്‍ തന്നെ ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കിയ മറ്റു കളിക്കാര്‍. ഇന്ത്യയുടെ യുവരാജ് സിംഗും വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയിലുമൊക്കെ കളിക്കുന്ന കാനഡ ഗ്ലോബല്‍ ടി20യിലെ താരം കൂടിയാണ് രവീന്ദ്രപാല്‍.

Other News