2017ലെ ആക്രമണത്തിന് ഇരയായവരെ ആദരിക്കാന്‍  ക്യൂബെക് സിറ്റി മസ്ജിദില്‍ ചടങ്ങ്


JANUARY 30, 2023, 8:03 AM IST

ക്യൂബെക്ക്: മസ്ജിദ് ആക്രമണത്തിന്റെ ആറ് വര്‍ഷത്തിന് ശേഷം വെടിവയ്പ്പിന്റെ വാര്‍ഷികം അടയാളപ്പെടുത്തി വൈകാരിക ചടങ്ങ് സംഘടിപ്പിച്ചു. 2017ല്‍ വെടിവെയ്പ് നടന്ന സ്ഥലത്ത് ആദ്യമായാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുന്നത്. 

രാത്രി പ്രാര്‍ഥനയ്ക്ക് ശേഷം എട്ടുമണിയോടെയാണ് തോക്കുധാരി സെയ്ന്‍ ഫോയ്ക്ക് സമീപത്തെ ഇസ്#ലാമിക് കള്‍ച്ചറല്‍ സെന്റര്‍ മസ്ജിദിലെത്തി വെടിയുതിര്‍ത്തത്. മമദൗ തനൂ ബാരി, ഇബ്രാഹിമ ബാരി, ഖാലിദ് ബെല്‍കാസെമി, അബ്ദുല്‍ കരീം  ഹസനെ, അസ്സെദ്ദീന്‍ സൗഫിയാന്‍, അബൂബക്കര്‍ താബ്തി എന്നിവരാണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്.

തീവ്രവലതുപക്ഷ തീവ്രവാദം കാനഡയിലുടനീളം തുടരുന്ന സാഹചര്യത്തില്‍ ഇസ്‌ലാമോഫോബിയയെ കുറിച്ചും അതിനെതിരെ പ്രവര്‍ത്തിക്കേണ്ടതിനെ കുറിച്ചാണ് സംഘാടകര്‍ വാര്‍ഷികത്തില്‍ സംസാരിച്ചത്. 17 കുട്ടികളെ പിതൃരഹിതരാക്കുകയും ഒരു സമൂഹത്തെ എന്നെന്നേക്കുമായി മുറിവേല്‍പ്പിക്കുകയും ചെയ്ത ആക്രമണമായിരുന്നു ക്യൂബെക്ക് സിറ്റി മസ്ജിദില്‍ നടന്നത്. കൊല്ലപ്പെട്ട തങ്ങളുടെ ഭര്‍ത്താക്കന്മാരെ ഒരിക്കലും മറക്കരുതെന്ന് അവരുടെ വിധവകള്‍ വ്യക്തമാക്കിയതായി പള്ളി സഹസ്ഥാപകന്‍ ബൗഫെല്‍ദ്ജ ബെനബ്ദല്ല പറഞ്ഞു. ആറു വര്‍ഷം മുമ്പ് ഞായറാഴ്ചയാണ് വെടിവെയ്പുണ്ടായത്. ഏഴാം വര്‍ഷത്തില്‍ മറ്റൊരു ഞായറാഴ്ചയിലായിരുന്നു കൂടിച്ചേരല്‍. 

മുസ്‌ലിം സമുദായത്തിന് മാത്രമല്ല മസ്ജിദില്‍ പൊതുജനങ്ങള്‍ക്കും എല്ലായ്‌പോഴും പ്രവേശനം അനുവദിക്കുന്നുണ്ട്. 

പൊതുജനങ്ങള്‍ക്ക് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ മസ്ജിദ് സന്ദര്‍ശിക്കാം. 

ക്യൂബെക്കില്‍ ഇസ്ലാമോഫോബിയയെ എതിര്‍ക്കാന്‍ വാര്‍ഷികം ഉപയോഗപ്പെടുത്താമെന്നും വ്യാപകമായ വംശീയതയെ മറികടക്കാന്‍ മുസ്‌ലിം സമൂഹം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിക്കാമെന്നും സംഘാടകര്‍ വ്യക്തമാക്കി. ഇസ്ലാമോഫോബിയ, വംശീയത തുടങ്ങിയവ കഴിഞ്ഞ ആറ് വര്‍ഷമായി തരണം ചെയ്തതെങ്ങനെയെന്ന് സംസാരിക്കാന്‍ അവസരം ലഭിക്കുകയാണെന്നും സംഘാടകര്‍ പറഞ്ഞു. 

ക്യൂബെക് സിറ്റി മോസ്‌ക് ആക്രമണത്തിന്റെയും ഇസ്ലാമോഫോബിയയ്ക്കെതിരായ നടപടിയുടെയും ദേശീയ അനുസ്മരണ ദിനമായ ജനുവരി 29-ന് ഫെഡറല്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചത് ഉള്‍പ്പെടെ കഴിഞ്ഞ ആറ് വര്‍ഷത്തെ ചില പുരോഗതികളെ അവര്‍ എടുത്തുപറയുന്നു. 

ഈ പരിപാടിയില്‍ അക്രമത്തിനും വിദ്വേഷത്തിനും ഈ രാജ്യത്ത് സ്ഥാനമില്ല എന്ന സന്ദേശം അയയ്ക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്തവരോട് പറഞ്ഞു. വംശീയത, വിദ്വേഷം, വിവേചനം എന്നിവയ്ക്കെതിരെ ഓരോ ദിവസവും പോരാടാനുള്ള മാര്‍ഗ്ഗമാണ് കൊല്ലപ്പെട്ടവര്‍ക്ക്  ആദരാഞ്ജലി അര്‍പ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 

ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിന് കാനഡയില്‍ പുതുതായി നിയമിക്കപ്പെട്ട പ്രതിനിധി അമീറ എല്‍ഗവാബി പറയുന്നത് മുസ്ലിം സമുദായങ്ങളെക്കുറിച്ചുള്ള പല അനുമാനങ്ങളും പോപ്പ് സംസ്‌കാരത്തില്‍ നിന്നും 'മുസ്ലിംകള്‍ ആരാണെന്നതിനെക്കുറിച്ചുള്ള ഇടുങ്ങിയ ധാരണ' അവതരിപ്പിക്കുന്ന വാര്‍ത്തകളില്‍ നിന്നും ഉരുത്തിരിഞ്ഞതാണെന്നാണ്. 

പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യാഴാഴ്ചയാണ് എല്‍ഗവാബിയുടെ നിയമനം പ്രഖ്യാപിച്ചത്. മുസ്‌ലിം സമുദായത്തിനെതിരായ വിവേചനത്തിനെതിരെ എങ്ങനെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനെ അറിയിക്കുകയാണ് അവരുടെ നിയമത്തിന്റെ ഉദ്ദേശം. 

ഭയമില്ലാതെ ആരാധനാലയത്തിലേക്ക് പോകാന്‍ നമുക്കെല്ലാവര്‍ക്കും അവകാശമുണ്ടെന്ന് എല്ലാവരും സമ്മതിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കുടുംബത്തോടൊപ്പം നടക്കാന്‍ നമുക്കെല്ലാവര്‍ക്കും അവകാശമുണ്ടെന്നും 2021-ലെ ആക്രമണത്തെ പരാമര്‍ശിച്ച് എല്‍ഗവാബി പറഞ്ഞു. ലണ്ടനിലെ ഒരു മുസ്‌ലിം കുടുംബത്തെ നടക്കുന്നതിനിടെ വാഹനമിടിച്ച് കൊലപ്പെടുത്തിയതിനെ കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു അവര്‍.

Other News