ഹോങ്കോങ്ങിലെ സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭത്തില്‍ ഇടപെടരുത് : കാനഡയോട് ചൈന


AUGUST 19, 2019, 4:39 PM IST

ഒട്ടാവ: ഹോങ്കോങ്ങിലെ ചൈനീസ് വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കാനഡ അനാവശ്യമായി ഇടപെടരുതെന്ന് ചൈന. ഒട്ടാവയിലെ ചൈനീസ് എംബസിയാണ് ഞായറാഴ്ച ഇക്കാര്യം കനേഡിയന്‍ നയതന്ത്ര പ്രതിനിധിയോട് ഉന്നയിച്ചത്.

ഹോങ്കോങ്ങ് അസംബ്ലിയിലെ അടിസ്ഥാന അവകാശങ്ങള്‍ക്കുവേണ്ടി പ്രക്ഷോഭം നടത്തുന്ന ഹോങ്കോങ്ങ് ജനതയ്ക്കുവേണ്ടി യുറോപ്യന്‍ യൂണിയനും കാനഡയും ചേര്‍ന്ന് സംയുക്തപ്രസ്താവന നടത്തിയതിനു തൊട്ടടുത്ത ദിവസമാണ് ചൈന താക്കീതുമായി രംഗത്തുവന്നത്. അടിസ്ഥാന അവകാശങ്ങള്‍ക്കുവേണ്ടി ഹോങ്കോങ് ജനത നടത്തിവരുന്ന പ്രക്ഷോഭങ്ങള്‍ പതിനൊന്നാമത്തെ ആഴ്ചയിലേക്ക് കടന്നതിനിടയില്‍ ഞായറാഴ്ച നടന്ന റാലിയില്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പതിനായിരക്കണക്കിനു പേരാണ് പങ്കെടുത്തത്.

റാലി നടന്ന ദിവസം വൈകീട്ട് കനേഡിയന്‍ വിദേശ കാര്യമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡും യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി ഫെഡറിക്ക മോഗെരിനിയും ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ഹോങ്കോങ്ങ് ജനത നടത്തുന്ന അടിസ്ഥാനാവകാശ പോരാട്ടത്തിനും സമാധാന പരമായ അസംബ്ലി അവകാശലബ്ധിക്കും വേണ്ടിയുള്ള കൂട്ടായ്മ തുടരേണ്ടതുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

'സംയമനം പാലിക്കുക, അക്രമം നിരസിക്കുക, സ്ഥിതിഗതികള്‍ വഷളാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുക എന്നിവ നിര്‍ണായകമാണെ' ന്നും ഇരുവരും പ്രസ്താവനയില്‍ പറഞ്ഞു.അതേസമയം പ്രസ്താവനയില്‍  സര്‍ക്കാരിനെയോ പ്രതിഷേധക്കാരെയോ കുറ്റപ്പെടുത്തിയിട്ടില്ല.

Other News