വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നതോടെ ആരോഗ്യ പരിപാലന ജീവനക്കാര്‍ കുറയുമെന്ന് ആശങ്ക


OCTOBER 12, 2021, 11:46 PM IST

ഓട്ടവ: കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നതോടെ ആരോഗ്യ പരിപാലന ജീവനക്കാരുടെ കുറവ് അനുഭവപ്പെട്ടേക്കാമെന്ന് ആശങ്ക. കോവിഡിനെ തുടര്‍ന്നുണ്ടായ ജോലിഭാരം നിലവില്‍ ആശുപത്രികളിലും നഴ്‌സിംഗ് ഹോമുകളിലും ജീവനക്കാരുടെ കുറവ് അനുഭവിപ്പിക്കുന്നുണ്ട്. പ്രതിരോധ കുത്തിവെയ്പിലൂടെ ഉണ്ടാകുന്ന അനിശ്ചിതത്വം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. 

ഒന്റാരിയോയിലെ ആശുപത്രികള്‍ ഇതിനകം തന്നെ പിരിച്ചുവിടലുകളുടെ ഭാരം അനുഭവിക്കുന്നുണ്ടെന്നും അതേതുടര്‍ന്ന് ശസ്ത്രക്രിയകളും മെഡിക്കല്‍ നടപടിക്രമങ്ങളും വൈകുന്നതായും ഗ്രേറ്റര്‍ ടൊറന്റോ പ്രദേശത്തെ എസ് ഇ ഒ യു ഹെല്‍ത്ത് കെയര്‍ പ്രസിഡന്റ് ഷാര്‍ലിന്‍ സ്റ്റുവാര്‍ട്ട് പറഞ്ഞു. ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്നും അത് ഭയപ്പെടുത്തുന്നതാണെന്നും അവര്‍ പറഞ്ഞു. 

ഒന്റാരിയോയിലുടനീളമുള്ള അറുപതിനായിരത്തോളം മുന്‍നിര ആരോഗ്യ പരിപാലന തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിയനാണ് എസ് ഇ ഐ യു ഹെല്‍ത്ത് കെയര്‍. മിക്ക യൂണിയന്‍ അംഗങ്ങളും പൂര്‍ണമായി പ്രതിരോധ കുത്തിവെയ്പ് എടുത്തിട്ടുണ്ടെന്നും എന്നാല്‍ ചെറിയ ശതമാനം പിരിച്ചുവിടലുകള്‍ പോലും ആശുപത്രികള്‍ക്ക് നല്കാന്‍ കഴിയുന്ന സേവനങ്ങളുടെ ഗുണനിലവാരത്തില്‍ വലിയ സ്വാധീനം ചെലുത്തുമെന്നും സ്റ്റുവാര്‍ട്ട് പറഞ്ഞു. 

ഈ മാസം ആദ്യമാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പുതിയ വാക്‌സിന്‍ നയം അവതരിപ്പിച്ചത്. ഒക്ടോബര്‍ അവസാനത്തോടെ എല്ലാ ഫെഡറല്‍ ജീവനക്കാരും കോവിഡ് പ്രതിരോധ കുത്തിവെയ്പ് പൂര്‍ണമായും സ്വീകരിക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍ ആശുപത്രികള്‍ ഫെഡറല്‍ നിയന്ത്രിത കേന്ദ്രങ്ങളല്ല. 

കാനഡയിലെ പിരിച്ചുവിടലുകള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. പ്രതീക്ഷിത ജീവനക്കാരുടെ കുറവിന് മുമ്പായി ആകസ്മിക പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ പ്രവിശ്യാ അധികാരികള്‍ ശ്രമിക്കുന്നു. 

വാക്‌സിനേഷന്‍ സ്റ്റാറ്റസ് നല്കുകയോ വാക്‌സിനേഷന്‍ എടുക്കുകയോ ചെയ്തിട്ടില്ലാത്ത 16671 ജീവനക്കാരാണുള്ളത്. ഇവരില്‍ തൊള്ളായിരത്തിലധികം ജീവനക്കാരെ ബന്ധപ്പെട്ടതായി യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് നെറ്റ്‌വര്‍ക്ക് അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ ഒന്റാരിയോ ആശുപത്രി ഇവരില്‍ 57 ജീവനക്കാരെ പിരിച്ചുവിട്ടു. 

പ്രവിശ്യയിലുടനീളം ഏകദേശം 56500 നഴ്‌സുമാരെ പ്രതിനിധീകരിക്കുന്ന യൂണിയന്‍ കോവിഡിനെതിരെ പൂര്‍ണമായി പ്രതിരോധ കുത്തിവെയ്പ് എടുക്കാത്ത അംഗങ്ങളുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചതായി ക്യൂബെക്ക് ഓര്‍ഡര്‍ ഓഫ് നഴ്‌സസ് പ്രസിഡന്റ് ലൂക്ക് മാത്യു പറഞ്ഞു. 

പ്രതിരോധ കുത്തിവെയ്പ് എടുക്കാത്ത 2807 പേരും കുറഞ്ഞത് ഒരു ഡോസ് സ്വീകരിച്ച 1541 നഴ്‌സുമാരും ഉള്‍പ്പെടെ 4338 നഴ്‌സുമാരുടെ ഗ്രൂപ്പിനെ വാക്‌സിന്‍ ഉത്തരവ് ബാധിക്കും. 5716 പേര്‍ അടങ്ങുന്ന നഴ്‌സുമാരുടെ മറ്റൊരു വിഭാഗത്തേയും ഉത്തരവ് ബാധിക്കും. 

ബ്രിട്ടീഷ് കൊളംബിയയില്‍ എല്ലാ ആരോഗ്യ പരിപാലന തൊഴിലാളികള്‍ക്കും കോവിഡിനെതിരെ പൂര്‍ണമായി പ്രതിരോധ കുത്തിവെയ്പ് നല്കണം. അല്ലെങ്കില്‍ ഒക്ടോബര്‍ 26നകം പ്രവിശ്യാ ആരോഗ്യ ഓഫിസറില്‍ നിന്ന് ഇളവു ലഭിക്കണം. അല്ലാത്തവര്‍ക്ക് ശമ്പളമില്ലാത്ത അവധിയും തൊഴിലില്ലായ്മയും നേരിടേണ്ടി വരും. 

4300 മുഴുവന്‍ സമയ നഴ്‌സുമാരുടെ കുറവ് പരിഹരിക്കുന്നതിന് ക്യൂബെക്ക് 18000 ഡോളര്‍ വരെയാണ് ബോണസ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം സര്‍ക്കാറിന്റെ വാക്‌സിന്‍ വെബ്‌സൈറ്റില്‍ പേര്‍ റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് നൂറു ഡോളര്‍ പ്രീ ഫില്‍ഡ് കാര്‍ഡാണ് ആല്‍ബര്‍ട്ട വാഗ്ദാനം ചെയ്യുന്നത്. 

വര്‍ഷങ്ങളായി ആല്‍ബര്‍ട്ട പ്രവിശ്യയിലുടനീളം നഴ്‌സുമാരുടെ എണ്ണത്തില്‍ കുറവുണ്ടെന്ന കാര്യം തങ്ങള്‍ മുന്നറിയിപ്പ് നല്കിയിരുന്നതായും കോവിഡ് പ്രസ്തുത സ്ഥിതിവിശേഷം കൂടുതല്‍ ഗുരുതരമാക്കിയതായും യുണൈറ്റഡ് നഴ്‌സസ് ഓഫ് ആല്‍ബര്‍ട്ടയുടെ വൈസ് പ്രസിഡന്റ് ഡാനിയേല്‍ ലാരിവി പറഞ്ഞു. 

ആല്‍ബര്‍ട്ട ഹെല്‍ത്ത് സര്‍വീസസിന് എല്ലാ മുന്‍നിര ആരോഗ്യപരിപാലന പ്രവര്‍ത്തകരും ഒക്ടോബര്‍ 31നകം പൂര്‍ണമായി പ്രതിരോധ കുത്തിവെയ്പ് എടുക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. സമയ പരിധി വേഗത്തില്‍ അടുക്കുന്നതിനാല്‍ രണ്ടു ഡോസുകളും ലഭിച്ചിട്ടുണ്ടെന്ന് തെളിയിക്കാന്‍ കഴിയാത്ത ഏതെങ്കിലും റജിസ്റ്റര്‍ ചെയ്ത ജീവനക്കാരുണ്ടെങ്കില്‍ അവരെ ശമ്പളമില്ലാതെ സസ്‌പെന്റ് ചെയ്യും. 

നിര്‍ബന്ധിത വാക്‌സിന്‍ നിര്‍ദ്ദേശങ്ങളെ പിന്തുണക്കുന്നതായും ആരോഗ്യ പരിരക്ഷാ സംവിധാനത്തിന്റെ ഭാരം കുറക്കാനും കോവിഡ് ബാധിച്ച് ഗുരുതരമായ രോഗം പിടിപെടുന്ന ആളുകളഉടെ എണ്ണം കുറക്കാനും പ്രധാനപ്പെട്ട മാര്‍ഗ്ഗമിതാണെന്നും അവര്‍ പറഞ്ഞു. 

എന്നാല്‍ പരിചയ സമ്പന്നരായ നഴ്‌സുമാരുടെ എണ്ണം കുറയുന്നതില്‍ അവര്‍ ആശങ്കാകുലയാണ്. രണ്ടു വര്‍ഷത്തോളമായി നഴ്‌സിംഗ് ജീവനക്കാരുടെ കുറവിനെ തുടര്‍ന്ന് ഭൂരിപക്ഷം പേരും അധികസമയം ജോലി ചെയ്യുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ഇതിപ്പോള്‍ നാലാമത്തെ തരംഗമാണെന്നും ഓരോ തരംഗവും വെല്ലുവിളി നിറഞ്ഞതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. 

തങ്ങളുടെ അംഗങ്ങളില്‍ പലരും കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും വെല്ലുവിളികളെ നേരിടാന്‍ ശരിക്കും പാടുപെടുകയാണ്. വരും മാസങ്ങളില്‍ കാണാന്‍ പോകുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും ആശങ്കയുണ്ട്. 

വാക്‌സിന്‍ നിര്‍ദ്ദേശങ്ങളെ താന്‍ പിന്തുണക്കുന്നതായും സ്റ്റുവാര്‍ട്ട് പറഞ്ഞു. പേഴ്‌സണല്‍ സര്‍വീസ് ജീവനക്കാര്‍ക്ക് മിനിമം വേതനം മണിക്കൂറിന് 25 ഡോളറും റജിസറ്റര്‍ ചെയ്ത നഴ്‌സുമാര്‍ക്ക് മണിക്കൂറിന് 35 ഡോളറുമായി ഉയര്‍ത്താന്‍ എസ് ഇ ഐ യു ഹെല്‍ത്ത് കെയര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. 

കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്റെ കണക്കുകള്‍ പ്രകാരം 90000ത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിക്കുകയും 43 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

Other News