അഭിപ്രായസര്‍വേകളില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് മുന്‍തൂക്കം


OCTOBER 8, 2019, 12:53 PM IST

ടൊറന്റോ: ഒക്ടോബര്‍ 21 ന് കാനഡ പോളിംഗ് ബൂത്തിലേയ്ക്ക് പ്രവേശിക്കാനിരിക്കെ രാജ്യമെമ്പാടും കണ്‍സര്‍വേറ്റീവ് അനുകൂല തരംഗം.  ആന്‍ഡ്രൂ ഷീറിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവുകള്‍ ഭരണം തിരിച്ചുപിടിക്കുമെന്നാണ് ഏറ്റവും പുതിയ അഭിപ്രായസര്‍വേകള്‍ പ്രവചിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം ഏതാണ്ട് പകുതി ഘട്ടം പിന്നിടുമ്പോഴാണ് ഈ സര്‍വ്വേ ഫലങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

ഇതുവരെ നടത്തിയതില്‍ വലുതെന്ന് സിറ്റി ന്യൂസ് വെബ്‌സൈറ്റ് അവകാശപ്പെടുന്ന അഭിപ്രായസര്‍വേയില്‍ ആന്‍ഡ്രൂഷീറിന്റെ നേതൃത്വത്തില്‍ കണ്‍സര്‍വേറ്റീവുകള്‍ 34 ശതമാനം വോട്ടുകള്‍ കരസ്ഥമാക്കുമ്പോള്‍ ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറലുകള്‍ക്ക് ലഭിക്കുക 32 ശതമാനമാണ്. എന്‍ഡിപി 14 ശതമാനവും ഗ്രീന്‍പാര്‍ട്ടി 11 ശതമാനം വോട്ടുകളും നേടും. വിവിധ വിഭാഗങ്ങളില്‍ പെട്ട 5000 സാമ്പിളുകളില്‍ നിന്നാണ് വെബ്‌സൈറ്റ് അഭിപ്രായങ്ങള്‍ സ്വരൂപിച്ചത്.  

ഇത്രയും ബൃഹത്തായ സാമ്പിളുകളെ ആധാരമാക്കിയുള്ള സര്‍വ്വേ പ്രാദേശിക ചായ് വുകള്‍ പ്രതിഫലിക്കുന്നതാണെന്ന് രാഷ്ട്രീയ വിശകലന വിദഗ്ദ്ധന്‍ നിക്ക് കൗവാലിസ് അഭിപ്രായപ്പെട്ടു. അതേസമയം മൂന്നൂമാസത്തെ പ്രചരണം അവസാനിച്ചപ്പോള്‍ പാര്‍ട്ടികളുടെ വോട്ടുബാങ്കുകളില്‍ പ്രബലമായ ചോര്‍ച്ചയുണ്ടായിട്ടില്ല എന്നും സര്‍വ്വേ കണ്ടെത്തുന്നു.

കടുത്ത മത്സരം നിലനില്‍ക്കുന്നത് ബ്രിട്ടീഷ് കൊളംബിയയിലാണ്. എല്ലാ പാര്‍ട്ടികളും ഇവിടെ 19 മുതല്‍ 30 ശതമാനം വരെയുളള വോട്ടുകള്‍ കയ്യാളുമ്പോള്‍ എന്‍ഡിപിയോ ജിപിസിയോ ആദ്യ രണ്ടുസ്ഥാനങ്ങളില്‍ എത്തിക്കൂടാനുള്ള സാധ്യതയും സര്‍വ്വേ തള്ളികളയുന്നില്ല.   പതിനേഴ് ദിവസത്തിനകം ഇവിടെ എന്തും സംഭവിക്കാമെന്നാണ് പ്രവചനം.നേരത്തെ മറ്റു രണ്ടുസര്‍വേകളില്‍ ജസ്റ്റിന്‍ട്രൂഡോയുടെ ലിബറലുകള്‍ക്ക് നേരിയ മുന്‍തൂക്കം പ്രവചിക്കപ്പെട്ടിരുന്നെങ്കിലും ആന്‍ഡ്രൂഷീറിന്റെ വോട്ടുവിഹിതത്തില്‍ വന്‍ വര്‍ധനയാണ് ഇവ രേഖപ്പെടുത്തിയത്.

Other News