നയതന്ത്ര ഉദ്യോഗസ്ഥര്‍ ചൈനീസ് തടങ്കില്‍ കഴിയുന്ന മൈക്കേല്‍ കോവ്‌റിഗിനെ സന്ദര്‍ശിച്ചു


AUGUST 6, 2019, 1:15 PM IST

ബീജിംഗ്: ചൈനീസ് തടവില്‍ കഴിയുന്ന കനേഡിയന്‍ സംരഭകന്‍ മൈക്കേല്‍ കോവ് റിഗിനെ നയതന്ത്ര ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ഇത് പത്താമത്തെ തവണയാണ് ചാരക്കുറ്റം ആരോപിച്ച് ചൈനീസ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത കോവ് റിഗിനെ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുന്നത്. അതേസമയം ഇദ്ദേഹവുമായി എന്തുസംസാരിച്ചു എന്ന കാര്യം വെളിപെടുത്താനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

നിയമസഹായം ഉറപ്പുവരുത്താനും ഉറ്റവരുമായി ആശയവിനിമയത്തിന് സഹായിക്കാനുമാണ് നയതന്ത്ര ഉദ്യോഗസ്ഥര്‍ സാധാരണയായി അന്യരാജ്യങ്ങളില്‍ തടവില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുക . ഇക്കുറിയും അതാവര്‍ത്തിച്ചു എന്നാണ് കരുതപ്പെടുന്നത്.

ചാരപ്രവൃത്തിക്കുറ്റം ആരോപിച്ചാണ് കനേഡിയന്‍ പൗരന്മാരായ മൈക്കേല്‍ കോവ്‌റിഗിനേയും മൈക്കേല്‍ സ്‌പേവറിനെയും അറസ്റ്റ് ചെയ്തത്. എന്നാല്‍ ചൈനീസ് കമ്പനിയായ മെങ് വാന്‍ഴുവിനെ കാനഡ അറസ്റ്റ് ചെയ്തതിനുള്ള പ്രതികാര നടപടിയാണിതെന്ന് കാനഡ ആരോപിക്കുന്നു. ഇവരുടെ അറസ്റ്റിന് പുറമെ നിരവധി കനേഡിയന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കാനും ചൈന തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും മോശം സ്ഥിതിയിലെത്തി.