ഇറാനില്‍ ആജീവനാന്തകാല തടവിന് വിധിക്കപ്പെട്ട വെബ് ഡവലപ്പര്‍ക്ക്  കാനഡയില്‍ സ്ഥിരപൗരത്വം


AUGUST 5, 2019, 5:44 PM IST

ടൊറന്റോ: പോണ്‍ വെബ്‌സൈറ്റുകളിലുപയോഗിക്കുന്ന പ്രോഗ്രാം ഡവലപ്പ് ചെയ്തതിന് ഇറാനിയന്‍ കോടതി ആജീവനാന്തകാല തടവിന് ശിക്ഷിച്ച പ്രതി പരോളിലിറങ്ങിയതിനുശേഷം കാനഡിയിലേയ്ക്ക് കടന്നു. മാത്രമല്ല കാനഡയില്‍ പെര്‍മനന്റ് റെസിഡന്‍സി സ്റ്റാറ്റസ് കരസ്ഥമാക്കാനും ഇയാള്‍ക്കായി. 44 കാരനായ സയിദ് മെല്‍ക്കപൗര്‍ എന്ന വെബ് ഡവലപ്പറാണ് കാനഡയില്‍ സ്ഥിരതാമസ യോഗ്യത നേടിയത്. 

സയിദിനെക്കുറിച്ചുള്ള ടെലിവിഷന്‍ റിപ്പോര്‍ട്ട് കണ്ട ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ ഇത് തങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന പ്രതി തന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. രാജ്യം വിടുന്നതിന് വിലക്കുണ്ടായിരുന്നയാള്‍ നിയമാനുസൃതമല്ലാത്ത മാര്‍ഗ്ഗമുപയോഗിച്ചാണ് കാനഡയിലേയ്ക്ക് കടന്നതെന്നും അതിനുശേഷം ഇറാനിലേയ്ക്ക് തിരിച്ചെത്തിയിട്ടില്ലെന്നും അധികൃതര്‍ പറയുന്നു.സിബിസി റിപ്പോര്‍ട്ട്‌ചെയ്യുന്നത് പ്രകാരം ഇയാള്‍ വാന്‍കൂവറിലാണ് കഴിയുന്നത്. 

2008 ല്‍ പൗര്‍ ഡവലപ്പ്‌ചെയ്ത പ്രോഗ്രാം മധ്യേഷ്യയിലെ ഒരു പോണ്‍സൈറ്റ് ഉപയോഗപ്പെടുത്തുകയായിരുന്നു. എന്നാല്‍ തന്റേത് ഓപ്പണ്‍ സോഴ്‌സ് പ്രോഗ്രാമായിരുന്നെന്നും തന്റെ അനുമതിയില്ലാതെയാണ് പോണ്‍സൈറ്റ് ഇത് ഉപയോഗിച്ചതെന്നും സയിദ് മൊഴി നല്‍കി. എന്നാല്‍ സയിദിന്റെ വാദങ്ങള്‍ തള്ളി ഇറാനിയന്‍ കോടതി ഇയാളെ ജീവപര്യന്ത ശിക്ഷയ്ക്ക് വിധിച്ചു. തുടര്‍ന്ന 11 വര്‍ഷം ജയിലില്‍ കിടന്ന സയിദ് പിന്നീട് പരോളിലിറങ്ങി കാനഡയിലേയ്ക്ക് മുങ്ങുകയായിരുന്നു.

Other News