കോവിഡ് വാക്‌സിന്‍ പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍ പ്രഖ്യാപിച്ചേക്കും


OCTOBER 21, 2021, 8:14 PM IST

ഓട്ടവ: രാജ്യാന്തര യാത്രയ്ക്കുള്ള കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സി ബി സി റിപ്പോര്‍ട്ട് ചെയ്തു. 

കുടിയേറ്റം, അഭയാര്‍ഥികള്‍, പൗരത്വം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പൊതുജനാരോഗ്യ ഏജന്‍സി, ട്രാന്‍സ്‌പോര്‍ട്ട് കാനഡ, കാനഡ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സി തുടങ്ങിയവയിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം സാങ്കേതിക വിശദീകരണത്തിന് നേതൃത്വം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഒന്റാരിയോ അടുത്തിടെ നടപ്പാക്കിയ സ്മാര്‍്ട്ട് ഹെല്‍ത്ത് കാര്‍ഡ് രീതിയില്‍ ക്യൂ ആര്‍ കോഡ് ഉള്‍പ്പെടുന്ന മെച്ചപ്പെട്ട രീതിയിലുള്ള  കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റായിരിക്കും ഫെഡറല്‍ സര്‍ക്കാര്‍ സ്വീകരിക്കുകയെന്നാണ് സ്രോതസ്സുകളില്‍ നിന്നും ലഭ്യമാകുന്ന വിവരം. കൂടാതെ കാനഡ ഗവണ്‍മെന്റ് വേര്‍ഡ് മാര്‍ക്ക് ഉള്‍ക്കൊള്ളുന്നതിനാല്‍ അന്താരാഷ്ട്ര യാത്രയ്ക്കും ഇത് ഉപകരിക്കും. മറ്റ് പ്രവിശ്യകളും പ്രദേശങ്ങളും നല്‍കുന്ന വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അന്താരാഷ്ട്ര യാത്രയ്ക്കായി സ്വീകരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 

മാസങ്ങളായി അന്താരാഷ്ട്ര അംഗീകാരമുള്ള വാക്‌സിന്‍ പാസ്‌പോര്‍ട്ട് വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഫെഡറല്‍ സര്‍ക്കാര്‍ നിര്‍വഹിക്കുന്നുണ്ടായിരുന്നു. ഫെഡറല്‍ സര്‍ക്കാറിന്റെ അഭിപ്രായത്തില്‍ കാനഡയില്‍ ലഭ്യമായ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് രേഖകള്‍ അന്താരാഷ്ട്ര യാത്രയ്ക്കായി നിലവാരമുള്ളതല്ല. വ്യാപകമായി അംഗീകരിക്കപ്പെട്ട അന്താരാഷ്ട്ര വാക്‌സിന്‍ പാസ്‌പോര്‍ട്ട് സംവിധാനം ഏതാനും രാജ്യങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് അന്താരാഷ്ട്ര യാത്രയില്‍ അംഗീകരിക്കപ്പെടുന്നതാണ്.

Other News