ഒന്റാരിയോ: പ്രവിശ്യയിലെ ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ ഒന്റാരിയോക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പര്യാപ്തമാണെന്ന് പ്രീമിയര്‍ ഡഗ് ഫോര്‍ഡ്. സ്ട്രാറ്റ്ഫോര്‍ഡില്‍ നടന്ന പ്രഖ്യാപനത്തിലാണ് ഫോര്‍ഡിന്റെ പ്രസ്താവന.
ഒന്റാരിയോ നഴ്സസ് അസോസിയേഷന് പറയുന്നതിനുസരിച്ച് ഒന്റാരിയോയിലെ ഇരുപത്തിയഞ്ചോളം ആശുപത്രികള്‍ ജീവനക്കാരുടെ കുറവു കാരണം കഴിഞ്ഞ വാരാന്ത്യത്തില്‍ അവരുടെ സൗകര്യത്തിന്റെ ഭാഗമായി ചില പ്രവര്‍ത്തനങ്ങള്‍ കുറക്കാന്‍ നിര്‍ബന്ധിതരായിരുന്നു.
ആശുപത്രികള്‍ക്കും അത്യാഹിത വിഭാഗങ്ങള്‍ക്കും വലിയ സമ്മര്‍ദ്ദമാണ് അനുഭവപ്പെടുന്നതെന്ന് ഫോര്‍ഡ് പറഞ്ഞു. എന്നാല്‍ ശസ്ത്രക്രിയകള്‍ കോവിഡിന് മുമ്പുള്ള നിരക്കിന്റെ 90 ശതമാനത്തിലേക്ക് എത്തിയതായും അദ്ദേഹം വിശദമാക്കി. അത്യാഹിത വിഭാഗത്തിലേക്ക് പോകുന്ന 90 ശതമാനത്തിനും പരിചരണം ആരോഗ്യ മാനദണ്ഡങ്ങള്ക്കുള്ളിലുള്ള പരിചരണം ലഭ്യമാകുന്നുണ്ടെന്നും പ്രീമിയര്‍ പറഞ്ഞു.
ആരോഗ്യ സംവിധാനത്തിലേക്ക് ആവശ്യമായ കാര്യങ്ങള്‍ ചേര്‍ത്തതുകൊണ്ടാണ് തങ്ങള്‍ക്ക് ഇവയെല്ലാം സാധ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര പരിശീലനം ലഭിച്ച നഴ്സുമാരെ ചേര്‍ക്കാന്‍ പ്രവിശ്യ ശ്രമിക്കുകയാണെന്നും ഇതിനകം 760 പേരെ ചേര്‍ത്തതായും പ്രീമിയര്‍ അറിയിച്ചു. ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ കുറവിനും വിദ്യാഭ്യാസ പ്രവര്‍ത്തകരുമായുള്ള കരാര്‍ ചര്ച്ചകള്ക്കുമിടയില് ആഴ്ചകള്‍ക്കിടയില്‍ ആദ്യമായാണ് ഫോര്‍ഡ് മറുപടി നല്‍കുന്നത്.
ആരോഗ്യ പ്രവര്‍ത്തകരുടെ കുറവും കോവിഡ് വ്യാപനത്തില്‍ കുറവുണ്ടായതോടെ നേരത്തെ മാറ്റിവെച്ച ചികിത്സകള്‍ തേടിയെത്തുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധനവും ചില ആശുപത്രികളെ സേവനങ്ങള്‍ പരിമിതപ്പെടുത്തുന്നതിലും അത്യാഹിത വിഭാഗങ്ങള്‍ താത്ക്കാലികമായി അടക്കുന്നതിനും നിര്‍ബന്ധിതരാക്കി.
എന്നാല്‍ ആരോഗ്യമേഖല അഭൂതപൂര്‍വ്വമായ സമ്മര്‍ദ്ദത്തെ അഭിമുഖീകരിക്കുമ്പോള്‍ ആരോഗ്യ മന്ത്രി സില്‍വിയ ജോണ്‍സും പ്രീമിയറും രംഗത്തുണ്ടാവുന്നില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഒന്റാരിയോ ലിബറല്‍ എം പി പിമാരായ ജോണ്‍ ഫ്രേസറും ഡോ. ആദില്‍ ഷാംജിയും കുറ്റപ്പെടുത്തി. നടപടികളില്‍ സര്‍ക്കാറിന് വീഴ്ച സംഭവിച്ചതായും അവര്‍ പറഞ്ഞു.
ഒന്റാരിയോയിലെ നഴ്സുമാരും ഡോക്ടര്‍മാരും മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരും മാസങ്ങളായി തങ്ങള്‍ അനുഭവിക്കുന്ന പ്രതിസന്ധിയെ കുറിച്ച് ഫോര്‍ഡ് സര്‍ക്കാറിനെ അറിയിക്കുന്നുണ്ടെന്ന് ഫ്രേസര്‍ പറഞ്ഞു.
സ്ഥിതി വളരെ ഗുരുതരമാണെന്നും ആളുകള്‍ക്ക് ആവശ്യമായ പരിചരണം നല്കാന് മതിയായ ആളുകളില്ലെന്ന പ്രശ്നമുണ്ടെന്നും സാധാരണത്തേതിന്റെ ഇരട്ടിയാണ് ജോലി ഉപേക്ഷിക്കുന്ന നഴ്സുമാരുടെ എണ്ണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ എല്ലാ പ്രവിശ്യകളും ഇത്തരം സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെന്നാണ് ഫോര്‍ഡ് പറഞ്ഞത്. ഫെഡറല്‍ ഗവണ്മെന്റിനോട് ധനസഹായം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു.
രണ്ട് വര്‍ഷത്തിലേറെയായി കോവിഡ് പ്രതിസന്ധിയില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിട്ടും ശരിയായ നഷ്ടപരിഹാരം ലഭിക്കാത്തതാണ് നിരവധി പേരെ തൊഴില്‍ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത്.