കുടിയേറ്റക്കാര്‍ സൗജന്യങ്ങള്‍ പറ്റാനല്ല വരേണ്ടത്, കഠിനാദ്ധ്വാനം ചെയ്യണം: ഡഗ് ഫോര്‍ഡ്


OCTOBER 20, 2021, 10:49 PM IST

ഒന്റാരിയോ: കുടിയേറ്റത്തെ കുറിച്ചുള്ള തന്റെ അഭിപ്രായത്തിന് മാപ്പ് പറയാന്‍ വിസമ്മതിച്ച ഒന്റാരിയോ പ്രീമിയര്‍ താന്‍ കുടിയേറ്റത്തിന് അനുകൂലമാണെന്ന അഭിപ്രായം രേഖപ്പെടുത്തി. ഒന്റാരിയോ പ്രവിശ്യയിലേക്കുള്ള കുടിയേറ്റക്കാരുടെ വരവിനെ പാവ ശേഖരിക്കാനെത്തുന്നവരെന്ന പ്രീമിയര്‍ ഡഗ് ഫോര്‍ഡിന്റെ പ്രസ്താവനയാണ് വിവാദമായത്. 

ഒന്റാരിയോ ടെകുംസയിലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ പ്രവിശ്യയില്‍ തൊഴിലാളി ക്ഷാമമുണ്ടെന്നും ജോലി ചെയ്യാന്‍ ഒന്റാരിയോയിലേക്ക് വരാന്‍ ആളുകളെ അദ്ദേഹം പ്രേരിപ്പിക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള വ്യത്യസ്ത ആളുകളുടെ ആവശ്യകതയുണ്ടെന്നും കഠിനാധ്വാനികളായ ആളുകള്‍ മാത്രം ഒന്റാരിയോയിലേക്ക് വരാനാണ് താന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് പ്രീമിയര്‍ വ്യക്തമാക്കി. മറ്റെല്ലാ കനേഡിയന്‍മാരേയും പോലെ നിങ്ങള്‍ ഇവിടേക്ക് വരൂവെന്നാവശ്യപ്പെട്ട ഫോര്‍ഡ് സൗജന്യവും ആനുകൂല്യങ്ങള്‍ പറ്റാനും  വരുന്നുവെന്നാണ് കരുതുന്നുവെങ്കില്‍ അത് നടക്കില്ലെന്നും മറ്റെവിടെയെങ്കിലും പോകാമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഡഗ് ഫോര്‍ഡിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ പ്രസ്താവന പിന്‍വലിച്ച് ക്ഷമ പറയണമെന്ന് ആവശ്യം ഉയര്‍ന്നു. പ്രീമിയര്‍ ഒന്റാരിയോക്കാരെ ഭിന്നിപ്പിക്കുകയാണെന്നും ആളുകളെ കൂടുതല്‍ അകറ്റുകയല്ല വേണ്ടതെന്നും ഒന്റാരിയോ ലിബറല്‍ നേതാവ് സ്റ്റീവന്‍ ഡെല്‍ ഡ്യൂക്ക ട്വീറ്റ് ചെയ്തു. കുടിയേറ്റക്കാരുടെ മകനെന്ന നിലയില്‍ തന്റെ മാതാപിതാക്കളെ പോലുള്ളവര്‍ ഒന്റാരിയോ പണിയാന്‍ സഹായിച്ചതെങ്ങനെയെന്ന് തനിക്ക് നേരിട്ട് അറിയാമെന്നും തന്റെ അഭിപ്രായങ്ങള്‍ക്ക് ഡഗ് ഫോര്‍ഡ് ക്ഷമ പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കുടിയേറ്റക്കാരെ അവഹേളിക്കുന്ന സ്റ്റീരിയോടൈപ്പ് അഭിപ്രായങ്ങളാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നാണ് ഒന്റാരിയോ എന്‍ ഡി പി നേതാവ് ആന്‍ഡ്രിയ ഹോര്‍വാര്‍ത്ത് പറഞ്ഞത്. എന്നാല്‍ പുതുമുഖങ്ങള്‍ കഠിനാധ്വാനികളെല്ലെന്നാണ് ഒന്റാരിയോ ഗ്രീന്‍ പാര്‍ട്ടി നേതാവ് മൈക്ക് ഷ്രൈനര്‍ പറഞ്ഞത്. 

വിവേചനപരമായ അഭിപ്രായങ്ങളില്‍ ഫോര്‍ഡ് ക്ഷമ ചോദിക്കണമെന്ന് എന്‍ ഡി പി ആവശ്യപ്പെട്ടെങ്കിലും അത് ചെയ്യാന്‍ തയ്യാറാകാതിരുന്ന ഡഗ് ഫോര്‍ഡ് താന്‍ കുടിയേറ്റ അനുകൂലിയാണെന്നു മാത്രം പറഞ്ഞു. ആദ്യനാള്‍ മുതല്‍ താന്‍ കുടിയേറ്റത്തിന് അനുകൂലമാണെന്നും 290,000 ആളുകളുടെ കുറവ് തങ്ങള്‍ അനുഭവിക്കുന്നതായും ആളുകളെ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ച ഒരേയൊരു സര്‍ക്കാര്‍ തന്റേതാണെന്നും അദ്ദേഹം അറിയിച്ചു.

Other News