സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള പി സി ആര്‍ പരിശോധന പണം പാഴാക്കുന്ന പരിപാടിയെന്ന് വിദഗ്ധര്‍


JANUARY 14, 2022, 11:53 PM IST

ടോറന്റോ: കാനഡയിലെത്തുന്ന യാത്രക്കാരില്‍ സര്‍ക്കാര്‍ ധനസഹായത്തോടെ നടത്തുന്ന പി സി ആര്‍ പരിശോധനകള്‍ ലക്ഷക്കണക്കിന് ഡോളര്‍ പാഴാക്കുന്ന പരിപാടിയാണെന്ന അഭിപ്രായവുമായി വിദഗ്ധര്‍. യാത്ര പുറപ്പെടുന്നതിന് മുമ്പ് പി സി ആര്‍ പരിശോധന നടത്തിയ വിമാനം കയറുന്ന യാത്രക്കാരെ സര്‍ക്കാര്‍ ചെലവില്‍ കാനഡയില്‍ ഇറങ്ങിയ ഉടന്‍ വീണ്ടും പരിശോധന നടത്തുമ്പോള്‍ പോസിറ്റീവ് കേസുകള്‍ കണ്ടെത്താന്‍ സാധ്യത കുറവാണെന്നാണ് ഇവരുടെ അഭിപ്രായം. 

ദിവസേന ആയിരക്കണക്കിന് യാത്രക്കാരെ സര്‍ക്കാര്‍ ചെലവില്‍ പരിശോധിക്കുന്നതിന് പകരം ഒമിക്രോണ്‍ വകഭേദത്തെ നേരിടാന്‍ ആ പണം ഉപയോഗപ്പെടുത്തണമെന്നാണ് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. നിലവില്‍ ചില പ്രവിശ്യകൡ കോവിഡിനെ തുടര്‍ന്നുള്ള ആശുപത്രി പ്രവേശനം ആശങ്കാജനകമായ വിധത്തില്‍ വര്‍ധിക്കുകയാണ്. 

കോവിഡ് എല്ലായിടത്തും വ്യാപിക്കുന്നതിനാല്‍ യാത്ര ചെയ്‌തെത്തുന്നവരല്ല അതിന്റെ ഉറവിടമെന്ന് തിരിച്ചറിയണമെന്ന് ടൊറന്റോ സര്‍വകലാശാലയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. ഡേവിഡ് കാര്‍ പറഞ്ഞു. ആളുകള്‍ എത്തിച്ചേരുമ്പോള്‍ പി സി ആര്‍ പരിശോധന ആവര്‍ത്തിക്കുന്നത് വിഭവങ്ങള്‍ നന്നായി ആവശ്യമുള്ളിടത്തു ചെലവഴിക്കുന്നതില്‍ നിന്നുള്ള വ്യതിചലനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

അന്തര്‍ദേശീയ യാത്രക്കാര്‍ കാനഡയിലെത്തുന്നതിനു മുമ്പുതന്നെ അവരുടെ പണം മുടക്കി പരിശോധന നടത്തിയ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നുണ്ട്. വാക്‌സിനേഷന്‍ എടുക്കാത്ത യാത്രക്കാര്‍ എത്തിച്ചേരുമ്പോള്‍ പി സി ആര്‍ പരിശോധന നിര്‍വഹിക്കണം. പൂര്‍ണമായും വാക്‌സിനെടുത്തവരില്‍ നിന്നും ചിലരെ തെരഞ്ഞെടുത്തും പരിശോധന നടത്താറുണ്ട്. 

പൂര്‍ണമായി വാക്‌സിനേഷനെടുത്ത യാത്രക്കാരുടെ പരിശോധന കഴിഞ്ഞ മാസം സര്‍ക്കാര്‍ ചെയ്തു തുടങ്ങി. പ്രതിദിനം ഇരുപതിനായിരത്തിലേറെ പേരെ പരിശോധിക്കാനുള്ള ശേഷിയാണുള്ളത്. കാനഡയിലെ പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സി നല്കുന്ന വിവര പ്രകാരം കാനഡയിലെത്തുന്ന എല്ലാ അന്തര്‍ദേശീയ യാത്ര്കകാര്‍ക്കും ഓട്ടവ പരിശോധനയ്ക്കായി പണം നല്കുന്നുണ്ട്. പരിശോധനയ്ക്ക് 143 മുതല്‍ 188 ഡോളര്‍ വരെയാണ് വിലയാകുന്നത്. 

കാനഡയിലുടനീളം ഒമിക്രോണ്‍ വകഭേദം കുതിച്ചുയരുന്നുണ്ടെങ്കിലും യാത്രക്കാര്‍ വന്‍തോതില്‍ വരുന്നതിനാല്‍ പരിശോധയ്ക്കുള്ള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധത തുടരുമെന്ന് ആരോഗ്യമന്ത്രി ജീന്‍ യെവ്‌സ് ഡുക്ലോസ് പറഞ്ഞു. അതിര്‍ത്തികളില്‍ നിന്നും ഒമിക്രോണ്‍ കേസുകള്‍ എത്തിച്ചേരുന്നത് കഴിയുന്നത്ര കുറവാണെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഏറ്റവും പുതിയ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഡിസംബര്‍ 19 മുതല്‍ 25 വരെയുള്ള ആഴ്ചയില്‍ കാനഡയില്‍ പ്രവേശിച്ച ശേഷം വാക്‌സിനെടുത്ത 104,596ലേറെ യാത്രക്കാരില്‍ രണ്ട് ശതമാനത്തിലധികം പേര്‍ പോസിറ്റീവായിട്ടുണ്ട്. ആ ആഴ്ചയില്‍ വാക്‌സിനേഷനെടുക്കാത്ത 19154 യാത്രക്കാരില്‍ മൂന്നു ശതമാനം പോസിറ്റീവാണെന്ന് കണ്ടെത്തി. 

അതേസമയം കാനഡയിലുടനീളം ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുകയും പ്രവിശ്യകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലെത്തുകയും ചെയ്തു. ആല്‍ബര്‍ട്ടയിലും മാനിറ്റോബയിലും നിരക്ക് 40 ശതമാനത്തിനടുത്തോ അതില്‍ കൂടുതലോ ആയി ഉയര്‍ന്നു. കോവിഡ് പി സി ആര്‍ പരിശോധനകളുടെ ആവശ്യം വളരെ കൂടുതലാണെങ്കിലും ചില പ്രവിശ്യകള്‍ ആ പരിശോധനകള്‍ ചില വ്യക്തികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യപരിപാന തൊഴിലാളികള്‍, രോഗലക്ഷണങ്ങളുള്ള ഉയര്‍ന്ന അപകട സാധ്യതയുള്ളവര്‍ തുടങ്ങിയവരാണവര്‍. 

അന്താരാഷ്ട്ര യാത്രക്കാര്‍ രണ്ട് പി സി ആര്‍ പരിശോധനകള്‍ നടത്തണമെന്ന് ആവശ്യപ്പെടുന്നതിന് പകകരം എത്തിച്ചേരുന്നതിന് 72 മണിക്കൂര്‍ മുമ്പും എത്തിച്ചേരുമ്പോള്‍ ഒന്നും എന്ന രീതിയിലേക്ക് മാറ്റിയാല്‍ ആവശ്യങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനാവും. യാത്രക്കാര്‍ വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പ് ദ്രുത ആന്റിജന്‍ പരിശോധനയും നിര്‍ബന്ധമാക്കണം. പി സി ആര്‍ പരിശോധനകള്‍ കൂടുതല്‍ കൃത്യതയുള്ളതാകാമെങ്കിലും ആന്റിജന്‍ ടെസ്റ്റുകള്‍ വില കുറഞ്ഞ പരിശോധനയാണ്. ലാബിലേക്ക് അയക്കാതെ മിനിട്ടുകള്‍ക്കുള്ളില്‍ ഫലം ലഭ്യമാവുകയും ചെയ്യും. പി സി ആര്‍ പരിശോധനകള്‍ക്ക് ചിലപ്പോള്‍ യാത്രക്കാര്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരും.

Other News