വൈറസിനൊപ്പം ജീവിക്കാന്‍ പഠിക്കാന്‍ സമയമായെന്ന് വിദഗ്ധര്‍


JANUARY 10, 2022, 11:47 PM IST

ടൊറന്റോ: ഒമിക്രോണ്‍ വകഭേദത്തിന്റെ മിന്നല്‍ വേഗത്തിലുള്ള വ്യാപനത്തെ തുടര്‍ന്ന് കോവിഡിനോടുള്ള സമീപനത്തെ പുനര്‍വിചിന്തനം ചെയ്യണമെന്ന നിലപാടുമായി ഉന്നത പൊതുജനാരോഗ്യ ഉദ്യോഗസ്ഥരില്‍ ചിലര്‍. കാനഡക്കാര്‍ വൈറസിനൊപ്പം ജീവിക്കാന്‍ ശീലിക്കണമെന്നാണ് അഭിപ്രായം ഉയരുന്നത്. നോവ സ്‌കോട്ടിയ ആരോഗ്യ വിഭാഗം ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. റോബര്‍ട്ട് സ്ട്രാങാണ് അതിലൊരാള്‍. 

കോവിഡിന് കാരണമാകുന്ന വൈറസ് നമ്മോടൊപ്പമുണ്ടാകുമെന്ന് പറയുകയും അംഗീകരിക്കുകയും വേണ്ടിവരുമെന്നാണ് സി ബി സിയുടെ ദി ഹൗസില്‍ കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. 

വാക്‌സിനേഷനേയും അണുബാധയില്‍ നിന്നുള്ള പ്രതിരോധ ശേഷിയേയും അടിസ്ഥാനമാക്കി കോവിഡിനെ മാനേജ് ചെയ്യുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു. 

കോവിഡ് ആരംഭിച്ചതിന് ശേഷം രണ്ടു വര്‍ഷമായി സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന സമീപനത്തില്‍ നിന്നുള്ള പ്രധാനപ്പെട്ട വ്യതിയാനമാണിത്. വാക്‌സിന്റെ ശക്തിയിലാണ് ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതെങ്കിലും ഒമിക്രോണ്‍ വ്യാപകമായതിനാല്‍ അതിനെ ഒഴിവാക്കാന്‍ സാധ്യമല്ലെന്ന കാര്യം എല്ലാവരും തിരിച്ചറിയണമെന്നും സ്ട്രാങ് പറഞ്ഞു. 

പ്രായം എത്രയായാലും പുറത്തും ചുറ്റിലും സമൂഹത്തിലുമൊക്കെ ഇടപെടുന്നതിനാല്‍ കോവിഡ് വരാന്‍ സാധ്യതയുണ്ടെന്ന യാഥാര്‍ഥ്യം അംഗീകരിക്കുയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

സ്ട്രാങ് മാത്രമല്ല, ന്യൂഫൗണ്ട്‌ലാന്റിനേലുയം ലാബ്രഡോറിലേയും ആരോഗ്യ രംഗത്തെ ഉന്നതര്‍ ഇതേ അഭിപ്രായം തന്നെയാണ് പങ്കുവെച്ചത്. 

വലിയ പകര്‍ച്ച വ്യാധിയാണിതെന്നും മിക്കവര്‍ക്കും ഈ രോഗം വരുമെന്നും അതുകൊണ്ടുതന്നെ ആരോഗ്യ സംവിധാനത്തിന് അത്തരം സമ്മര്‍ദ്ദം നേരിടാനാവില്ലെന്നും ഡോ. ജാനിസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് പറഞ്ഞു. അതുകൊണ്ടുതന്നെ പരമാവധി വ്യാപനം തടയുന്നതിനെയും നിയന്ത്രിക്കുന്നതിനേയും കുറിച്ചാണ് ആലോചിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് ഈ ആഴ്ച ആരോഗ്യ നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിച്ചിരുന്നു. ക്ലാസുകള്‍ രണ്ടാഴ്ചത്തേക്ക് ഓണ്‍ലൈനായി മാറ്റുകയും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ താത്ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു. ഒമിക്രോണ്‍ വ്യാപനത്തിന്റെ വേഗത കഴിയുന്നത്ര കുറക്കാനാണ് ഈ നടപടികളിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ജനസംഖ്യാ പ്രതിരോധ ശേഷിയിലൂടെ ആളുകളെ ജീവിതം മുമ്പോട്ടു കൊണ്ടുപോകാന്‍ അനുവദിക്കുമെന്നാണ് സ്ട്രാങ് പറുന്നത്. കോവിഡിന്റെ ആഘാതങ്ങള്‍ പരിമിതപ്പെടുത്തുകയാണ് വേണ്ടത്. 

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് നിലവില്‍ കാനഡയിലുള്ളത്. ഏകദേശം 85 ശതമാനം പേര്‍ ഒരു ഡോസ് വാക്‌സിനും 78 ശതമാനം പേര്‍ രണ്ടു ഡോസ് വാക്‌സിനുമെടുത്തിട്ടുണ്ട്. യോഗ്യരായ ജനസംഖ്യയുടെ നാലിലൊന്ന് പേര്‍ക്ക് ബൂസ്റ്റര്‍ ഡോസും ലഭ്യമായിട്ടുണ്ട്. 

ഇങ്ങനെയാണെങ്കിലും വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിന്നടത്താണ് സര്‍ക്കാരുകളുള്ളത്. ക്യൂബെക്കില്‍ രാത്രികാല കര്‍ഫ്യൂ വീണ്ടും വന്നിട്ടുണ്ട്. പല പ്രവിശ്യകളിലും സ്‌കൂളിലേക്കുള്ള മടങ്ങിവരവ് വൈകി. രാഷ്ട്രീയക്കാര്‍ അവരുടെ സാമൂഹിക സമ്പര്‍ക്കങ്ങള്‍ പരിമിതപ്പെടുത്താനും സാമൂഹിക അകലം, മാസ്‌ക് എന്നിവ പോലുള്ളവ പിന്തുടരാനും ഓര്‍മിപ്പിക്കുന്നുണ്ട്. 

വരാനിരിക്കുന്ന നല്ല നാളുകളുടെ പേരിലാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെങ്കിലും അതൊരു വിദൂര സ്വപ്‌നമാണെന്ന തോന്നല്‍ പലര്‍ക്കുമുണ്ട്. 

Other News