അനധികൃത കൈത്തോക്ക് നിയന്ത്രണത്തിന് മുന്‍സിപ്പാലിറ്റികളെ ചുമതലപ്പെടുത്താന്‍ ഫെഡറല്‍ സര്‍ക്കാര്‍


OCTOBER 14, 2020, 7:02 AM IST

ഓട്ടവ: കൈത്തോക്കുകള്‍ നിരോധിക്കാനുള്ള അധികാരം മുനിസിപ്പാലിറ്റികള്‍ക്ക് അനുവദിക്കാനുള്ള പദ്ധതികളുമായി ഫെഡറല്‍ സര്‍ക്കാര്‍. പ്രാദേശിക തോക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതില്‍ പല നഗരങ്ങള്‍ക്കും താത്പര്യമില്ലാത്ത അവസ്ഥയാണുള്ളത്. 

ലിബറലുകള്‍ തെരഞ്ഞെടുപ്പ് വാഗ്ദാനമായി മുന്നോട്ടു വെച്ചതില്‍ തോക്ക് നിയന്ത്രണമുണ്ടായിരുന്നു. പ്രാദേശിക കൈത്തോക്കുകള്‍ മുതല്‍ സൈനിക രീതിയിലൂള്ള ആക്രമണ റൈഫിളുകള്‍ വരെ നിരോധിക്കുമെന്ന് സര്‍ക്കാര്‍ തെരഞ്ഞെടുപ്പു കാലത്ത് പൊതുജനങ്ങള്‍ക്ക് വാഗ്ദാനം നല്കിയിരുന്നു. പ്രസ്തുത വാഗ്ദാനത്തിന്റെ ഒരു ഭാഗം ഈ വര്‍ഷം നിലവില്‍ വന്നിരുന്നു. 

മുന്‍സിപ്പാലിറ്റികളുടേയോ പ്രവിശ്യാ സര്‍ക്കാരുകളുടേയോ സഹകരണമില്ലാതെ നിരോധനം എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ വ്യക്തത ഫെഡറല്‍ സര്‍ക്കാര്‍ വരുത്തിയിരുന്നില്ല. എങ്കിലും കൈത്തോക്ക് നിരോധനം ഉള്‍പ്പെടെ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഒന്റാരിയോ, ആല്‍ബര്‍ട്ട പ്രവിശ്യകള്‍ പ്രാദേശിക കൈത്തോക്കുകള്‍ നിരോധിക്കുന്നതിനെ എതിര്‍ത്ത് രംഗത്തു വന്നിട്ടുണ്ട്. പക്ഷേ, എന്താണ് ചെയ്യുകയെന്ന കാര്യം വിശദീകരിച്ചിട്ടില്ല. 

അതേസമയം തോക്ക് ആക്രമണവുമായി ബന്ധപ്പെട്ട് പ്രശ്‌നത്തിലായ നഗരങ്ങളിലെ പ്രാദേശിക സര്‍ക്കാരുകള്‍ പോലും തോക്ക് നിയന്ത്രണ വിഷയം ഏറ്റെടുക്കാന്‍ വിമുഖത കാണിക്കുകയാണ്. ടോറന്റോ മേയര്‍ ജോണ്‍ ടോറി മുന്‍സിപ്പല്‍തല കൈത്തോക്ക് നിരോധനത്തെ ആദ്യം അനുകൂലിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ദേശീയ നിരോധനത്തിനാണ് ആഹ്വാനം ചെയ്യുന്നത്. പ്രാദേശിക കൈത്തോക്ക് നിരോധനം പിന്തുടരാമെന്ന പക്ഷമാണ് വാന്‍കൂവര്‍ മേയര്‍ക്കുള്ളതെങ്കിലും ഒക്ടോബര്‍ 24ന് നടക്കുന്ന പ്രവിശ്യാ തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചാണ് അവരുടെ അഭിപ്രായത്തിന് പ്രാമുഖ്യം ലഭിക്കുക. 

തോക്ക് നിരോധനവുമായി ബന്ധപ്പെട്ട അഭിമുഖത്തിനുള്ള അഭ്യര്‍ഥന പൊതുസുരക്ഷാ മന്ത്രി ബില്‍ ബ്ലെയര്‍ നിരസിച്ചെങ്കിലും മുന്‍സിപ്പല്‍, പ്രൊവിന്‍ഷ്യല്‍, ടെറിറ്റോറിയല്‍ സര്‍ക്കാരുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഓട്ടവ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി മേരി ലിസ് പവര്‍ അറിയിച്ചു. തങ്ങളുടെ അധികാര പരിധിയിലെ നിയന്ത്രിത ആയുധങ്ങളുടെ സംഭരണവും ഉപയോഗവും നിയന്ത്രിക്കാന്‍ പുതിയ നിലപാടുകള്‍ പ്രവിശ്യാ സര്‍ക്കാരുകളെ അനുവദിക്കുന്നതായും അവര്‍ അഭിപ്രായപ്പെട്ടു. 

രാജ്യത്തെ സമൂഹങ്ങള്‍ തോക്ക് ആക്രമണവുമായി ബന്ധപ്പെട്ട വ്യത്യസ്തമായ യാഥാര്‍ഥ്യങ്ങളെയാണ് അഭിമുഖീകരിക്കുന്നതെന്നും പ്രസ് സെക്രട്ടറിയുടെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. 

എന്നാല്‍ എങ്ങനെയാണ് ഇത് കൈകാര്യം ചെയ്യേണ്ടത് എന്ന വിവരങ്ങളോ പ്രവിശ്യാ സര്‍ക്കാരുകളില്‍ നിന്നുള്ള എതിര്‍പ്പുകളെ വിലയിരുത്തലുകളോ ഇതിലില്ല. 

കാനഡയില്‍ ഏറ്റവും കൂടുതല്‍ തോക്ക് ആക്രമണം നടക്കുന്ന പ്രവിശ്യയാണ് സസ്‌കാച്ചെവന്‍. കുറ്റകൃത്യങ്ങള്‍ തടയുന്ന പദ്ധതികള്‍ക്ക് പിന്തുണ നല്കുന്നതോടൊപ്പം അനധികൃത തോക്ക് വില്‍പ്പന ലക്ഷ്യമിടുന്നതിനുള്ള ഫെഡറല്‍ ശ്രമങ്ങളെ തങ്ങള്‍ പിന്തുണക്കുന്നതായി സസ്‌കാച്ചെവന്‍ നയമന്ത്രി ക്രിസ്റ്റിന്‍ ടെല്‍ പറഞ്ഞു. എന്നാല്‍ ഒക്ടോബര്‍ 26ന് പ്രവിശ്യാ തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലമാണിത്. 

ഫെഡറല്‍ തോക്ക് നിരോധനത്തെ തങ്ങളുടെ പാര്‍ട്ടി എതിര്‍ക്കുന്നുണ്ടെന്നും നിയമം അനുസരിക്കുന്ന തോക്കുടമകളെ കൂടി അത് ലക്ഷ്യമിടുന്നുണ്ടെന്നും ക്രിസ്റ്റിന്‍ ടെല്‍ പ്രസ്താവനയില്‍ പറഞ്ഞു. നിയമാനുസൃത തോക്ക് ഉടമകളുടെ അവകാശങ്ങള്‍ പരിരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനാണ് സമീപകാല പ്രവിശ്യാ നിയമനിര്‍മാണം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും തോക്കുകളും കൈത്തോക്കുകളും നിരോധിക്കാന്‍ മുന്‍സിപ്പാലിറ്റികള്‍ക്ക് പരിമിതികളുണ്ടാകുമെന്നും ടെല്‍ പ്രസ്താവനയില്‍ പറയുന്നു. 

കൈത്തോക്കുകള്‍ നിരോധിക്കാനുള്ള അധികാരം പ്രവിശ്യയിലെ പ്രാദേശിക സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്നില്ലെന്നാണ് സസ്‌കാച്ചെവന്‍ മുന്‍സിപ്പാലിറ്റി പ്രസിഡന്റ് ഗോര്‍ഡന്‍ ബാര്‍ന്‍ഹാട്ട് പറഞ്ഞത്. ഇക്കാര്യത്തെ കുറിച്ച് ഫെഡറല്‍ സര്‍ക്കാര്‍ മുന്‍സിപ്പാലിറ്റികളുമായി ആലോചിച്ചിട്ടുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതോടൊപ്പം പ്രവിശ്യാ നിയമനിര്‍മാണം നടത്തിയ സസ്‌കാച്ചെവന്‍ സര്‍ക്കാറിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. 

ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ആല്‍ബര്‍ട്ട് നീതിന്യായ മന്ത്രി കായ്‌സി മഡു തയ്യാറായില്ല. എന്നാല്‍ മുന്‍സിപ്പല്‍ കൈത്തോങ്ങ് നിരോധനത്തിനുള്ള ഫെഡറല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ പ്രവിശ്യ എതിര്‍ക്കുന്നതായും ഓട്ടവയില്‍ നിന്നുള്ള അതിക്രമവും ഉപദ്രവവുമാണിതെന്നുമുള്ള പ്രസ്താവനയെ എങ്ങനെ പ്രതികരിക്കണമെന്ന് പരിശോധിക്കുമെന്നും അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി ബ്ലെയ്‌സ് ബോഹ്മര്‍ പ്രസ്താവനയില്‍ അറിയിച്ചു. മുന്‍സിപ്പാലിറ്റികള്‍ പ്രവിശ്യയുടെ പ്രത്യേക അധികാര പരിധിയാണെന്നു ഭരണഘടന വ്യക്തമാക്കുന്നതിനാല്‍ ഇത്തരം നിരോധനത്തിന് ആല്‍ബര്‍ട്ടയിലെ മുന്‍സിപ്പാലിറ്റികളില്‍ നിയമ പിന്തുണയുണ്ടാവില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. ടോറന്റോ ഡൗണ്‍ ടൗണിനായി രൂപകല്‍പ്പന ചെയ്ത നയങ്ങള്‍ക്ക് ആല്‍ബര്‍ട്ടയില്‍ പ്രസക്തിയില്ലെന്നും അവര്‍ പറഞ്ഞു. 

പ്രാദേശിക കൈത്തോക്ക് നിരോധനത്തെ തന്റെ നഗരം പിന്തുണക്കുന്നില്ലെന്നാണ് ബ്രൂക്‌സ് മേയറും ആല്‍ബര്‍ട്ട അര്‍ബന്‍ മുന്‍സിപ്പാലിറ്റീസ് അസോസിയേഷന്‍ പ്രസിഡന്റുമായ ബാരി മോറിഷിത പറഞ്ഞത്. വ്യത്യസ്ത കൈത്തോക്ക് നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചെക്കര്‍ബോര്‍ഡുകള്‍ ഉണ്ടാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

കൈത്തോക്ക് നിരോധനത്തെ നേരത്തെ തന്നെ എതിര്‍ക്കുന്നുണ്ട് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ്. തോക്കുകള്‍ നിരോധിക്കുന്നതിലൂടെ ആക്രമണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന് പ്രവിശ്യ വിശ്വസിക്കുന്നില്ലെന്നാണ് വക്താവ് ജെസ്സി റോബിചൗദ് പറഞ്ഞത്. നിയമപരമായ തോക്കുടമകളെ ലക്ഷ്യമിടുന്ന നിയമം തെരുവുകളിലെ അനധികൃത തോക്കുടമകളില്‍ നിന്നും കുറ്റവാളികളില്‍ നിന്നും സമൂഹത്തെ എങ്ങനെ സംരക്ഷിക്കുമെനന് വിശദീകരിക്കാന്‍ കൂടി പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

പ്രാദേശികമായി തോക്ക് നിരോധിക്കുന്നതിനെ ടോറന്റോ മേയര്‍ നേരത്തെ അനുകൂലിച്ചിരുന്നുവെങ്കിലും നിലവില്‍ ദേശീയ കൈത്തോക്ക് നിരോധനത്തിനാണ് അദ്ദേഹം പിന്തുണ നല്കുന്നത്. അനധികൃത തോക്കുകളുമായി പിടിക്കപ്പെടുന്നവര്‍ക്ക് കര്‍ശന ശിക്ഷാ നടപടികള്‍ നല്കുന്നതിനൊപ്പം അതിര്‍ത്തി കടന്നെത്തുന്ന തോക്കുകള്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പ്രാദേശിക കൈത്തോക്ക് നിരോധനത്തിന് നേരത്തെ വാന്‍കൂവര്‍ മേയര്‍ കെന്നഡി സ്റ്റുവാര്‍ട്ട് പിന്തുണ നല്കിയിരുന്നെങ്കില്‍ നിലവില്‍ അദ്ദേഹം നിലപാട് മാറ്റിയിട്ടുണ്ട്. മുന്‍സിപ്പല്‍ നിരോധനത്തിലൂടെ അനധികൃത കൈക്കോത്ത് നിരോധനം പൂര്‍ണമായി ഏര്‍പ്പെടുത്താനാവില്ലെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം സമീപ നഗരങ്ങളില്‍ നിയമം ഒരുപോലെയല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാകുമെന്നും നിയമത്തിന് വിലയില്ലാത്ത അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

ദേശീയ നിയമ നിര്‍മാണമാണ് മികച്ചതെന്നും അതിന് സാധ്യമല്ലെങ്കില്‍ മാത്രം നഗരങ്ങള്‍ക്ക് അധികാരം നല്കുന്നത് പരിഗണിച്ചാല്‍ മതിയെന്നുമാണ് സ്റ്റുവാര്‍ട്ടിന്റെ അഭിപ്രായം. കൈത്തോക്കുകളുടെ ഉപയോഗം പരിമിതമാണെന്നും നിയമപാലകര്‍ക്കു മാത്രം അത് അനുവദിക്കുകയുമാണ് വേണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. 

മുന്‍സിപ്പല്‍ കൈത്തോക്ക് നിയന്ത്രണ നിയമത്തെ പിന്തുണക്കുന്നതായാണ് ബ്രിട്ടീഷ് കൊളംബിയ പ്രീമിയര്‍ ജോണ്‍ ഹൊര്‍ഗാന്റെ വക്താവ് അറിയിച്ചത്. ഒക്ടോബര്‍ 24ന് ഇവിടെ പ്രവിശ്യാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. കൈത്തോക്ക് നിരോധനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടുകളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു. 

ഫെഡറല്‍, പ്രൊവിന്‍ഷ്യല്‍, മുന്‍സിപ്പല്‍ അധികാര പരിധികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ് ഇക്കാര്യത്തില്‍ നല്ല വഴിയെന്ന് താന്‍ കരുതുന്നതായും ഹൊര്‍ഗാന്‍ പറഞ്ഞു. കൈത്തോക്കുള്ളവരില്‍ നിന്നും അവയുടെ പ്രവര്‍ത്തനെ കുറിച്ചും അവയുടെ ഉപയോഗവും എന്തിനാണ് കൈവശം വെച്ചതെന്നും സുരക്ഷിത രീതിയില്‍ ഉപയോഗിക്കുന്നുവെന്നുമുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ഉറപ്പാക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. 

നിലവിലെ തോക്ക് നിയമങ്ങള്‍ പര്യാപ്തമാണെന്നാണ് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് മുന്‍ ഉദ്യോഗസ്ഥനും ബ്രിട്ടീഷ് കൊളംബിയയിലെ ലിബറല്‍ സ്ഥാനാര്‍ഥിയുമായ മൈക്ക് മോറിസ് പറഞ്ഞത്. കാനഡയിലെ നിയമങ്ങല്‍ വ്യക്തവും പൊലീസ് അന്വേഷണത്തിന് ഉതകുന്നതും കുറ്റവാളികളെ വിചാരണ ചെയ്യാന്‍ പര്യാപ്തവുമാണെന്നും അദ്ദേഹം വിശദീകരിച്ചു. 

പ്രാദേശികമായി കൈത്തോക്ക് നിരോധിക്കുന്നത് അര്‍ഥവത്താകില്ലെന്ന പക്ഷക്കാരനാണ് തോക്ക് നിയന്ത്രണ ഗ്രൂപ്പായ പോളിസെ സോവിന്റ് കോ ഓര്‍ഡിനേറ്റര്‍ ഗെയ്ദി രത്ജന്‍. രാജ്യത്തുടനീളം ആയുധങ്ങള്‍ നിരോധിക്കുകയാണ് ഫലപ്രദമായ സമീപനമെന്നും അവര്‍ ചൂണ്ടിക്കാട്ടി. കൈത്തോക്ക് നിരോധനത്തെ കനേഡിയന്‍മാരില്‍ ഭൂരിപക്ഷവും പിന്തുണക്കുന്നുണ്ടെന്നാണ് വോട്ടെടുപ്പ് സൂചിപ്പിക്കുന്നതെന്നും അവര്‍ വിശദീകരിച്ചു. കഴിഞ്ഞ ദശാബ്ദത്തെ അപേക്ഷിച്ച് ആയുധങ്ങളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. അതുകൊണ്ടുതന്നെ മുന്‍സിപ്പല്‍ കൈത്തോക്ക് നിയന്ത്രണം ഫലപ്രദമാകില്ലെന്നും അവര്‍ പറഞ്ഞു. 

മുന്‍സിപ്പാലിറ്റികളോ പൊലീസ് സേനയോ തോക്ക് നിയന്ത്രണ സംഘടനകളോ മുന്‍സിപ്പല്‍ നിരോധനം ആവശ്യപ്പെട്ടിട്ടില്ലെന്നും ലിബറലുകള്‍ കൈത്തോക്ക് വിഷയത്തില്‍ എന്തെങ്കിലുമൊക്കെ ചെയ്യുന്നുവെന്ന തോന്നിപ്പിക്കല്‍ മാത്രമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടി. 

പ്രവിശ്യാ സര്‍ക്കാരുകള്‍ക്കല്ലാതെ മുന്‍സിപ്പാലിറ്റികള്‍ക്ക് തോക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഫെഡറല്‍ സര്‍ക്കാറിന് നല്കാന്‍ സാധിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് ഓട്ടവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ അഭിഭാഷകന്‍ സോളമന്‍ ഫ്രീഡ്മാന്‍ പറഞ്ഞു. മാത്രമല്ല, ചില പ്രവിശ്യകള്‍ ഇതിനെ നിയമപരമായി വെല്ലുവിളിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനാപരമായ പരിഹാരങ്ങളില്ലാതെ ഫെഡറല്‍ സര്‍ക്കാരും പ്രവിശ്യകളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കായിരിക്കും കാര്യങ്ങളെത്തിക്കുകയെന്നും നേട്ടങ്ങളേക്കാള്‍ കൂടുതല്‍ കോട്ടങ്ങളായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. മാത്രമല്ല ദേശീയ തലത്തിലോ പ്രാദേശിക തലത്തിലോ കൈത്തോക്ക് നിരോധനം നടപ്പാക്കിയതുകൊണ്ട് അമേരിക്കയില്‍ നിന്നും കാനഡയിലേക്ക് കടത്തുന്ന തോക്കുകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ മാറ്റമുണ്ടാകില്ലെന്നും ഫ്രീഡ്മാന്‍ പറഞ്ഞു. മാത്രമല്ല, നിയമപരമായി വാങ്ങുന്ന തോക്കുകള്‍ക്ക് കണക്കുകളുണ്ടാകുമെങ്കിലും കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന തോക്കുകള്‍ ഈ ഗണത്തില്‍ പെടാത്തതിനാല്‍ അവയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങളുണ്ടാവില്ലെന്നും ഫ്രീഡ്മാന്‍ വിശദീകരിക്കുന്നു.

Other News